സ്വര്‍ണം, ക്രൂഡ് ഓയില്‍ മാത്രമല്ല; യുഎഇയിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ ഒഴുകുന്നു, കാരണം ഇതാണ്
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ സ്വര്‍ണം എത്തുന്നത് യുഎഇയില്‍ നിന്നാണ്. ക്രൂഡ് ഓയില്‍ ഇന്ത്യ വാങ്ങുന്നതില്‍ ആദ്യ ആറ് രാജ്യങ്ങളില്‍ യുഎഇയുമുണ്ട്. 2022ല്‍ ഇന്ത്യയും യുഎഇയും ഒപ്പുവച്ച സമഗ്ര പങ്കാളിത്ത സാമ്പത്തിക കരാര്‍ (സെപ) ബന്ധം ദൃഢമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു എന്നു പറയാം. ഇപ്പോഴിതാ ഇന്ത്യയില്‍ നിന്നുള്ള നിരവധി കമ്പനികള്‍ യുഎഇയില്‍ യൂണിറ്റ് സ്ഥാപിക്കുകയാണ്.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധം വഷളായ വേളയിലാണ് ഇന്ത്യന്‍ കമ്പനികള്‍ പുതിയ നീക്കം തുടങ്ങിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 3000ത്തില്‍ അധികം ഇന്ത്യന്‍ കമ്പനികളാണ് യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തത്. അമേരിക്കയില്‍ നിന്നുള്ള അധിക നികുതിയില്‍ നിന്ന് രക്ഷപ്പെടാനാണ് ഈ തന്ത്രം. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ യുഎഇയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ 50 ശതമാനമാണ് അമേരിക്ക താരിഫ് ചുമത്തിയിരിക്കുന്നത്. ഇത് കയറ്റുമതി മേഖലയെ പ്രതിസന്ധിയിലാക്കുന്നു. എന്നാല്‍ ജിസിസിയിലെ ആറ് രാജ്യങ്ങള്‍ക്കും 10 ശതമാനം മാത്രമാണ് അമേരിക്കയുടെ താരിഫ്. അതുകൊണ്ടാണ് ഇന്ത്യന്‍ കമ്പനികള്‍ യുഎഇയിലേക്ക് തട്ടകം മാറ്റുന്നതും താരിഫ് ഭീതി ഒഴിവാക്കുന്നതും.
ഇന്ത്യയുടെ പ്രധാന കയറ്റുമതി അമേരിക്കയിലേക്കാണ്. അമേരിക്ക ഉയര്‍ന്ന താരിഫ് ചുമത്തിയാല്‍ കയറ്റുമതി ചെലവേറിയതാകും. ജിസിസി രാജ്യങ്ങളില്‍ ഇന്ത്യ വ്യാപാര കരാര്‍ ഒപ്പുവച്ച രാജ്യം യുഎഇയാണ്. പരസ്പരം ഇളവുകളോടെ വ്യാപാരം നടത്താനും കമ്പനികള്‍ സ്ഥാപിക്കാനും ഇതുവഴി സാധിക്കും. ഈ അവസരം ഇന്ത്യന്‍ കമ്പനികള്‍ ഉപയോഗപ്പെടുത്തുകയാണ്.
യുഎഇ ബിസിനസുകാര്‍ക്കുള്ള നേട്ടം ഇതാണ്
അജ്മാന്‍ നുവെന്‍ച്വറസ് സെന്റര്‍ ഫ്രീസോണില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 6500 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ പകുതിയോളം ഇന്ത്യന്‍ കമ്പനികളാണ് എന്ന് സോണ്‍ സിഇഒ റിഷി സോമയ്യ ഡെക്കാണ്‍ ഹെറാള്‍ഡിനോട് പറഞ്ഞു. നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളാണ് യുഎഇയിലേക്ക് വരുന്നത്. രജിസ്‌ട്രേഷനും ലൈസന്‍സ് ലഭിക്കുന്നതിനും യുഎഇയില്‍ എളുപ്പമാണ് എന്നതും എടുത്തുപറയേണ്ടതാണ്.
ചില കമ്പനികള്‍ ഇന്ത്യയില്‍ 30 ശതമാനം ജോലികളും ബാക്കി യുഎഇയിലുമാണ് ചെയ്യുന്നത്. യൂഎഇയില്‍ നിന്ന് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കുമുള്ള ബിസിനസുകള്‍ക്കും സാധ്യതകള്‍ ഏറെയാണ്. ദുബായിയോട് ചേര്‍ന്നാണ് അജ്മാന്‍ നെവെന്‍ചറസ് സെന്റര്‍ ഫ്രീസോണ്‍. അടുത്ത വര്‍ഷം രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികളുടെ എണ്ണം 10000 ആക്കി ഉയര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം.
യുഎഇക്ക് പുറമെ ഒമാനുമായും ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവയ്ക്കാന്‍ ആലോചിക്കുന്നുണ്ട്. ചര്‍ച്ചകള്‍ ഏകദേശം പൂര്‍ത്തിയാകുകയും ചെയ്തു. മാത്രമല്ല, ഖത്തറും ഇന്ത്യയുമായുള്ള വ്യാപാര കരാറിന് താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. അമേരിക്ക ഉയര്‍ന്ന താരിഫ് ചുമത്തിയതോടെ ഇന്ത്യ കൂടുതല്‍ വിപണികള്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ് ജിസിസി രാജ്യങ്ങള്‍ മുന്നോട്ട് വരുന്നത് എന്നതും എടുത്തു പറയണം.












Click it and Unblock the Notifications