സൗദി അറേബ്യയില്‍ മദ്യം സുലഭമാകും?: സുപ്രധാനമായ ഒരു ഇളവ് കൂടെ; ഇനി ഇക്കൂട്ടർക്കും മദ്യം വാങ്ങാം
മദ്യനിരോധനത്തില്‍ നൂറ്റാണ്ടുകളായി കർശനമായി പാലിച്ചുവരുന്ന കടുത്ത നിയന്ത്രണങ്ങൾ സൗദി അറേബ്യ ലഘൂകരിക്കുന്നു. ഇനി മുതൽ പ്രീമിയം റെസിഡൻസി ഉടമകളായ മുസ്ലിം ഇതര വിദേശികൾക്ക് റിയാദിലെ പ്രത്യേക മദ്യഷോപ്പുകളിൽ നിന്ന് മദ്യം സ്വതന്ത്രമായി വാങ്ങാം. നയതന്ത്രജ്ഞർക്ക് മാത്രമായിരുന്ന ഈ സൗകര്യം ഇപ്പോൾ വിപുലീകരിച്ചതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും വാക്കാല്‍ അറിയിച്ചാണ് പുതിയ ഇളവ് നടപ്പാക്കിയിരിക്കുന്നത്. സൗദി പ്രീമിയം റെസിഡൻസി പ്രോഗ്രാമിന്റെയും വാർത്താവിതരണ മന്ത്രാലയത്തിന്റെയും വക്താക്കൾ ഇക്കാര്യത്തിൽ പ്രതികരിക്കാനും വിസമ്മതിച്ചു. എന്നാൽ, വിദഗ്ധർ ഇതിനെ "വിഷൻ 2030-ന്റെ ഭാഗമായുള്ള മദ്യവിൽപ്പനയുടെ ഔപചാരികവൽക്കരണത്തിലേക്കുള്ള വലിയ ചുവടുവയ്പ്" എന്നാണ് വിലയിരുത്തുന്നത്.

കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിഷൻ 2030-ന്റെ പ്രധാന ലക്ഷ്യമാണ് 2030-ഓടെ വർഷംതോറും 150 ദശലക്ഷം വിനോദസഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കുക എന്നത്. ഇതിനായി ഹോട്ടലുകൾ, റിസോർട്ടുകൾ, വിനോദപദ്ധതികൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയിൽ വൻ നിക്ഷേപം നടത്തുന്നു. എന്നാൽ ദുബായ്, അബുദാബി, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് മദ്യനിരോധം കർശനമായതിനാൽ സൗദി വിദേശ വിനോദസഞ്ചാരികൾക്ക് ആകർഷകമല്ലായിരുന്നു.
2024-ൽ റിയാദിലാണ് രാജ്യത്തെ ആദ്യ മദ്യഷോപ്പ് തുറന്നത്. എന്നാല്‍ ഇത് നയതന്ത്രജ്ഞന്മാർക്ക് മാത്രമായിരുന്നു. ഇപ്പോൾ ആ ഷോപ്പുകൾ പ്രീമിയം റെസിഡൻസി ഉടമകളായ നോൺ-മുസ്ലിം വിദേശികൾക്കും തുറന്നുകൊടുക്കുകയാണ് ചെയ്തത്.
പ്രീമിയം റെസിഡൻസി ആർക്കൊക്കെ?
2019-ൽ ആരംഭിച്ച ഈ പദ്ധതി ഉയർന്ന വരുമാനമുള്ള പ്രൊഫഷണലുകളെയും വിദേശ നിക്ഷേപകരെയും ആകർഷിക്കാനുള്ളതാണ്. നിലവില്‍ മാസവരുമാനം 80,000 റിയാലില്‍ (ഏകദേശം 18 ലക്ഷം) കൂടുതലുള്ളവർക്കോ നിശ്ചിത പ്രൊഫഷണൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്കോ ഈ സ്റ്റാറ്റസ് ലഭിക്കും.
ഈ ചെറിയ സമൂഹത്തിന് മാത്രം മദ്യവിൽപ്പന അനുവദിച്ചുകൊണ്ട് സാമൂഹിക-മതപരമായ എതിർപ്പുകൾ ഒഴിവാക്കിക്കൊണ്ടുതന്നെ അന്താരാഷ്ട്ര തലത്തിൽ പ്രതിഭകളെയും നിക്ഷേപങ്ങളെയും ആകർഷിക്കാനുള്ള "സൗമ്യവും പ്രായോഗികവുമായ" തന്ത്രമാണ് സൗദി സ്വീകരിച്ചിരിക്കുന്നതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. സൗദി പൗരന്മാർക്കും മറ്റ് സാധാരണ താമസക്കാർക്കും മദ്യം ഇപ്പോഴും പൂർണമായി നിരോധിച്ചിരിക്കുകയാണ്. എന്നാൽ വിഷൻ 2030-ന്റെ അടുത്ത ഘട്ടങ്ങളിൽ കൂടുതൽ ഇളവുകൾ വരുമെന്നാണ് നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications