വയസ് 130, ഈ വർഷം ഹജ്ജ് നിർവ്വഹിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതയായി സറഹൂദ സ്തിതി
മക്ക: ഈ വർഷം വിശുദ്ധ ഹജ്ജ് നിർവ്വഹിക്കാനെത്തിയവരില്‍ ഏറ്റവും പ്രായം കൂടിയായ വ്യക്തിയായി അൾജീരിയയിൽ നിന്നുള്ള സറഹൂദ സ്തിതി. 130 ആണ് ഇവരുടെ പ്രായം. പന്ത്രണ്ടാം തിയതി ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സറഹൂദ സ്തിതിയെ സൗദി അധികൃതരും അൾജീരിയൻ ഹജ്ജ് ഭാരവാഹികളും ചേർന്ന് പ്രത്യേക ചടങ്ങുകളോടെ പുണ്യഭൂമിയിലേക്ക് സ്വീകരിച്ചു. 2024 ലെ ഹജ്ജ് തീർത്ഥാടകരിലെ ഏറ്റവും പ്രായം കൂടിയ തീർഥാടക എന്ന നിലയിൽ സൗദി എയർലൈൻസ് അധികൃതരും സറഹൂദ സ്തിതിക്ക് പ്രത്യേക ആദരം നല്‍കി.
കൃത്യമായ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തിക്കൊണ്ടാണ് സറഹൂദ അള്‍ജീരയിയില്‍ നിന്നും പുറപ്പെട്ടത്. ഹജ്ജ് ചെയ്യാനുള്ള ആരോഗ്യമുണ്ടെങ്കില്‍ മെഡിക്കല്‍ സംഘം എപ്പോഴും തീർത്ഥാടകയുടെ സംരക്ഷണത്തിന് വേണ്ടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. സറഹൂദ സ്തിതിയുടെ യാത്ര ലോകമെമ്പാടുമുള്ള പലർക്കും പ്രചോദനമാണെന്നാണ് വിശ്വാസികള്‍ വ്യക്തമാക്കുന്നത്. സറഹൂദയ്ക്ക് ജിദ്ദയില്‍ ലഭിച്ച സ്വീകരണം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. ലക തീർത്ഥാടകയ്ക്ക് സൗദി അധികൃതർ നൽകിയ ആതിഥ്യത്തേയും സേവനത്തേയും ആളുകള്‍ പ്രശംസിക്കുകയും ചെയ്യുന്നു.

തീർത്ഥാടക ലക്ഷങ്ങള്‍ അറഫയില്‍
ഹജ്ജിന്റെ സുപ്രധാന കർമ്മായ അറഫ സംഗമം ഇന്ന് നടക്കും. ഇന്നലെ രാത്രി മുതല്‍ തന്നെ മിനായില്‍ നിന്നും തീർത്ഥടക ലക്ഷങ്ങള്‍ അറഫയിലേക്ക് ഒഴുകിയെത്തി. ഇന്നത്തെ പകൽ മുഴുവൻ അറഫയിൽ കഴിയുന്ന തീർത്ഥാടകർ രാത്രി മുസ്ദലിഫയിലേക്ക് നീങ്ങും. 180 രാജ്യങ്ങളിൽ നിന്നായി 25 ലക്ഷത്തിലേറെ തീർത്ഥാടകരാണ് ഇത്തവണ ഹജ്ജ് കർമ്മം നിർവ്വഹിക്കാനായി എത്തിയിരിക്കുന്നത്.
മിനായില്‍ നിന്നും ഏതാണ്ട് 15 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അറഫയിലേക്ക് ബസുകളിലും മെട്രോയിലുമായാണ് തീര്‍ഥാടകർ എത്തിയത്. പ്രവാചകന്‍ വിടവാങ്ങല്‍ പ്രഭാഷണം നിര്‍വഹിച്ച സ്ഥലം എന്നതാണ് അറഫയുടെ ഏറ്റവും വലിയ പ്രത്യേകത. അറഫയിലെ നമിറ മസ്ജിദിലെ പ്രാര്‍ഥനയില്‍ മക്ക ഗ്രാന്‍ഡ് മസ്ജിദിദ് ഇമാം ഷെയ്ഖ് മഹര്‍ ബിന്‍ ഹമദ് അല്‍ മുഐകിലി നേതൃത്വം നല്‍കും. അറഫ സംഗമത്തോട് അനുബന്ധിച്ചുള്ള അറഫ പ്രഭാഷണം മലയാളമടക്കം 20 ഭാഷകളിൽ കേൾക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.മനാറത്ത് അൽ ഹറമൈൻ പ്ലാറ്റ് ഫോം വഴിയാണ് തൽസമയ വിവർത്തനം കേള്‍ക്കാന്‍ സാധിക്കുക.
ഇന്ന് സൂര്യന്‍ അസ്തമിക്കുന്നതോടെ തീർത്ഥാടകർ അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങും. ഇന്നത്തെ രാത്രി മുസ്ദലിഫയിലെ തുറന്ന മൈതാനത്തില്‍ ഉറങ്ങി ജംറകളിൽ എറിയാനുള്ള കല്ലുകൾ ശേഖരിച്ചു നാളെ രാവിലെ ഹാജിമാർ മിനായിലേക്ക് തിരിച്ച് വരും. ജംറകളിലെ കല്ലേറു കർമത്തിനു ശേഷമാണ് ബലിയർപ്പണം. തുടർന്നു മക്കയിലെത്തി കഅബ പ്രദക്ഷിണവും മുടി മുറിക്കലും നിർവ്വഹിച്ചതിന് ശേഷം ഇഹ്റാം വേഷം മാറി പുതുവസ്ത്രം അണിഞ്ഞ് പെരുന്നാൾ ആഘോഷിക്കും. ഇതോടെ പ്രധാനപ്പെട്ട എല്ലാ ഹജ്ജ് കർമ്മങ്ങളും പൂർത്തിയാകും. എങ്കിലും തുടർന്നുള്ള 3 ദിവസം കൂടി മിനായിൽ താമസിച്ച് കല്ലേറ് പൂർത്തിയാക്കിയാക്കിയായിരിക്കും മടക്കം. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെയാണ് പെരുന്നാൾ.












Click it and Unblock the Notifications