മണ്ഡല പുനർനിർണയം നടത്തിയാൽ കേരളത്തിന് എത്ര ലോക്സഭാ സീറ്റുകൾ നഷ്ടമാകും?
ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയത് ചരിത്ര നിമിഷമാണ്. എന്നാല്‍ സംവരണം നടപ്പില്‍ വരാന്‍ കാലതാമസമെടുക്കും. ബില്ലില്‍ പറയുന്നത് പ്രകാരം അടുത്ത മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം മാത്രമാകും സംവരണം നടപ്പില്‍ വരിക.
84ാമത് ഭരണഘടനാ ഭേദഗതി പ്രകാരം അടുത്ത മണ്ഡല പുനര്‍നിര്‍ണയം നടക്കേണ്ടത് 2026ലെ ജനസംഖ്യാ കണക്കെടുപ്പിന് ശേഷം മാത്രമാണ്. 2002ലാണ് അവസാനമായി മണ്ഡല പുനര്‍നിര്‍ണയം നടന്നത്. അന്ന് ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543 ആയി നിലനിര്‍ത്താനും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിച്ച സീറ്റുകളുടെ എണ്ണം അതുപോലെ നിലനിര്‍ത്താനും തീരുമാനിച്ചിരുന്നു. മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം സംസ്ഥാനത്തിനകത്ത് മാത്രമായി പരിമിതപ്പെടുത്തി.

2026ന് ശേഷമുളള മണ്ഡല പുനര്‍നിര്‍ണയം സംബന്ധിച്ച് രണ്ട് ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സീറ്റുകള്‍ അനുവദിക്കുക ഏറ്റവും പുതിയ സെന്‍സസ് വിവരങ്ങള്‍ അടിസ്ഥാനമാക്കിയാകുമോ എന്നതാണ് ആദ്യത്തെ ചോദ്യം. രണ്ടാമത്തെ ചോദ്യം ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543ല്‍ നിന്നും കൂട്ടാനായി ഭരണഘടനാ ഭേദഗതി ചെയ്യുമോ എന്നതാണ്.
2021ലെ ജനസംഖ്യാ കണക്കുകള്‍ പ്രകാരം 2026ന് ശേഷം മണ്ഡല പുനര്‍നിര്‍ണയം നടത്തുകയാണെങ്കില്‍ സീറ്റുകളുടെ കാര്യത്തില്‍ വലിയ മാറ്റമായിരിക്കും സംഭവിക്കുക. വടക്ക്, പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചേക്കും. അതേസമയം കിഴക്ക്, തെക്ക്, വടക്ക് കിഴക്ക് സംസ്ഥാനങ്ങള്‍ക്ക് സീറ്റുകളുടെ എണ്ണം കുറയും. ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം 543ല്‍ തന്നെ തുടരുകയാണെങ്കില്‍ വടക്ക്- പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്ക് 25ഓളം സീറ്റുകള്‍ കൂടുതലും തെക്ക്, കിഴക്ക്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അത്രയും തന്നെ സീറ്റുകള്‍ നഷ്ടപ്പെടാനുമാണ് സാധ്യത.
ഉത്തര്‍ പ്രദേശിനായിരിക്കും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പുതുതായി ലഭിക്കുക. 7 സീറ്റുകള്‍ യുപിയിലേക്ക് കൂട്ടിച്ചേര്‍ക്കുമ്പോള്‍ ബീഹാറിനും രാജസ്ഥാനും 5 വീതവും മധ്യപ്രദേശിന് നാലും മഹാരാഷ്ട്രയ്ക്ക് രണ്ടും ഝാര്‍ഖണ്ഡിനും ഹരിയാനയ്ക്കും ഓരോ സീറ്റ് വീതവും അധികം ലഭിക്കും. സീറ്റുകള്‍ നഷ്ടപ്പെടുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം അടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍.
കേരളത്തിന് 5 സീറ്റുകളില്‍ കുറവ് വരാനാണ് സാധ്യത. സംസ്ഥാനത്ത് നിലവില്‍ 20 ലോക്‌സഭാ സീറ്റുകള്‍ ആണുളളത്. തമിഴ്‌നാടിന്റെ സീറ്റുകളില്‍ 7 എണ്ണത്തിന്റെ കുറവുണ്ടാകും. ആന്ധ്രപ്രദേശിന് മൂന്നും ഒഡിഷയ്ക്ക് രണ്ടും സീറ്റുകള്‍ കുറഞ്ഞേക്കും. മേഘാലയ, മണിപ്പൂര്‍, ഗോവ, കര്‍ണാടക, തെലങ്കാന, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഓരോ സീറ്റ് വീതം കുറയും. മറ്റ് സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും സീറ്റുകളുടെ എണ്ണത്തില്‍ മാറ്റമുണ്ടായേക്കില്ല.












Click it and Unblock the Notifications