സ്വർണ വിലയിലെ കുതിപ്പിന് സഡന്‍ ബ്രേക്ക്: ഒരാഴ്ചക്ക് ശേഷം വില താഴേക്ക്, ഇന്ന് തന്നെ വാങ്ങാം
വർഷാവസാനത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തിലെ സ്വർണ വിലയില്‍ വലിയ ഏറ്റക്കുറച്ചിലാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വം ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബർ 21 ന് ശേഷം അഞ്ച് തവണ വർധനവ് ഉണ്ടായതോടെ വില വീണ്ടും മുന്നോട്ട് കുതിക്കുകയാണെന്ന പ്രതീതിയുണ്ടായിരുന്നു. എന്നാല്‍ ഈ മുന്നേറ്റത്തിന് ബ്രേക്കിട്ടുകൊണ്ട് ഇന്ന് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്.
ഒരു പവന്‍ സ്വർണ്ണത്തിന് 120 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ദിവസത്തെ നിരക്കായ 57200 ല്‍ നിന്നും വില 57080 ലേക്ക് എത്തി. ഗ്രാം വിലയില്‍ 15 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. 7135 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണം വാങ്ങാന്‍ കേരള വിപണിയില്‍ നല്‍കേണ്ട വില. 57200 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ ഗ്രാം നിരക്ക്.

24 കാരറ്റിലും 18 കാരറ്റിലും സമാനമായ ഇടിവ് ദിവസങ്ങള്‍ക്ക് ശേഷം രേഖപ്പെടുത്തി. 24 കാരറ്റില്‍ പവന് 128 രൂപ കുറഞ്ഞതോടെ വില 62400 ല്‍ നിന്നും 62272 ലേക്ക് എത്തി. ഗ്രാം വില - 7784. മൂല്യം കുറഞ്ഞ 18 കാരറ്റ് സ്വർണത്തിന്റെ വിലയില്‍ പവന് 96 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വില 46800 ല്‍ നിന്നും 46704 ലേക്ക് ഇടിഞ്ഞു. ഗ്രാമിന് 12 രൂപ കുറഞ്ഞതോടെ നിരക്ക് 5850 ല്‍ നിന്നും 5838 രൂപയായി.
അന്താരാഷ്ട്ര വിപണിയിലും ഇന്നും സ്വർണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. സ്പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിനു 2,622.18 ഡോളര്‍ നിലവാരത്തിലാണ് ഇന്നത്തെ വ്യാപാരം. രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 76536 രൂപയാണ്.
22 കാരറ്റ് സ്വർണത്തിന് പവന് 57200 രൂപ എന്ന നിരക്കിലാണ് ഡിസംബറില്‍ കേരളത്തിലെ സ്വർണ വിപണി ആരംഭിച്ചത്. ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷം ഡിസംബർ 11 ന് വില 58280 ലേക്ക് എത്തി. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഡിസംബർ 20 ന് രേഖപ്പെടുത്തിയ 56320 ആണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
അതേസമയം, രാജ്യത്തെ സ്വർണ വില വരും വർഷവും മുന്നോട്ട് പോകുമെന്നാണ് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 2024 ന്റെ തുടക്കത്തില്‍ ഗ്രാമിന് 5875 രൂപയും പവന് 47,000 രൂപയുമുണ്ടായിരുന്ന വിലയാണ് 57000 ത്തിലേക്ക് എത്തിയിരിക്കുന്നത്. ഒക്ടോബർ 31 ന് 59640 രൂപയിലേക്ക് എത്തിയ വില പുതിയ റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു.












Click it and Unblock the Notifications