രാഹുൽ ഗാന്ധി അഹങ്കാരി, രാഷ്ട്രപതിയേയും ദേശീയ ഗാനത്തേയും ബഹുമാനിച്ചില്ല: ആരോപണവുമായി ബിജെപി
ഡല്‍ഹി: പാർലമെന്റില്‍ നടന്ന ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷ ചടങ്ങിനിടെ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ രാഹുല്‍ ഗാന്ധി ബഹുമാനിച്ചില്ലെന്ന ആരോപണവുമായി ബി ജെ പി. രാഷ്ട്രപതി എല്ലാവരേയും കൈ കൂപ്പി അഭിവാദ്യം ചെയ്യുമ്പോള്‍ അതിന് നില്‍ക്കാതെ രാഹുല്‍ ഗാന്ധി വേദി വിട്ടതും രാഷ്ട്രപതി ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ നില്‍ക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഇരിക്കാന്‍ ശ്രമിച്ചതും രാഷ്ട്രപതിയോടുള്ള അനാദരവാണെന്നാണ് ബി ജെ പി ആരോപിക്കുന്നത്.
ദേശീയ ഗാനം ആലപിക്കുന്ന വേളയിലും രാഹുല്‍ ഗാന്ധി ശ്രദ്ധിച്ചില്ലെന്നും ബി ജെ പി നേതാവ് അമിത് മാളവ്യ എക്സില്‍ കുറിച്ചു. തങ്ങളുടെ ആരോപണം ശക്തിപ്പെടുത്തുന്നതിനായി പാർലമെന്റില്‍ നിന്നുള്ള രണ്ട് വീഡിയോ ദൃശ്യങ്ങളും അമിത് മാളവ്യ പങ്കുവെച്ചു. പ്രസിഡൻ്റ് ദ്രൗപതി മുർമു ആദിവാസി വിഭാഗത്തില്‍ നിന്നുള്ള സ്ത്രീ ആയതിനാലാണ് രാഹുല്‍ ഗാന്ധി ഇത്തരത്തില്‍ പെരുമാറുന്നതെന്നും ബി ജെ പി നേതാക്കളും പ്രവർത്തകരും ആരോപിക്കുന്നു.

'രാഹുൽ ഗാന്ധി വളരെ അഹങ്കാരിയായ ഒരു വ്യക്തിയാണ്, അദ്ദേഹം രാഷ്ട്രപതിയെ അഭിവാദ്യം ചെയ്യുക പോലും ചെയ്തില്ല. ആദിവാസി വിഭാഗത്തിൽ നിന്നും വന്ന ഒരു സ്ത്രീ ആയതുകൊണ്ടാണോ ഇങ്ങനെ പെരുമാറുന്നത്. രാഹുല്‍ ഗാന്ധി കോൺഗ്രസിൻ്റെ രാജകുമാരനുമാണോ?' അമിത് മാളവ്യ എക്സില്‍ കുറിച്ചു. എന്തൊരു വിലകുറഞ്ഞ മാനസികാവസ്ഥയാണ് ഇതെന്നും ബി ജെ പി നേതാവ് ചോദിച്ചു.'അഹങ്കാരമുള്ള രാജവംശം' എന്നാണ് ഇതേ വീഡിയോ പങ്കുവെച്ചുകൊണ്ട് ബി ജെ പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല കുറിച്ചത്.
അതേസമയം, ഭരണഘടനാ ദിന ആഘോഷങ്ങൾ നമ്മുടെ അടിസ്ഥാന രേഖ-ഭരണഘടനയെക്കുറിച്ചു യുവാക്കൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്നും പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ദ്രൗപദി മുർമു പറഞ്ഞു. മഹത്തായ ചിന്തകരുടെ മൂന്ന് വർഷത്തോളം നീണ്ട ആലോചനകളുടെ ഫലമാണ് ഇന്ത്യൻ ഭരണഘടന. പക്ഷേ, ശരിയായ അർത്ഥത്തിൽ, അത് നമ്മുടെ സുദീർഘമായ സ്വാതന്ത്ര്യ സമരത്തിൻ്റെ ഫലമായിരുന്നു. സമാനതകളില്ലാത്ത ആ ദേശീയ പ്രസ്ഥാനത്തിൻ്റെ ആദർശങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ ആദർശങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ സംക്ഷിപ്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും രാഷ്ട്രപതി വ്യക്തമാക്കി.
ഭരണസംവിധാനം , നിയമ നിർമാണം, നീതി നിർവഹണം എന്നിവയ്‌ക്കൊപ്പം എല്ലാ പൗരന്മാരുടെയും സജീവ പങ്കാളിത്തത്തിൽ നിന്നാണ് നമ്മുടെ ഭരണഘടനാ ആദർശങ്ങൾക്ക് ശക്തി ലഭിക്കുന്നത്. ഓരോ പൗരൻ്റെയും മൗലിക കർത്തവ്യങ്ങൾ നമ്മുടെ ഭരണഘടനയിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഭരണഘടനയുടെ ആത്മാവിന് അനുസൃതമായി, സാധാരണക്കാരുടെ ജീവിതം മികച്ചതാക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് ഭരണ , നിയമ നിർമാണ, നീതി നിർവഹണ സംവിധാനങ്ങളുടെ ഉത്തരവാദിത്തമാണ്. പാർലമെൻ്റ് നടപ്പിലാക്കിയ നിരവധി നിയമനിർമ്മാണങ്ങളിൽ ജനങ്ങളുടെ അഭിലാഷങ്ങൾ പ്രകടമായതായും രാഷ്ട്രപതി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications