Get Updates
Get notified of breaking news, exclusive insights, and must-see stories!

'യുഎഇ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ രക്ഷപ്പെട്ടേനെ'... അസദ് പറന്നത് ദുബായിലേക്കോ? മറുപടി ഇങ്ങനെ

ദുബായ്: വിമത സൈന്യം തലസ്ഥാനമായ ദമസ്‌കസ് പിടിച്ചടക്കിയപ്പോള്‍ ഉയരുന്ന ചോദ്യം പ്രസിഡന്റ് ബശ്ശാറുല്‍ അസദ് എവിടെ എന്നതാണ്. വിമതസേന യാതൊരു ചെറുത്തുനില്‍പ്പും നേരിടാതെയാണ് ദമസ്‌കസ് പിടിച്ചടക്കിയത്. ഇതോടെ നഗരത്തിലെത്തിയ ജനക്കൂട്ടം സ്വാതന്ത്ര്യം എന്ന് മുദ്രാവാക്യം മുഴക്കി. സൈനിക ടാങ്കുകള്‍ക്ക് മുകളില്‍ കയറി ആഘോഷിക്കുകയും അസദിന്റെ പ്രതിമ തകര്‍ക്കുകയും ചെയ്യുന്ന ജനങ്ങളുടെ വീഡിയോയും പുറത്തുവന്നു.

സിറിയയിലെ പ്രധാന ജയിലുകളില്‍ കഴിയുന്ന വിമത തടവുകാരെ മോചിപ്പിച്ചു. എല്ലാ തടവുകാരും കൂട്ടത്തോടെ പുറത്തേക്ക് വരികയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് വിമതരെ ബശ്ശാറുല്‍ അസദ് ഭരണകൂടം ജയിലില്‍ അടച്ചിരുന്നു. ഇതിനിടെയാണ് അസദ് യുഎഇയിലേക്ക് രക്ഷപ്പെട്ടോ എന്ന ചോദ്യം ബാക്കിയാകുന്നത്. അതിന് യുഎഇ വിദേശകാര്യ സഹമന്ത്രി പ്രതികരിച്ചതും വലിയ വാര്‍ത്തയായിട്ടുണ്ട്.

assad in uae-1

ടുണീഷ്യന്‍ ഭരണാധികാരി ഓടി രക്ഷപ്പെട്ടു

2010ന് ശേഷമാണ് അറബ് ലോകത്ത് ജനകീയ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. ടുണീഷ്യയിലായിരുന്നു ആരംഭം. അതുകൊണ്ടുതന്നെ മുല്ലപ്പൂ വിപ്ലവം എന്നാണ് അറിയപ്പെട്ടത്. ദിവസങ്ങള്‍ മാത്രം നീണ്ട ജനകീയ സമരത്തെ തുടര്‍ന്ന് ടുണീഷ്യന്‍ പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി രാജ്യം വിടുകയായിരുന്നു. സൗദി അറേബ്യയിലേക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്.

അഫ്ഗാനില്‍ സംഭവിച്ചത്

2021ലാണ് അഫ്ഗാനില്‍ താലിബാന്‍ ഭരണം തിരിച്ചുപിടിച്ചത്. അമേരിക്കന്‍ സൈന്യം രാജ്യം വിടുന്ന സാഹചര്യത്തിലായിരുന്നു അത്. താലിബാന്‍ ഭരണം പിടിക്കുമെന്ന് ഉറപ്പായ വേളയില്‍ അന്നത്തെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിടുകയായിരുന്നു. യുഎഇയിലേക്കായിരുന്നു അദ്ദേഹം രക്ഷപ്പെട്ടത്. നിലവില്‍ യുഎഇയിലാണ് അഷ്‌റഫ് ഗനി. വന്‍തോതില്‍ പണവുമായിട്ടാണ് ഗനി രക്ഷപ്പെട്ടത് എന്നായിരുന്നു വാര്‍ത്തകള്‍.

ശൈഖ് ഹസീനയുടെ കാര്യം

ഈ വര്‍ഷമാണ് ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയതും ഹസീന പുറത്താക്കപ്പെട്ടതും. ജനങ്ങള്‍ ഒഴുകി എത്തിയതോടെ ഹസീന ജീവനുംകൊണ്ട് ഓടി. കാറില്‍ രക്ഷപ്പെടുന്നതും ശേഷം ഹെലികോപ്റ്ററില്‍ കയറുന്നതിന്റെയും വീഡിയോ പുറത്തുവന്നു. ഇന്ത്യയിലേക്കാണ് ഹസീന രക്ഷപ്പെട്ടത്. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ കോപ്റ്ററിലെത്തിയ ഹസീന പിന്നീട് ഡല്‍ഹിയിലേക്ക് താമസം മാറ്റി.

വേറെയുണ്ട് രക്ഷപ്പെട്ടവര്‍

മുല്ലപ്പൂ വിപ്ലവം തുടങ്ങിയ ടുണീഷ്യയില്‍ മാത്രമല്ല, വിപ്ലവം വ്യാപിച്ച ഈജിപ്തിലും ഭരണകൂടം തകര്‍ന്നുവീണിരുന്നു. ഹുസ്‌നി മുബാറകിന്റെ ഏകാധിപത്യത്തിന് ജനീകയ സമരത്തില്‍ അടിതെറ്റി. യമനില്‍ നടന്ന സമരം പ്രസിഡന്റ് അലി അബ്ദുല്ലാ സ്വാലിഹിന്റെ പതനത്തിലാണ് കലാശിച്ചത്. അദ്ദേഹം സൗദിയിലേക്ക് പലായനം ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയെങ്കിലും പിന്നീട് കൊല്ലപ്പെട്ടു.

ബശ്ശാറുല്‍ അസദ് യുഎഇയിലോ

ഈ ഘട്ടത്തിലാണ് ബശ്ശാറുല്‍ അസദ് എവിടെ എന്ന ചോദ്യം. അസദ് രക്ഷപ്പെട്ടുവെന്ന് കരുതുന്ന വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. അദ്ദേഹം റഷ്യയിലേക്ക് പോയി എന്ന് പ്രചാരണമുണ്ട്. കൊല്ലപ്പെട്ടുവെന്നും പറയപ്പെടുന്നു. ബഹ്‌റൈനില്‍ മനാമ സുരക്ഷാ ചര്‍ച്ചയ്‌ക്കെത്തിയ യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷിനോട് വിഷയത്തില്‍ പ്രതികരണം ചോദിച്ചു.

യുഎഇയില്‍ അസദ് ഉണ്ടോ ഇല്ലയോ എന്നൊന്നും തനിക്ക് അറിയില്ല എന്നായിരുന്നു അന്‍വര്‍ ഗര്‍ഗാഷിന്റെ പ്രതികരണം. യുഎഇ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ അദ്ദേഹത്തിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയരുന്നു. ജനങ്ങളുമായി സഹകരിച്ച് എല്ലാത്തിനും പരിഹാരം കാണണമെന്നായിരുന്നു നിര്‍ദേശമെങ്കിലും അദ്ദേഹം ഒന്നും ചെയ്തില്ലെന്നും ഗര്‍ഗാഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+