നാഗാലാന്‍ഡില്‍ കലാപം? മുസ്ലിങ്ങള്‍ കൂട്ടമായി നാടുവിടുന്നു
ദിമാപൂര്‍: ബലാത്സംഗ കേസിലെ പ്രതിയെ ജയില്‍ ആക്രമിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം നാഗാലാന്‍ഡില്‍ വംശീയ കലാപത്തിലേക്ക് നീങ്ങുന്നു. അക്രമിസംഘത്തിലെ 21 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കലാപസാധ്യതകളും വിദ്വേഷം പടര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങളും പരക്കാതിരിക്കാന്‍ പോലീസ് ഇന്റര്‍നെറ്റും എസ് എം എസും 48 മണിക്കൂര്‍ നേരത്തേക്ക് നിരോധിച്ചിട്ടുണ്ട്.
പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് പ്രതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 21 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് എന്ന് മുതിര്‍ന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു. സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. അതേസമയം നാഗാലാന്‍ഡില്‍ നിന്നും മുസ്ലിങ്ങള്‍ കൂട്ടപലായനം ചെയ്യുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

ആയിരം കുടുംബങ്ങളില്‍ നിന്നായി ഏതാണ്ട് നാലായിരത്തോളം ബംഗാളി മുസ്ലിങ്ങളാണ് നാഗാലാന്‍ഡില്‍ നിന്നും നാടുവിടുന്നത്. ഇവര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ മറ്റൊ ഉള്ളതായി റിപ്പോര്‍ട്ടില്ല. കഴിഞ്ഞ ദിവസം സയ്യിദ് ഫരീദ് ഖാന്‍ എന്നയാളെയാണ് നാട്ടുകാര്‍ ജയിലില്‍ നിന്ന് പിടിച്ചിറക്കി നഗ്‌നനാക്കി തല്ലിക്കൊന്നത്.
20 വയസ്സുള്ള നാഗ യുവതിയെ ആണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. നാലായിരത്തോളം വരുന്ന ജനക്കൂട്ടമാണ് ദിമാപുര്‍ ജില്ലാ ജയില്‍ ആക്രമിച്ച ശേഷം പ്രതിയെ ആക്രമിച്ചത്. നിരവധി വാഹനങ്ങളും പ്രതിഷേധക്കാര്‍ തീയിട്ടു. ഇതേത്തുടര്‍ന്ന് ജില്ലയില്‍ പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. നാഗാലാന്‍ഡില്‍ വംശീയ കലാപത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നത്.
--












Click it and Unblock the Notifications