'ചോളീ കെ പീച്ചേ ക്യാ ഹെ' ഗാനം കല്യാണം മുടക്കി; നൃത്തം ചവിട്ടിയ വരനെ വേണ്ടെന്ന് വധുവിന്റെ പിതാവ്
തൊണ്ണൂറുകളില്‍ ബോളിവുഡിനെയാകെ ഇളക്കി മറിച്ച ഗാനമാണ് 'ചോളി കെ പീച്ചേ ക്യാ ഹെ'. അന്നത്തെ ചെറുപ്പക്കാരുടെ സ്വപ്ന നായികയായിരുന്ന മാധുരി ദീക്ഷിതിന്റെ തകര്‍പ്പന്‍ ചുവടുകള്‍ കൂടിയായപ്പോള്‍ ഇന്ത്യയൊട്ടാകെ സിനിമാ ആരാധകര്‍ ഈ പാട്ടിനൊപ്പം നൃത്തം ചവിട്ടി.
ഇപ്പോഴും ഗാനമേളകളില്‍ അടക്കം ഈ സൂപ്പര്‍ ഗിറ്റ് ഗാനം ഓടിക്കൊണ്ടിരിക്കുകയാണ്. പാട്ടിന്റെ വരികളെക്കുറിച്ച് പലപ്പോഴും വിമര്‍ശനം ഉയര്‍ന്നിട്ടും തലമുറകള്‍ കൈമാറി കൈമാറി ഈ പാട്ടിനെ നെഞ്ചോടു ചേര്‍ത്തിട്ടുണ്ട്. 1993 ല്‍ പുറത്തിറങ്ങിയ ഖല്‍ നായക് എന്ന സിനിമയിലാണ് ഈ ഗാനമുള്ളത്.
എന്നാല്‍ ഇപ്പോള്‍ ഈ പാട്ടിലെ വരികള്‍ ഒരു കല്യാണം തന്നെ മുടങ്ങാന്‍ കാരണമായിരിക്കുകയാണ്. വിവാഹച്ചടങ്ങില്‍ വരന്‍ ഈ ഗാനത്തിന് ഡാന്‍സ് കളിച്ചതോടെ വിവാഹം തന്നെ വേണ്ടെന്നുവെച്ചിരിക്കുകയാണ് വധുവിന്റെ പിതാവ്. 'ചോളി കെ പീച്ചേ ക്യാ ഹെ' എന്ന ഗാനത്തിന് ചുവടു വയ്ക്കാന്‍ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോഴാണ് വരന്‍ അതിനു മുതിര്‍ന്നത്. എന്നാല്‍ സ്വന്തം കല്യാണം തന്നെ മുടങ്ങുന്നതിലേക്ക് അതു വഴിവയ്ക്കുകയായിരുന്നു. ന്യൂഡല്‍ഹിയിലാണ് സംഭവമുണ്ടായത്.

ഘോഷയാത്രയായാണ് വരന്‍ വേദിയിലെത്തിയത്. തുടര്‍ന്നാണ് ബോളിവുഡ് ഗാനത്തിന് അതിഥികള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം വരനും നൃത്തം ചെയ്തത്. എന്നാല്‍ വധുവിന്റെ പിതാവിന് വരന്റെ ഈ പ്രവൃത്തി ഒട്ടും സ്വീകാര്യമായില്ല.
വരന്റെ നൃത്ത പ്രകടനത്തില്‍ പ്രകോപിതനായ വധുവിന്റെ പിതാവ് ഒട്ടും വൈകാതെ കല്യാണച്ചടങ്ങുകള്‍ നിര്‍ത്തിവയ്പ്പിച്ചു. വരന്റെ പ്രവര്‍ത്തി തന്റെ കുടുംബത്തിന്റെ സംസ്‌കാരത്തെ അപമാനിക്കുന്നതാണെന്ന് പിതാവ് ആരോപിച്ചു. തുടര്‍ന്ന് കുപിതനായി വേദിവിട്ടു പോവുകയും ചെയ്തു. നിസഹായായ വധു എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായി. വരന്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തീരുമാനം മാറ്റാന്‍ പിതാവ് തയാറായില്ല.
വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ മകളും വരനും തമ്മില്‍ ബന്ധം തുടരുന്നതും പിതാവ് വിലക്കിയിരിക്കുകയാണ്. വാര്‍ത്തയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റിടുന്നത്. കൂടുതല്‍ പേരും വരനാണ് പിന്തുണ നല്‍കുന്നത്.












Click it and Unblock the Notifications