സൗദി അറേബ്യയില്‍ പുഷ്പയ്ക്ക് 'വെട്ട്'; അല്ലു അര്‍ജുന്റെ ഈ ഭാഗങ്ങള്‍ നീക്കി... 19 മിനുട്ട് കുറച്ച് പ്രദര്‍ശനം
അല്ലു അര്‍ജുന്‍ നായകനായ 'പുഷ്പ 2'വിന്റെ ബ്രഹ്മാണ്ഡ റീലീസ് ആണ് സിനിമാ ലോകത്തെ പ്രധാന ചര്‍ച്ച. സിനിമാ പ്രേമികള്‍ വ്യത്യസ്തമായ പ്രതികരണമാണ് ആദ്യ ഷോയ്ക്ക് ശേഷം നല്‍കുന്നത്. വില്ലന്‍ വേഷത്തിലുള്ള ഫഹദ് ഫാസിലിന്റെ സാന്നിധ്യം മലയാളികളെ കൂടുതലായി പുഷ്പയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. വ്യത്യസ്തമായ പോലീസ് വേഷം ഫഹദ് എങ്ങനെ അവതരിപ്പിച്ചു എന്നാണ് പ്രേക്ഷകരുടെ കൗതുകം.
100 കോടിയിലധികം രൂപയുടെ ടിക്കറ്റ് വിറ്റുപോയി എന്നാണ് റിലീസിന് മുമ്പേ പുറത്തുവന്ന വാര്‍ത്ത. മൂന്ന് മണിക്കൂറിലധികം നീളുന്ന ചിത്രം വ്യത്യസ്തമായ അനുഭവമാകുമെന്നും വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ സൗദി അറേബ്യയില്‍ റിലീസ് ചെയ്ത 'പുഷ്പ 2' ഇത്രയും ദൈര്‍ഘ്യമില്ലത്രെ. ഇതില്‍ നിന്ന് സുപ്രധാനമായ ഭാഗങ്ങള്‍ നീക്കി എന്നാണ് മാധ്യമ വാര്‍ത്തകള്‍.

ആദ്യ ദിനം 250 കോടി രൂപയുടെ കളക്ഷനാണ് പുഷ്പ 2 പ്രതീക്ഷിക്കുന്നത്. ജത്താര സീനുകളെ കുറിച്ചാണ് സിനിമാ പ്രേമികള്‍ പ്രധാനമായും ആദ്യ ഷോ കണ്ട ശേഷം സംസാരിച്ചത്. എന്നാല്‍ സൗദി അറേബ്യയില്‍ വച്ച് സിനിമ കാണുന്നവര്‍ക്ക് ഈ സീന്‍ നഷ്ടമാകും. സൗദിയിലെ സെന്‍സര്‍ ബോര്‍ഡ് ഈ ഭാഗം ഒഴിവാക്കിയെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കര്‍ണാടകയിലും ആന്ധ്രയിലും ആഘോഷിക്കപ്പെടുന്ന നാടന്‍ കലാരൂപമാണ് ഗംജമ ജത്താര. ദൈവ രൂപത്തിലാണ് ഈ രംഗങ്ങളില്‍ അല്ലു അര്‍ജുന്‍ എത്തുന്നത്. ഈ പശ്ചാത്തലത്തിലുള്ള സംഘട്ടന രംഗത്തിന് മാത്രം 75 കോടിയോളം രൂപ ചെലവഴിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. ഈ ഭാഗം ഉള്‍പ്പെടുന്ന 19 മിനുട്ട് കട്ട് ചെയ്താണ് സിനിമ സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്തു.
ജത്താര ഭാഗങ്ങള്‍ ഒഴിവാക്കിയ ശേഷം 3.1 മണിക്കൂറാണ് സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമ എന്ന് നിരൂപകന്‍ മനോബാല വിജയബാലന്‍ എക്‌സില്‍ കുറിച്ചു. അതേസമയം, കളക്ഷനില്‍ സര്‍വ റെക്കോര്‍ഡുകളും പുഷ്പ 2 തിരുത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. കെജിഎഫ് 2, ബാഹുബലി 2, ജവാന്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ക്കുമെന്നും കരുതപ്പെടുന്നു.
രക്തചന്ദനക്കടത്തുകാരനായ പുഷ്പരാജിന്റെ കഥ പറയുന്ന 'പുഷ്പ ദി റൈസ്' പാന്‍ ഇന്ത്യന്‍ ചിത്രമായി മാറിയിരുന്നു. ചിത്രത്തിലെ ആട്ടവും പാട്ടുമെല്ലാം ഭാഷാ-ദേശ വ്യത്യാസമില്ലാതെ ആഘോഷിക്കപ്പെട്ടു. ഭന്‍വര്‍ സിങ് ഷെഖാവത്ത് എന്ന ഐപിഎസ് ഓഫീസറുടെ വേഷത്തില്‍ ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ഏകദേശം അസാന ഭാഗത്താണ് എത്തിയത്. അതുകൊണ്ടുതന്നെ രണ്ടാംഭാഗത്തില്‍ ഫഹദിന്റെ റോള്‍ എങ്ങനെ എന്നതും ചര്‍ച്ചയാകും.
അല്ലു അര്‍ജുന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പുഷ്പ, മൂന്നാം ഭാഗം കൂടി എത്തുമെന്ന വാര്‍ത്തകളും വന്നിട്ടുണ്ട്. കോടികളുടെ കഥ കൂടി പറയുന്ന സിനിമ സ്‌ക്രീനിന് പുറത്തും പണം വാരുമെന്ന് അല്ലു അര്‍ജുന്റെ ആരാധകര്‍ പറയുന്നു.












Click it and Unblock the Notifications