UAE Meat Ban: ഇറച്ചിയില്‍ ഫംഗസ് കണ്ടെത്തി; നിരോധിച്ച് യുഎഇ, കടുത്ത നടപടിക്ക് കാരണം പാകിസ്താന്റെ അശ്രദ്ധ
ദുബായ്: യുഎഇയില്‍ ഇറക്കുമതി ചെയ്ത ഇറച്ചി കേടുവന്ന നിലയില്‍. ഇറച്ചിയില്‍ ഫംഗസ് കണ്ടെത്തിയതിനെ തുടര്‍ന്ന് കടുത്ത നടപടിയെടുക്കാന്‍ യുഎഇ തീരുമാനിച്ചു. പാകിസ്താനില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇറച്ചിയിലാണ് ഫംഗസ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പാകിസ്താനില്‍ നിന്നുള്ള ഇറച്ചി ഇറക്കുമതി യുഎഇ നിരോധിച്ചു.
യുഎഇയിലേക്ക് ഏറ്റവും കൂടുതല്‍ ഇറച്ചി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്താന്‍. കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് യുഎഇ ഇറക്കുമതി ചെയ്യാറ്. ഈ പരിശോധനയില്‍ കേടുവന്ന ഇറച്ചി കണ്ടെത്തി. തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കടല്‍ വഴി പാകിസ്താനില്‍ നിന്നെത്തിക്കുന്ന ഇറച്ചിയാണ് നിരോധിച്ചിട്ടുള്ളത്. കറാച്ചി തുറമുഖത്ത് നിന്ന് പാകിസ്താനിലെ ഒരു കമ്പനി യുഎഇയിലേക്ക് അയച്ച ഇറച്ചിയിലാണ് ഫംഗസ് കണ്ടെത്തിയത്. ഇതോടെ ഒക്ടോബര്‍ പത്ത് വരെ പാകിസ്താനില്‍ നിന്ന് കടല്‍ വഴിയുള്ള ഇറച്ചി ഇറക്കുമതി നിരോധിക്കാന്‍ തീരുമാനിച്ചു എന്നാണ് വാര്‍ത്ത.
പാകിസ്താനില്‍ നിന്ന് പ്രതിമാസം 1.4 കോടി ഡോളറിന്റെ ഇറച്ചി യുഎഇയിലേക്ക് എത്തുന്നുണ്ടത്രെ. കൂടാതെ മറ്റു രാജ്യങ്ങളില്‍ നിന്നും യുഎഇ ഇറച്ചി ഇറക്കുമതി ചെയ്യുന്നുണ്ട്. പാകിസ്താനില്‍ നിന്ന് ഇറച്ചി അയക്കുമ്പോള്‍ ചില വീഴ്ചകള്‍ സംഭവിച്ചു എന്ന് പാകിസ്താനിലെ വ്യാപാര വികസന അതോറിറ്റിയും സമ്മതിക്കുന്നു. കപ്പല്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചതായും അവര്‍ അറിയിച്ചു.
പാകിസ്താനില്‍ നിന്ന് യുഎഇയിലേക്ക് മാത്രമല്ല ഇറച്ചി കയറ്റുമതി ചെയ്യുന്നത്. ബഹ്‌റൈന്‍, സൗദി അറേബ്യ എന്നീ ജിസിസി രാജ്യങ്ങളിലേക്കും പാകിസ്താന്റെ ഇറച്ചി എത്തുന്നുണ്ട്. പാകിസ്താനില്‍ നിന്നുള്ള ചിക്കനും ചില പ്രശ്‌നങ്ങളുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് യുഎഇ ഭരണകൂടം നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
അതേസമയം, യുഎഇ ഏര്‍പ്പെടുത്തിയ നിരോധനം നീക്കാന്‍ പാകിസ്താന്‍ ശ്രമം തുടങ്ങി. വ്യാപാര വികസന അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇറച്ചി അയച്ച കപ്പലിലെ ശീതീകരണ സംവിധാനത്തില്‍ വന്ന തകരാറാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന് അവര്‍ പറയുന്നു. എന്നാല്‍ ഏത് കമ്പനി അയച്ച ഇറച്ചിയാണ് കേട് വന്നത് എന്ന് ഇരു രാജ്യങ്ങളും പരസ്യമാക്കിയിട്ടില്ല.
അതേസമയം, വിമാന മാര്‍ഗം പാകിസ്താനില്‍ നിന്ന് ഇറച്ചി എത്തിക്കുന്നതിന് യുഎഇ ഉപാധികളോടെ അനുമതി നല്‍കിയിട്ടുണ്ട്. യുഎഇയുടെ നടപടി പാകിസ്താന്റെ മൊത്തം കയറ്റുമതിയെ ബാധിക്കുമെന്ന് കറാച്ചിയിലെ ഓര്‍ഗാനിക് മീറ്റ് കമ്പനി ലിമിറ്റഡ് മേധാവി ഫൈസല്‍ ഹുസൈന്‍ പ്രതികരിച്ചു.
വിമാന മാര്‍ഗം ഇറച്ചി കയറ്റി അയക്കുന്നതില്‍ പാകിസ്താന് ഏറെ പ്രയാസങ്ങളുണ്ട്. വളരെ ചെലവേറിയ വഴിയുമാണിത്. യുഎഇയാണ് പാകിസ്താനില്‍ നിന്നുള്ള വ്യാപാരികളുടെ ശ്രദ്ധാ കേന്ദ്രം. പുതിയ നിരോധന ഉത്തരവ് വന്നതോടെ വലിയ നിരാശയിലാണ് വ്യാപാരികള്‍. ലോകത്ത് ഇറച്ചി കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് പാകിസ്താന്‍.












Click it and Unblock the Notifications