'ദയവായി ഈ രണ്ടു വിവാഹ സമ്മാനങ്ങള്‍ കൊണ്ടുവരരുത്'; ഈ അഭ്യര്‍ത്ഥനയ്ക്കു പിന്നില്‍
ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തമായ വിവാഹത്തിന് ലഭിക്കുന്ന സമ്മാനങ്ങള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. വിവാഹ സമ്മാനങ്ങള്‍ ചെറുതോ വലുതോ ആകട്ടെ അതിന്റെ മൂല്യത്തെക്കാള്‍ ഉപരി തരുന്നയാളിന്റെ മനസാണ് അതില്‍ പ്രതിഫലിക്കുന്നത്. എന്നാല്‍ വിവാഹ സമ്മാനങ്ങള്‍ പൊല്ലാപ്പാകുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാറുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ബംഗളൂരുവില്‍ ബിജെപി എംപി തേജസ്വി സൂര്യയും ഗായികയും ഭരതനാട്യം നര്‍ത്തകിയുമായ ശിവശ്രീ സ്‌കന്ദപ്രസാദും വിവാഹിതരായത്. ബംഗളൂരു കനകപുരിയിലെ ഒരു റിസോര്‍ട്ടിലായിരുന്നു പരമ്പരാഗത രീതിയിലുള്ള ചടങ്ങുകള്‍. ഞായറാഴ്ചയായിരുന്നു വിവാഹ സല്‍ക്കാരം. വിവാഹ സല്‍ക്കാരത്തിന്റെ ക്ഷണക്കത്തില്‍ അതിഥികളോട് തേജസ്വി നടത്തിയ ഒരു അഭ്യര്‍ത്ഥനയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇതുകൂടാതെ സമൂഹ മാധ്യമമായ എക്‌സിലും ഒരു വീഡിയോയിലൂടെ ഈ അഭ്യര്‍ത്ഥന നടത്തുന്നുണ്ട്.

അതിഥികള്‍ സമ്മാനമായി പൂച്ചെണ്ടുകളോ ഡ്രൈ ഫ്രൂട്ട്‌സ് ബോക്‌സുകളോ കൊണ്ടുവരരുതെന്നാണ് തേജസ്വി സൂര്യ അഭ്യര്‍ത്ഥിച്ചത്. 'ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടിയിലധികം വിവാഹങ്ങളാണ് നടക്കുന്നത്. വിവാഹത്തിന് ഉപയോഗിക്കുന്ന പൂക്കളുടെയും പൂച്ചെണ്ടുകളുടെയും 85 ശതമാനവും പരിപാടി കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ മാലിന്യമായി ഉപേക്ഷിക്കും. 300,000 കിലോഗ്രാം ഡ്രൈ ഫ്രൂട്ട്സാണ് വെറുതേ കളയുന്നത്.
ഇത്തരത്തില്‍ കളയുന്ന പൂച്ചെണ്ടുകളുടെയും ഡ്രൈ ഫ്രൂട്ട്സിന്റെയും ജീവകാരുണ്യ മൂല്യം കണക്കാക്കിയാല്‍ പ്രതിവര്‍ഷം 315 കോടി രൂപ വരും. ഇതു മനസിലാക്കി പൂച്ചെണ്ടുകളോ ഡ്രൈ ഫ്രൂട്ട്സ് ബോക്‌സോ കൊണ്ടുവരുന്നത് ഒഴിവാക്കണം. നിങ്ങളുടെ ആശീര്‍വാദമാണ് ഏറ്റവും വലുത് - ബിജെപി എംപി കൂട്ടിച്ചേര്‍ത്തു.
ബംഗളൂരു സൗത്തില്‍നിന്നുള്ള ലോക്സഭാംഗമാണ് തേജസ്വി സൂര്യ. സൂര്യ രണ്ട് തവണ ലോക്സഭാംഗവും യുവ മോര്‍ച്ചയുടെ പ്രസിഡന്റുമായിട്ടുണ്ട്. കര്‍ണാടക സംഗീതജ്ഞയും ഭരതനാട്യം നര്‍ത്തകിയുമായ ശിവശ്രീ ചെന്നൈ സ്വദേശിനിയാണ്. ബയോ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ശിവശ്രീ ആയുര്‍വേദിക് കോസ്‌മെറ്റോളജിയിലും ഡിപ്ലോമ നേടിയിട്ടുണ്ട്. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തിലും സംസ്‌കൃത കോളജില്‍ സംസ്‌കൃതത്തിലും ബിരുദാനന്തര ബിരുദം നേടി. കര്‍ണാടക സംഗീതത്തില്‍ പ്രശസ്തയായ ശിവശ്രീ ഇന്ത്യയിലും വിദേശത്തുമായി നിരവധി സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
എന്തായാലും തേജസ്വിയുടെ ഈ തീരുമാനത്തിന് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ പോസിറ്റീവായ ചര്‍ച്ചയ്ക്കും ഈ പോസ്റ്റ് കാരണമായിരിക്കുകയാണ്. വിവാഹച്ചടങ്ങുകള്‍ കഴിയുമ്പോള്‍ വെറുതേ കളയുന്ന പൂക്കള്‍ക്ക് ഇത്രയും മൂല്യം ഉണ്ടോയെന്നാണ് പലരും ചോദിക്കുന്നത്. തേജസ്വി സൂര്യയുടെ പോസ്റ്റ് ഒരു തിരിച്ചറിവിന് കാരണമായെന്നാണ് പലരും കമന്റുകളിലൂടെ അഭിനന്ദിക്കുന്നത്. മാലിന്യം ഒഴിവാക്കാനുള്ള മികച്ച സന്ദേശം എന്നാണ് ഒരാള്‍ കുറിച്ചത്.












Click it and Unblock the Notifications