യുഎഇയില്‍ നിന്ന് ഈത്തപ്പഴം വന്‍തോതില്‍ എത്തുന്നു; സംശയത്തോടെ ഇന്ത്യ, പാകിസ്താന്‍ കളിക്കുന്നോ
ഇന്ത്യയും യുഎഇയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചത് വ്യാപാര മേഖലയില്‍ വലിയ നേട്ടമായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ഇടപാടുകള്‍ കുത്തനെ വര്‍ധിച്ചിരിക്കുന്നു. ഇന്ത്യയുടെ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് ജിസിസി രാജ്യമാണ് യുഎഇ. ഇന്ത്യയിലേക്ക് വന്‍തോതില്‍ സ്വര്‍ണവും വെള്ളിയും ഡയമണ്ടും വരുന്നത് യുഎഇയില്‍ നിന്നാണ്. വ്യാപാര കരാര്‍ ഒപ്പുവച്ചതോടെ ഇക്കാര്യത്തില്‍ ചില ഇളവുകള്‍ ലഭിച്ചിട്ടുമുണ്ട്.
അറബ് രാജ്യങ്ങളില്‍ സുലഭമാണ് ഈത്തപ്പഴം. ശക്തമായ ആരോഗ്യത്തിന് സഹായിക്കുന്ന ഈത്തപ്പഴത്തിന് ഇന്ത്യന്‍ വിപണിയിലും ആവശ്യക്കാര്‍ ഏറെയാണ്. യുഎഇയില്‍ നിന്നു ഇന്ത്യയിലേക്ക് വരുന്ന ഈത്തപ്പഴത്തിന്റെ അളവില്‍ വന്‍ വര്‍ധനവാണ് 2022ന് ശേഷമുണ്ടായിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് ചില സംശയങ്ങളുണ്ട്. വിഷയം യുഎഇയുമായി ഇന്ത്യ പങ്കുവച്ചുവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയും യുഎഇയും ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രകാരം ഇറക്കുമതിയിലും കയറ്റുമതിയിലും ഇരുരാജ്യങ്ങളും ഇളവുകള്‍ നല്‍കുന്നുണ്ട്. ഫ്രഷ്. സോഫ്റ്റ്, ഹാര്‍ഡ് ഈത്തപ്പഴങ്ങളുടെ ഇറക്കുമതിക്ക് 20 മുതല്‍ 30 ശതമാനം വരെയാണ് നികുതി ചുമത്തിയിരുന്നത്. എന്നാല്‍ വ്യാപാര കരാര്‍ പ്രകാരം നികുതി ഈടാക്കുന്നില്ല.
ഇതാണ് യുഎഇയില്‍ നിന്നുള്ള ഈത്തപ്പഴ ഇറക്കുമതി വര്‍ധിക്കാന്‍ പ്രധാന കാരണം. എന്നാല്‍ യുഎഇയില്‍ നിന്ന് വരുന്ന ഈത്തപ്പഴം മുഴുവന്‍ യുഎഇയുടേത് തന്നെയല്ലേ എന്ന സംശയമാണ് ഇന്ത്യയ്ക്ക്. മൂന്നാമതൊരു രാജ്യം അവസരം മുതലെടുക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സാന്നിധ്യമാണ് ഇന്ത്യ സംശയിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത് 2019ലാണ്. ഇതിന് ശേഷം പാകിസ്താനില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് 200 ശതമാനം നികുതിയാണ് ഇന്ത്യ ഈടാക്കുന്നത്. പാകിസ്താനുമായുള്ള ഇറക്കുമതി വ്യാപാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. ഈ സാഹചര്യത്തിലാണ് യുഎഇ വഴി ഇന്ത്യയിലേക്ക് പാകിസ്താന്റെ ഈത്തപ്പഴം നികുതിയില്ലാതെ വരുന്നുണ്ടോ എന്ന ആശങ്ക.
ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രകാരം ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പ്രത്യേക സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാപാരം മെച്ചപ്പെടുത്താനും ആശങ്കകള്‍ പരിഹരിക്കാനുമാണ് ഈ സമിതി. കഴിഞ്ഞ ദിവസം സമതിയുടെ യോഗം ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ഇറക്കുമതിയിലെ ചില സംശയങ്ങള്‍ സൂചിപ്പിച്ചുവത്രെ. വിശദമായി പരിശോധിക്കുമെന്ന് യുഎഇ ഉറപ്പ് നല്‍കിയിട്ടുണ്ട്.
കേന്ദ്ര വാണിജ്യ വകുപ്പ് അഡീഷനല്‍ സെക്രട്ടറി അജയ് ബാദൂ, യുഎഇ സാമ്പത്തിക മന്ത്രാലയത്തിലെ അന്താരാഷ്ട്ര വ്യാപാരങ്ങള്‍ക്കുള്ള അസിസ്റ്റന്റ് സെക്രട്ടറി ജുമ അല്‍ കയ്ത്തുമാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. യുഎഇയില്‍ നിന്നുള്ള വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതിയിലും വന്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്. മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇറക്കുമതി നടക്കുന്നതെന്ന് ഉറപ്പുവരുത്തണം എന്ന് ഇന്ത്യ അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications