എന്നാണ് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍); കേരളത്തിലെയും ഗള്‍ഫിലെയും സാധ്യതകള്‍ അറിയാം
ഇസ്ലാമിക വിശ്വാസി സമൂഹത്തിന്റെ വ്രത ശുദ്ധിയുടെ ദിനങ്ങള്‍ നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. പുതു വസ്ത്രങ്ങളെടുക്കുന്ന തിരക്കിലാണ് ചിലര്‍. നേരത്തെ പുത്തനുടുപ്പുകള്‍ വാങ്ങിവച്ചവരും നിരവധി. രാത്രികള്‍ പ്രാര്‍ഥനാ നിരതരായും പകല്‍ അന്ന പാനീയങ്ങളില്‍ നിന്ന് വിട്ടുനിന്നും കഴിയുകയാണ് വിശ്വാസികള്‍. ഒരു മാസം നീളുന്ന ത്യാഗ ദിനങ്ങള്‍ അവസാനിക്കുന്ന ആഘോഷം കൂടിയാണ് ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്വര്‍.
എന്നാണ് ചെറിയ പെരുന്നാള്‍ എന്ന ചോദ്യം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ പെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലും അവധി ദിനങ്ങളുടെ ദൈര്‍ഘ്യത്തില്‍ മാറ്റമുണ്ട്. കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും ഒരേ ദിനമാകുമോ ഇത്തവണ ഈദുല്‍ ഫിത്വര്‍ എന്ന ചോദ്യവും ഉയരുന്നു. നിലവിലുള്ള സാധ്യതകള്‍ വച്ച് പെരുന്നാള്‍ എന്നാകുമെന്ന് വിശദീകരിക്കാം...

കേരളത്തില്‍ ഏപ്രില്‍ പത്തിന് ചെറിയ പെരുന്നാള്‍ ആകാന്‍ സാധ്യതയുണ്ടെന്നാണ് ചിലര്‍ കരുതുന്നത്. അത് ശരിയാണെങ്കില്‍ റമദാന്‍ 29 ദിവസമേ കാണൂ. ഏപ്രില്‍ ഒമ്പതിന് ചൊവ്വാഴ്ച മാസപ്പിറവി കാണാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കേണ്ടത് ഖാസിമാരാണ്. മാസപ്പിറവി ദൃശ്യമായാല്‍ ഖാസിമാര്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതോടെയാണ് ചെറിയ പെരുന്നാളാകുക.
അടുത്ത തിങ്കളാഴ്ച എട്ടാം തിയ്യതി കറുത്ത വാവ് ആണെന്നും തൊട്ടടുത്ത ദിവസം തെളിഞ്ഞ ആകാശമായതിനാല്‍ ചൊവ്വാഴ്ച വൈകീട്ട് മാസപ്പിറവി കാണാന്‍ സാധ്യതയുണ്ടെന്നുമാണ് ഒരു വിഭാഗം പറയുന്നത്. 5 ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ ആരംഭിച്ച് ഒരു ദിവസം കഴിഞ്ഞാണ് കേരളത്തില്‍ റമദാന്‍ ആരംഭിച്ചത്. കേരളത്തിലും ഒമാനിലും ഒരേ ദിവസമായിരുന്നു റമദാന്‍ വ്രതാരംഭം.
ഗള്‍ഫ് രാജ്യങ്ങളില്‍ എന്നാകും ചെറിയ പെരുന്നാള്‍ എന്ന് കൃത്യമായി പറയാന്‍ ഇപ്പോള്‍ സാധ്യമല്ല. എന്നാല്‍ ഏപ്രില്‍ 10ന് പെരുന്നാളാകാന്‍ സാധ്യതയുണ്ടെന്ന് ഖത്തറിലെയും കുവൈത്തിലെയും ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു. എങ്കിലും ഖത്തറില്‍ മൂണ്‍ സൈറ്റിങ് കമ്മിറ്റിയാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കുക. ഖത്തര്‍ ഭരണകൂടം ഇന്ന് പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏപ്രില്‍ ഏഴ് മുതല്‍ ഖത്തറില്‍ പെരുന്നാള്‍ അവധി ആരംഭിക്കും. ഏപ്രില്‍ 15 വരെയാണ് അവധി. ജീവനക്കാര്‍ ഏപ്രില്‍ 16 ചൊവ്വാഴ്ച മുതല്‍ ജോലിക്ക് ഹാജരാകണം. ഏപ്രില്‍ എട്ട് മുതലാണ് സൗദി അറേബ്യയില്‍ പെരുന്നാള്‍ അവധി ആരംഭിക്കുന്നത്. ആഴ്ചയിലെ അവധി കൂടി ചേര്‍ക്കുമ്പോള്‍ ആറ് ഒഴിവ് ദിവസം ലഭിക്കും. യുഎഇയും അവധി പ്രഖ്യാപിച്ചുകഴിഞ്ഞു.
അതേസമയം, ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 11ന് പെരുന്നാള്‍ ആകാനുള്ള സാധ്യതയുണ്ട്. ചാന്ദ്ര മാസപ്പിറവി കാണുന്നതിന് അനുസരിച്ചാകുമിത്. റമദാന്‍ മാസം പൂര്‍ത്തിയാകുന്ന സന്ധ്യയ്ക്ക് ചാന്ദ്ര മാസപ്പിറവി കാണുന്നതോടെ ശവ്വാല്‍ മാസം ആരംഭിക്കും. ശവ്വാല്‍ ഒന്നിനാണ് ഈദുല്‍ ഫിത്വര്‍ ആഘോഷം. ഈ ദിനത്തില്‍ വിശ്വാസികള്‍ പ്രത്യേക നമസ്‌കാരം നിര്‍വഹിക്കുന്നതിനോടൊപ്പം ദാന ധര്‍മങ്ങളിലും കുടുംബ സന്ദര്‍ശനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും.












Click it and Unblock the Notifications