അലി ഖാംനഇയുടെ ഖബറടക്കം മാറ്റുമോ? തിരിച്ചടിച്ച് ഇറാന്‍, കുവൈത്തിലും ബഹ്‌റൈനിലും സൈറണ്‍
അമേരിക്കയും ഇറാനും തമ്മില്‍ വീണ്ടും നേര്‍ക്കുനേര്‍. അമേരിക്ക കരാര്‍ ലംഘിക്കുന്നു എന്നാരോപിച്ച് ഇറാന്‍ സൈന്യം ഹോര്‍മുസില്‍ ചരക്കു കപ്പലുകള്‍ ആക്രമിച്ചു. തൊട്ടുപിന്നാലെ ഇറാനില്‍ വ്യാപകമായി മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തി അമേരിക്ക. മറുപടിയായി കുവൈത്തിലും ബഹ്‌റൈനിലും ഇറാന്‍ ആക്രമണം നടത്തി. രണ്ട് രാജ്യങ്ങളിലുമായി 85 ആക്രമണം നടത്തി എന്നാണ് ഇറാന്‍ അറിയിച്ചത്.
ഇതോടെ പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി പരന്നു. കൊല്ലപ്പെട്ട പരമോന്നത നേതാവ് അലി ഖാംനഇയുടെ ഖബറക്ക ചടങ്ങുകള്‍ പുരഗോമിക്കവെയാണ് ഈ അനിഷ്ട സംഭവങ്ങള്‍. യുദ്ധം കനത്താല്‍ സംസ്‌കാരം വൈകിപ്പിക്കുമോ എന്ന ചോദ്യവും പല കോണില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ തെക്കന്‍ ഇറാനിലാണ് ആക്രമണം നടന്നത്. എല്ലാവരും ഒത്തുചേരുന്ന സമയം ഒറ്റ ആക്രമണം നടത്തി ഇല്ലാതാക്കുമെന്ന് കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നടപ്പാക്കിയ മാറ്റങ്ങള്‍ അമേരിക്ക ലംഘിച്ചു, ഇനിയും ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കുന്നു, എണ്ണ ഉപരോധം പുനഃസ്ഥാപിച്ചു, തെക്കന്‍ ഇറാനില്‍ ആക്രമണം നടത്തി, ലബ്‌നാനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു... ഇതെല്ലാമാണ് കരാര്‍ ലംഘനമായി ഇറാന്‍ മധ്യസ്ഥന്‍ മുഹമ്മദ് ബാഗില്‍ ഗാലിബഫ് ചൂണ്ടിക്കാട്ടിയത്. അമേരിക്കയുമായി ഒരു വിട്ടുവീഴ്ചയുമില്ല എന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക ഇറാനില്‍ ആക്രമണം നടത്തിയ പിന്നാലെയാണ് ബഹ്‌റൈനിലും കുവൈത്തിലും ഇറാന്റെ മിസൈലുകള്‍ എത്തിയത്. എല്ലാം ആകാശത്ത് വച്ചു തന്നെ തകര്‍ത്തു എന്ന് കുവൈത്ത് പറയുന്നു. ഇതുവരെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇരുരാജ്യങ്ങളിലും അപായ സൈറണ്‍ മുഴങ്ങി. ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് കുവൈത്ത് നിര്‍ദേശം നല്‍കി.
ഹോര്‍മുസില്‍ കപ്പലുകള്‍ ആക്രമിച്ച ഇറാന്റെ നടപടിയെ ഖത്തര്‍ ഉള്‍പ്പെടെ തള്ളി. അമേരിക്ക കരാര്‍ ലംഘിക്കുന്നു എന്നാണ് ആക്രമണത്തിന് ഇറാന്‍ പറയുന്ന ന്യായീകരണം. തൊട്ടുപിന്നാലെ തെക്കന്‍ ഇറാനിലെ 80 ഇടങ്ങളിലാണ് അമേരിക്ക ആക്രമിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരിച്ചടിയായി ജിസിസിയിലെ രണ്ട് രാജ്യങ്ങളിലേക്ക് ഇറാന്‍ മിസൈല്‍ തൊടുത്തുവിട്ടു. ഇറാനിലെ ബുഷ്ഹര്‍ പ്രവിശ്യയില്‍ അമേരിക്കന്‍ ഡ്രോണ്‍ വെടിവെച്ചിട്ടു.
അലി ഖാംനഇയുടെ ഭൗതിക ശരീരം ഇറാഖില്‍
ബഹ്‌റൈനിലെ യുഎസ് നാവിക സേനാ ആസ്ഥാനം, കുവൈത്തിലെ അലി അല്‍ സലിം എയര്‍ബേസ് എന്നിവിടങ്ങളിലാണ് ഇറാന്‍ ആക്രമിച്ചത്. സംഘര്‍ഷം വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ അലി ഖാംനഇയുടെ ഖബറടക്കം മാറ്റുമോ എന്ന് വ്യക്തമല്ല. ഇന്നലെ ഖും നഗരത്തില്‍ നിന്ന് അലി ഖാംനഇയുടെ ഭൗതിക ശരീരം ഇറാഖിലേക്ക് കൊണ്ടുപോയി. നജഫ്, കര്‍ബല എന്നിവിടങ്ങളിലെ ചടങ്ങുകള്‍ക്ക് ശേഷം ഇന്ന് രാത്രി ഇറാനിലേക്ക് തിരിച്ചെത്തിക്കും.
നാളെ വൈകീട്ടാണ് ഖബറടക്കം തീരുമാനിച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് ആളുകളാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത്. ഈ വേളയില്‍ ഒറ്റ ആക്രമണം നടത്തി എല്ലാത്തിനെയും ഇല്ലാതാക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് സംസ്‌കാരശൂന്യനാണ് എന്നായിരുന്നു ഇതിനോടുള്ള ഇറാന്റെ പ്രതികരണം. യുദ്ധം കാരണമാണ് അലി ഖാംനഇയുടെ ഖബറടക്കം നാല് മാസം വൈകിയത്. ഇപ്പോള്‍ വീണ്ടും യുദ്ധം ശക്തിപ്പെട്ടിരിക്കുകയാണ്.














Click it and Unblock the Notifications