പെട്രോള്‍ വില ലിറ്ററിന് 200 ലേക്ക് എത്തുമോ? മിഡില്‍ഈസ്റ്റ് അശാന്തം: ഹോർമൂസ് വഴി അടഞ്ഞാല്‍ അറബ് എണ്ണ എത്തില്ല
ഇസ്രായേല്‍-ഇറാന്‍ സംഘർഷം രൂക്ഷമായ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ വലിയ പ്രതിസന്ധിയാണ് രുപപ്പെട്ടുകൊണ്ടിരിക്കുന്നത്. സംഘർഷം തുടങ്ങിയതിന് പിന്നാലെ തന്നെ ഓഹരി മാർക്കറ്റുകള്‍ കുത്തനെ ഇടിയുകയും സ്വർണവും ക്രൂഡ് ഓയിലും വലിയ രീതിയില്‍ കുതിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. ക്രൂഡ് ഓയിലും സ്വർണവും ഇറക്കുമതി ചെയ്യുന്ന ലോകത്തെ മുന്‍നിര രാഷ്ട്രം എന്നതിനാല്‍ തന്നെ ഇന്ത്യയെ സംബന്ധിച്ചും സംഘർഷം ചില്ലറ ആശങ്കയല്ല ഉയർത്തുന്നത്.
ഇന്നലെ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതിന് പിന്നാലെ ബ്രെന്റ് ക്രൂഡിന്റെ വില 8% ഉയർന്ന് ബാരലിന് 75 ഡോളറിലെത്തി. യുദ്ധം രൂക്ഷമാകുകയാണെങ്കില്‍ ക്രൂഡ് ഓയില്‍ വിസ 110 ഡോളറിലേക്ക് എത്തിയേക്കാം. ഏറ്റവും മോശമായ സാഹചര്യത്തില്‍ ആഗോള ക്രൂഡ് ഓയില്‍ വിപണിയുടെ 36 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന പശ്ചിമേഷ്യയില്‍ നിന്നും വിതരണം തടസ്സപ്പെടുകയാണെങ്കില്‍ വില 230 ഡോളർ വരെ ഉയർന്നേക്കാമെന്നുള്ള പ്രവചനങ്ങളും ഇപ്പോള്‍ വരുന്നുണ്ട്. ആ ഒരു സാഹചര്യം ദീർഘകാലം തുടരുകയാണെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ പെട്രോള്‍ കമ്പനികള്‍ക്ക് ചില്ലറ പെട്രോള്‍ വില ലിറ്ററിന് 200 ആയെങ്കിലും ഉയർത്തേണ്ടി വന്നേക്കും.

സംഘർഷം ക്രൂഡ് വില ഉയർത്തുകയും എണ്ണവിപണ കമ്പനികളുടെ ലാഭം കുറയ്ക്കുകയും ചെയ്യുമെങ്കിലും ആഗോള വിതരണം വലിയ രീതിയില്‍ തടസ്സപ്പെടാന്‍ സാധ്യത ഇല്ലെന്നാണ് ഇന്ത്യന്‍ റിഫൈനറി ഉദ്യോസ്ഥരെ ഉദ്ധരിച്ചുകൊണ്ട് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 'എണ്ണ തടസ്സമില്ലാതെ ആഗോള വിപണിയിലേക്ക് എത്തുക എന്നുള്ളത് യുഎസ്, ഇറാൻ, മറ്റ് പശ്ചിമേഷ്യൻ ഉൽപാദകരുടെ ആവശ്യമാണ്. മേഖലയിലെ ഉൽപാദകർ അവരുടെ വ്യാപാരം തടസ്സപ്പെടാൻ ആഗ്രഹിക്കുന്നില്ല. ആഗോള ക്രൂഡ് ഓയില്‍ വില ഉയരുന്നത് അമേരിക്കയ്ക്കും ആശങ്ക നല്‍കുന്ന കാര്യമാണ്'- ഉദ്യോഗസ്ഥന്‍ പറയുന്നു.
'ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി മേഖല നിലവിൽ വൈവിധ്യപൂർണ്ണമാണ്. പശ്ചിമേഷ്യയില്‍ നിന്നും മുമ്പത്തേത് പോലെ ശക്തമായ ഇറക്കുമതി ഇപ്പോള്‍ ഇന്ത്യക്ക് ഇല്ല. റഷ്യ അടക്കമുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നും വലിയ തോതില്‍ ഇന്ത്യ ഇന്ന് ക്രൂഡ്ര് ഇറക്കുമതി ചെയ്യുന്നു' രത്‌നഗിരി റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ സിഇഒയും എച്ച്‌പിസിഎല്ലിന്റെ മുൻ മേധാവിയുമായ എം കെ സുരാന പറഞ്ഞു. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഏകദേശം 40% നിലവിൽ റഷ്യയാണ് വിതരണം ചെയ്യുന്നത്. വിതരണത്തേക്കാൾ, വിലയിലെ അപകടസാധ്യതയാണ് ഇന്ത്യയ്ക്ക് കൂടുതൽ പ്രസക്തം. ഇത് എണ്ണ വിപണന കമ്പനികളുടെ ലാഭത്തെ ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
വിതരണത്തില്‍ തടസ്സങ്ങളുണ്ടായാല്‍ ഇന്ത്യയുടെ ഇറക്കുമതി ചെലവിൽ 40-50% വർദ്ധനവ് വരുത്താമെന്ന വിലയിരുത്തലും ഒരു വിഭാഗം വിദഗ്ധർ മുന്നോട്ട് വെക്കുന്നുണ്ട്. 'ഇറാൻ-ഇസ്രായേൽ സംഘർഷം എണ്ണ വിതരണത്തിന് അപകടസാധ്യതകൾ ഉയർത്താൻ സാധ്യതയുണ്ട്. ഇന്ത്യ ഇറാനിൽ നിന്ന് വലിയ അളവിൽ എണ്ണ നേരിട്ട് ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും സംഘർഷം മൂലമുള്ള ആഗോള വിലയിലെ കുതിച്ചുചാട്ടം അസംസ്കൃത എണ്ണ ഇറക്കുമതി ചെലവ് വർദ്ധിപ്പിക്കും.' ഗ്രാന്റ് തോൺടൺ ഭാരതിലെ പങ്കാളിയും ഊർജ്ജ & പുനരുപയോഗ വ്യവസായ നേതാവുമായ അമിത് കുമാറിനെ ഉദ്ധരിച്ച ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
'ആഗോള ക്രൂഡ് വിലയുടെ ഏകദേശം 20% വടക്ക് ഇറാനും തെക്ക് അറേബ്യൻ ഉപദ്വീപിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള ഏത് തടസ്സവും ഇന്ത്യയുടെ പ്രധാന വിതരണക്കാരായ ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്ന് വരുന്ന എണ്ണ കയറ്റുമതിയെ ബാധിച്ചേക്കാം' അമിത് കുമാർ കൂട്ടിച്ചേർത്തു.
ഈ മേഖലയിലെ തടസ്സങ്ങൾ ഇന്ത്യയുടെ കയറ്റുമതി ചെലവിന്റെ കാര്യത്തിൽ സാരമായി ബാധിക്കുമെന്ന് എഞ്ചിനീയറിംഗ് എക്സ്പോർട്ട്സ് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ പങ്കജ് ചദ്ദയും ചൂണ്ടിക്കാട്ടി. ഗുഡ് ഹോപ്പ് മുനമ്പിൽ ചുറ്റി സഞ്ചരിക്കുന്നത് ഒരു കപ്പലിന് ഏകദേശം 15-20 ദിവസത്തിന്റേയും ഒരു കണ്ടെയ്നറിന് 500-1000 ഡോളറിന്റേയും അധിക ചിലവുണ്ടാക്കും. അതായത് ചെലവ് 40-50% വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications