ജെഇഇ പെണ്‍കുട്ടികള്‍ക്ക് കടുപ്പം: യോഗ്യത നേടിയത് 17.3 ശതമാനം മാത്രം: വികലാംഗ വിഭാഗത്തില്‍ മുന്നേറ്റം
ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) അഡ്വാന്‍സ്ഡ് 2025-ന്റെ ഫലങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന് കഴിഞ്ഞു. ഐ ഐ ടി കാണ്‍പൂരിന്റെ മേല്‍നോട്ടത്തില്‍ നടന്ന പരീക്ഷയില്‍ ഐഐടി ഡല്‍ഹി സോണില്‍ നിന്നുള്ള രജിത് ഗുപ്തയാണ് അഖിലേന്ത്യാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. റാങ്ക് പട്ടിക വിശദമായി പരിശോധിക്കുമ്പോള്‍ രാജസ്ഥാനും തെലങ്കാനയും നടത്തിയ മുന്നേറ്റവും പെണ്‍കുട്ടികള്‍ക്ക് അവസാനഘട്ടത്തില്‍ നേരിടേണ്ടി വന്ന തിരിച്ചടിയും കാണാന്‍ സാധിക്കും.
ജെഇഇ മെയിന്‍ പരീക്ഷയില്‍ 31.3% പെൺകുട്ടികൾ പങ്കെടുത്തെങ്കിലും, ജെഇഇ അഡ്വാന്‍സിൽ യോഗ്യത നേടിയവരിൽ 17.3% മാത്രമാണ് പെൺകുട്ടികൾ. അതായത് ആദ്യഘട്ടത്തില്‍ മികവ് പുലർത്തിയ പല പെണ്‍കുട്ടികുട്ടികളും രണ്ടാഘട്ടത്തില്‍ പിന്നോട്ട് പോയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പശ്ചിമബംഗാളിൽ നിന്നുള്ള ദേവ്ദത്ത മാജി 360 ല്‍ 312 മാർക്ക് നേടി 5 വർഷത്തിനിടെ ടോപ്പ് 20-ൽ ഇടംനേടുന്ന ആദ്യ പെൺകുട്ടിയായും മാറി.

മെയിന്‍ പരീക്ഷയില്‍ യോഗ്യത നേടിയ 2.5 ലക്ഷം വിദ്യാർഥികളിൽ 54378 പേർ (21.7%) മാത്രമാണ് അഡ്വാന്‍സ് ക്ലിയർ ചെയ്തത്. ഇതില്‍ 9404 പേരാണ് പെണ്‍കുട്ടികള്‍. ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ 3.6% അഡ്മിഷൻ റേറ്റിനേക്കാൾ കടുപ്പമുള്ള ഈ യോഗ്യതാ നിരക്ക് ജെഇഇ യുടെ കാഠിന്യം കൂടുതല്‍ വ്യക്തമാക്കുന്നതാണ്. ഫലം jeeadv.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
ആകെ പരീക്ഷ എഴുതിയ വികലാംഗ (PwD) വിദ്യാർഥികളില്‍ 23.7 ശതമാനമാണ് യോഗ്യതാ നിരക്ക് മറികടന്നത്. ഇത് മൊത്തം യോഗ്യതാ നിരക്കായ 21.7%-നേക്കാൾ കൂടുതലാണ്. വികലാംഗ വിഭാഗത്തിലെ ടോപ്പർ 99.98729 എൻടിഎ സ്കോർ നേടിയ ചുഞ്ചികല ശ്രീചരണാണ്. ജനറൽ വിഭാഗത്തിലെ കട്ട്ഓഫ് മാർക്ക് 2024-ലെ 109/360-ൽ നിന്ന് 2025-ൽ 74/360-ലേക്ക് ഇടിഞ്ഞു എന്നതും ശ്രദ്ധേയമാണ്. ഈ കുറവ്, പരീക്ഷയുടെ ബുദ്ധിമുട്ട് വർധിച്ചതോ, തയ്യാറെടുപ്പിന്റെ ഗുണനിലവാരം കുറഞ്ഞതോ എന്ന ചർച്ചകൾക്കും വഴിതുറന്നിരിക്കുകയാണ്.
മെയ് 18-ന് നടന്ന പരീക്ഷയിൽ Paper 1, Paper 2 എന്നിങ്ങനെ രണ്ട് ഷിഫ്റ്റുകളുണ്ടായിരുന്നു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ ഉൾപ്പെട്ട പരീക്ഷയിൽ ആകെ 360 മാർക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. മാത്തമാറ്റിക്സാണ് ഏറ്റവും ബുദ്ധിമുട്ടുള്ള പരീക്ഷയെന്ന് വിദ്യാർത്ഥികള്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇന്നാണ് കൗൺസലിംഗ് രജിസ്ട്രേഷൻ ആരംഭിക്കുന്നത് 23 ഐ ഐ ടി കള്‍, 31 എന്‍ ഐ ടികൾ, 26 ഐ ഐ ഐ ടികൾ, 33 ജി എഫ് ടി ഐകൾ എന്നിവയിലേക്കാണ് അഡ്മിഷന്‍ നടത്തുക. രജിസ്ട്രേഷൻ josaa.nic.in എന്ന വെബ്സൈറ്റ് വഴി നടത്താം.












Click it and Unblock the Notifications