ഇറാന്‍ ഗ്രാനൈറ്റ് പാറകള്‍ക്കടിയില്‍ ഒളിപ്പിച്ചത്; തലപുകച്ച് ട്രംപ്, പിക്കാക്‌സ് 100 മീറ്റര്‍ താഴെ
ഇറാന്‍ ആണവായുധം നിര്‍മിക്കാന്‍ സാധ്യതയുണ്ട് എന്ന് ഏറെ കാലമായി ഇസ്രായേലും അമേരിക്കയും പറയുന്നു. യുറേനിയം സമ്പുഷ്ടീകരിക്കുന്നത് ഊര്‍ജ ആവശ്യങ്ങള്‍ക്കാണ് എന്നാണ് ഇറാന്റെ വാദം. ഇക്കാര്യം അമേരിക്കയും ഇസ്രായേലും വിശ്വസിക്കുന്നില്ല. ബറാക് ഒബാമ പ്രസിഡന്റായിരുന്ന വേളയില്‍ അമേരിക്കയും ഇറാനും തമ്മില്‍ ആണവ കരാര്‍ ഒപ്പുവയ്ക്കുകയും സംഘര്‍ഷം ഒഴിവാക്കാന്‍ ധാരണയാകുകയും ചെയ്തിരുന്നു.
ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ ഒബാമയുടെ കാലത്ത് ഒപ്പുവച്ച ആണവ കരാര്‍ റദ്ദാക്കി. ഇറാനെതിരായ ഉപരോധം പുനസ്ഥാപിച്ചു. കഴിഞ്ഞ വര്‍ഷം ഇസ്രായേലും ഇറാനും തമ്മില്‍ ആക്രമണം നടത്തിയ വേളയില്‍ ഇറാനിലെ നതാന്‍സ് ആണവ കേന്ദ്രം ആക്രമിച്ചിരുന്നു. പിന്നാലെ ഇറാന്‍ തന്ത്രം മാറ്റി. അതാണ് അമേരിക്കയെ ഉറക്കം കെടുത്തുന്നത്.

ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ നിന്ന് ഏകദേശം 225 കിലോമീറ്റര്‍ തെക്കാണ് നതാന്‍സ്. ഇതിനോട് ചേര്‍ന്നാണ് പിക്കാക്‌സ് മൗണ്ടന്‍. ഈ മലനിരകള്‍ക്ക് താഴെ ഭൂമിക്കടിയില്‍ ഇറാന്‍ പുതിയ ആണവ കേന്ദ്രം നിര്‍മിക്കുന്നുണ്ട്. ഗ്രാനൈറ്റ് പാറകള്‍ 100 മീറ്റര്‍ താഴേക്ക് തുരന്നാണ് രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ കേന്ദ്രം നിര്‍മിക്കുന്നതത്രെ. ഭൂമിക്ക് മുകളിലും താഴേക്കുമായിട്ടാണ് നതാന്‍സ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ പിക്കാക്‌സ് മൗണ്ടന്‍ പൂര്‍ണമായും ഭൂമിക്കടിയിലാണ്.
അമേരിക്കയുടെ കൈവശമുള്ള ശക്തമായ മിസൈലുകള്‍ക്കോ അണുബോംബുകള്‍ക്കോ പോലും തകര്‍ക്കാന്‍ പറ്റാത്ത ആഴത്തിലാണ് ഇറാന്റെ പുതിയ ആണവ കേന്ദ്രം. കോടികള്‍ മുടക്കി യുദ്ധം ചെയ്തിട്ടും ഇറാനെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് അമേരിക്ക നേരിടുന്ന വെല്ലുവിളി. ഈ കേന്ദ്രം ആക്രമിക്കാന്‍ അമേരിക്കക്ക് സാധിക്കില്ലെന്നാണ് സൈനിക വിദഗ്ധര്‍ പറയുന്നത്.
നതാന്‍സ് ആണവ കേന്ദ്രം ഇസ്രായേലിന്റെ ആക്രമണത്തില്‍ തകര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നാണ് തൊട്ടടുത്ത ഗ്രാനൈറ്റ് മലനിരകള്‍ തുറന്ന് പാറക്കെട്ടുകള്‍ക്കടിയില്‍ പുതിയ നിലയം സ്ഥാപിക്കുന്നത്. വ്യോമ പ്രതിരോധ മിസൈല്‍ ബാറ്ററികള്‍, നിരവധി സുരക്ഷാ വേലികള്‍, ഇറാന്‍ സൈന്യത്തില്‍ പ്രത്യേക പരിശീലനം നേടിയ അംഗങ്ങള്‍ എന്നിവയെല്ലാം മറികടന്ന് വേണം പിക്കാക്‌സ് ആണവ കേന്ദ്രത്തിലെത്താന്‍. അമേരിക്കക്ക് നിലവിലെ സാഹചര്യത്തില്‍ ഇത് അസാധ്യമാണ് എന്നാണ് വിലയിരുത്തല്‍. നിലയം ആക്രമിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
യുറേനിയം സമ്പുഷ്ടീകരണത്തിനും സെന്‍ട്രിഫ്യൂജുകള്‍ നിര്‍മിക്കുന്നതിനും സാധ്യമാകുന്ന രീതിയിലാണ് പിക്കാക്‌സ് ആണവ കേന്ദ്രം ഒരുക്കുന്നത്. ഈ നിലയം പൂര്‍ണ സജ്ജമായിട്ടില്ല. അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ നിരീക്ഷകര്‍ക്ക് ഇവിടെ പ്രവേശനം നല്‍കിയിട്ടുമില്ല. ഇറാന് രഹസ്യമായ ഉദ്ദേശങ്ങളുണ്ടെന്ന് വിലയിരുത്താന്‍ കാരണം ഇതൊക്കെയാണ്. അമേരിക്ക ആക്രമിക്കാന്‍ അടുത്തെത്തുകയാണെങ്കില്‍ നിലയം കൂടുതല്‍ ഭൂമിക്കടിയിലേക്ക് ഇറാന്‍ മാറ്റുമോ എന്ന ആശങ്കയും അന്താരാഷ്ട്ര വിദഗ്ധര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹാരം കാണുകയാണ് ഫലം ചെയ്യുകയെന്നും അവര്‍ കരുതുന്നു.


Click it and Unblock the Notifications