ഉത്തർപ്രദേശിൽ യുവ വോട്ടർമാർ കുറഞ്ഞു, നേട്ടം ആർക്ക്
ലഖ്‌നൗ: ഉത്തർപ്രദേശിൽ യുവവോട്ടർമാരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചത് ആർക്ക് ഗുണമാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. യുപി തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ യുവ വോട്ടർമാരുടെ എണ്ണത്തിലുണ്ടായ കുറവ് എങ്ങനെ പ്രതിഫലിക്കുന്നമെന്നതിലാണ് ഏവരും വീക്ഷിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ യുവവോട്ടർമാരിൽ നിന്ന് അഞ്ച് ശതമാനം കുറവാണ് ഇത്തവണയുള്ളത്.
18 മുതൽ 29 വരെയുള്ള യുവവോട്ടർമാരുടെ എണ്ണമാണ് കുറഞ്ഞത്. 4.06 കോടി യുവവോട്ടർമാർ 2017ൽ വോട്ടവകാശം വിനിയോഗിച്ചിട്ടുണ്ട്. എന്നാൽ ഈ വർഷം 3.44 കോടിയായി വോട്ടർമാരുടെ എണ്ണം കുറഞ്ഞു. യുപിയിലെ ആകെ വോട്ടർമാരുടെ എണ്ണം 90.30 ലക്ഷം വർധിച്ച് 15.03 കോടിയായി. ആദ്യമായി വോട്ട് ചെയ്യാനെത്തിയവരുടെ എണ്ണത്തിൽ 17.95 ശതമാനം കുറവാണ് ഇത്തവണയുള്ളത്.

രണ്ടാം തവണ വിജയം ഉറപ്പിച്ച് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി തുടരുമോയെന്നാണ് രാജ്യം നാളെ അറിയാനിരിക്കുന്നത്. ബിജെപി സർക്കാർ ഉത്തർപ്രദേശിൽ വൻ ഭൂരിപക്ഷത്തോടെ രണ്ടാംതവണയും വിജയം നേടുമെന്നാണ് പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. എക്‌സിറ്റ് ഫലങ്ങളിൽ അഞ്ച് സർവേകൾ ബിജെപിക്കും സഖ്യകക്ഷികൾക്കും 231-251 സീറ്റുകളാണ് പ്രവചിച്ചത്. അഖിലേഷ് യാദവിന്‍റെ സമാജ്‌വാദി പാർട്ടിക്ക് 135-155 സീറ്റുകളും സർവെ പ്രവചിക്കുന്നു.
ശക്തമായ പോരാട്ടം നടന്ന യുപിയിൽ യുവവോട്ടർമാരുടെ എണ്ണത്തിലുണ്ടായ ഈ കുറവ് നാളത്തെ വിധിയെ ഏതു തരത്തിലാണ് ബാധിക്കുകയെന്നും ഏവരും നിരീക്ഷിക്കുന്നുണ്ട്. ഉത്തർ പ്രദേശിൽ ബിജെപിക്ക് ഭരണം പിടിക്കാനായാൽ രാജ്യത്ത് ശക്തമായ സ്വാധീനം പാർട്ടിക്ക് ഇപ്പോഴും ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. കർഷക സമരവും കൊവിഡ് കൈകാര്യം ചെയ്‌തതിലെ പോരായ്‌മയും ഭരണവിരുദ്ധ വികാരവുമെല്ലാം അഖിലേഷ് യാദവിന് വോട്ടാക്കി മാറ്റാൻ സാധിച്ചില്ലെന്നാകും.
അതിനിടെ ഇവിഎം മെഷീനുകൾ മോഷ്‌ടിച്ചുവെന്ന ആരോപണവുമായി അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. വരാണസിയിലെ ബൂത്തിൽ നിന്ന് ഇവിഎം മെഷീനുകൾ നഷ്‌ടപ്പെട്ടുവെന്നാണ് അഖിലേഷിന്‍റെ ആരോപണം.
മാർച്ച് ഏഴിനാണ് യുപിയിലെ അവസാന ഘട്ട വോട്ടെടുപ്പും അവസാനിച്ചത്. യുപിയെ കൂടാതെ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളും ഫലപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ്. നാളെയാണ് വോട്ടെണ്ണൽ നടക്കുക. ഗോവ, മണിപ്പൂർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ ഫലവും നാളെ വരും. പഞ്ചാബിൽ എഎപിക്കും ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ ബി.ജെ.പി തൂത്തുവാരുമെന്നുമാണ് എക്‌സിറ്റ് പോള്‍ ഫലം.












Click it and Unblock the Notifications