ഡല്‍ഹി ജനവിധി കേരത്തിനുള്ള സന്ദേശം; ജനങ്ങള്‍ക്ക് വേണ്ടത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍: അനില്‍ ആന്റണി
ഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെയുള്ള ബിജെപിയുടെ അട്ടിമറി വിജയത്തില്‍ പ്രതികരിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ബിജെപിയുടേത് പ്രതീക്ഷിച്ച വിജയമാണ്. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ ഇല്ലാത്തവിധം കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണ് വേണ്ടത്.
കേരളത്തിലും വികസനം വരണമെങ്കില്‍ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വരണമെന്നും അധികം താമസിക്കാതെ കേരളവും ബിജെപി നേടുമെന്നും അനില്‍ ആന്റണി പറഞ്ഞു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സുസ്ഥിരമായ വികസനമാണ് വരാന്‍ പോവുന്നത്. രാജ്യതലസ്ഥാനത്തെ ജനവിധി കേരളത്തിനുള്ള സന്ദേശമാണ്. മുന്നോട്ട് പോകണമെങ്കില്‍ ബിജെപിയെ തിരഞ്ഞെടുക്കണം എന്ന സന്ദേശമാണ് ഡല്‍ഹി വിജയം നല്‍കുന്നത്.

ആംആദ്മി പാര്‍ട്ടിയുടെ അഴിമതി ഭരണത്തില്‍ സഹികെട്ടാണ് ബിജെപിയെ ജയിപ്പിക്കാന്‍ ജനം തീരുമാനിച്ചത്. 15 വര്‍ഷം ഡല്‍ഹി ഭരിച്ചിട്ടുള്ള കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.
വിജയം ഉറപ്പിച്ചതോടെ ബിജെപി പ്രവര്‍ത്തകരും നേതാക്കളും രാജ്യ തലസ്ഥാനത്ത് ആഘോഷം തുടങ്ങി. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്താണ് വിജയാഘോഷം. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അടക്കം ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം പരാജയപ്പെട്ടു. 27 വര്‍ഷത്തെ നീണ്ട കാലയളവിനു ശേഷം ശക്തമായ തിരിച്ചുവരവാണ് ബിജെപി നടത്തിയത്. അതേസമയം, അവസാനറൗണ്ടില്‍ മുന്നിലെത്തിയാണ് ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന കല്‍ക്കാജി മണ്ഡലത്തില്‍ വിജയിച്ചത്.
ബിജെപിയുടെ രമേഷ് ബിധുരിയെയും കോണ്‍ഗ്രസിന്റെ അല്‍ക ലാമ്പയെയുമാണ് അതിഷി പരാജയപ്പെടുത്തിയത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപി നേതാവ് പര്‍വേശ് വര്‍മയാണ് കെജ്രിവാളിനെ തോല്‍പ്പിച്ച് അട്ടിമറി ജയം സ്വന്തമാക്കിയത്. ജംഗ്പുര മണ്ഡലത്തില്‍ ബിജെപിയുടെ തര്‍വിന്ദര്‍ സിങ്ങിനോടാണ് സിസോദിയ തോറ്റത്.












Click it and Unblock the Notifications