ഉത്തര്‍ പ്രദേശില്‍ ഇത് കോണ്‍ഗ്രസിന് 'സുവര്‍ണാവസരം'... അടിമുടി ഇളക്കിമറിച്ച് പ്രിയങ്ക; ബിജെപി ഭയക്കുന്നതെന്ത്?
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ഏറ്റവും അധികം കാലം ഭരണത്തിലിരുന്ന പാര്‍ട്ടി ഏതെന്ന് ചോദിച്ചാല്‍, അതിന് ഒരൊറ്റ ഉത്തരമേ ഉള്ളു- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. എന്നാല്‍, ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പതറുന്നതിനും മുന്നേ തന്നെ ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ അത് സംഭവിച്ചുകഴിഞ്ഞിരുന്നു. 1985 ലെ തിരഞ്ഞെടുപ്പിന് അപ്പുറം ഒരിക്കല്‍ പോലും യുപിയില്‍ ഒരു നിര്‍ണായക ശക്തിയായി മാറാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.
1985 ല്‍ 269 സീറ്റുകളോടെ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ് എന്നോര്‍ക്കണം. എന്നാല്‍ തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ ഇത് 94 ലേക്ക് ചുരുങ്ങി. അത്രയെങ്കിലും മികച്ച ഒരു പോരാട്ടം പിന്നീടൊരിക്കലും കോണ്‍ഗ്രസിന് ഉത്തര്‍ പ്രദേശില്‍ കാഴ്ചവയ്ക്കാന്‍ ആയിട്ടില്ല. ഇപ്പോള്‍ യുപിയില്‍ കോണ്‍ഗ്രസിന് തിരിച്ചുവരാനുള്ള അവസരമാണ് ലഭ്യമായിരിക്കുന്നത്.

ദേശവ്യാപകമായി നടക്കുന്ന കര്‍ഷക സമരത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ആ സമരത്തിന്റെ ശബ്ദമാകാനോ അതില്‍ നേതൃത്വപരമായ പങ്കുവഹിക്കാനോ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. തകര്‍ന്ന അടിത്തറ പുനര്‍നിര്‍മിക്കാന്‍, കര്‍ഷകസമരം പോലെ ഒരു സാധ്യത വേറെ ലഭിക്കില്ലെന്ന് ബോധ്യമുണ്ടായിട്ടും കോണ്‍ഗ്രസിന് അത് സാധ്യമാകുന്നില്ല. എന്നാല്‍ ഇപ്പോള്‍, എല്ലാ തളര്‍ച്ചകളില്‍ നിന്നും അവര്‍ക്ക് ഉയിര്‍ത്തെഴുന്നാല്‍ക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്.
സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനിടയിലേക്ക് വാഹനം ഓടിച്ചുകയറ്റി, നാല് കര്‍ഷകരെ കൊലപ്പെടുത്തിയതിന് പിന്നില്‍ ബിജെപിയുടെ കേന്ദ്രമന്ത്രിയുടെ മകന്‍ ആണെന്നാണ് ആക്ഷേപം. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഉത്തര്‍ പ്രദേശില്‍, ജനവികാരത്തെ ബിജെപിയ്ക്ക് എതിരെ തിരിക്കാന്‍ ഇതിലും മികച്ച ഒരു അവസരം കോണ്‍ഗ്രസിനോ മറ്റ് പ്രതിപക്ഷ കക്ഷികള്‍ക്കോ ലഭിക്കില്ല. ആ യാഥാര്‍ത്ഥ്യം അവരേക്കാളേറെ ഉള്‍ക്കൊണ്ടിരിക്കുന്നത് ബിജെപി നേതൃത്വം ആണോ എന്ന് കൂടി സംശയിക്കേണ്ടിയിരിക്കുന്നു.

ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ വേണ്ടിയാണ് പ്രിയങ്ക ഗാന്ധി എത്തിയത്. ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക സ്ഥാനമേറ്റിട്ട് വര്‍ഷം രണ്ട് കഴിഞ്ഞിരിക്കുന്നു. ഇതുവരെ, ആ അര്‍ത്ഥത്തില്‍ ഒരു മുന്നേറ്റമുണ്ടാക്കാന്‍ പ്രിയങ്കയ്‌ക്കോ കോണ്‍ഗ്രസിനോ സാധ്യമായിട്ടില്ല. അങ്ങനെ മാത്രം പറഞ്ഞാല്‍ പോര, ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം പരാജയം രുചിച്ച, രാഹുല്‍ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമായ അമേത്തി പോലും 2019 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നഷ്ടമാവുകയും ചെയ്തു. പാര്‍ട്ടിയുടെ മുന്‍നിര നേതാക്കള്‍ തുടര്‍ച്ചയായി കൊഴിഞ്ഞുപോകുന്ന സാഹചര്യവും ഉണ്ടായി.

എന്നാല്‍ അതുകൊണ്ടൊന്നും പ്രിയങ്ക ഗാന്ധി തളര്‍ന്നിരുന്നില്ല. സംസ്ഥാനത്ത് പാര്‍ട്ടിയെ വളര്‍ത്താനുള്ള പോരാട്ടത്തില്‍ അവര്‍ നിരന്തരം ഏര്‍പ്പെട്ടുകൊണ്ടിരുന്നു. രാജ്യത്തെ തന്നെ ഞെട്ടിപ്പിക്കുന്ന ഒട്ടനവധി സംഭവങ്ങള്‍ ഈ കാലയളവില്‍ ഉത്തര്‍ പ്രദേശില്‍ അരങ്ങേറിയിരുന്നു. അപ്പോഴെല്ലാം പ്രതിഷേധത്തിന്റെ ശബ്ദമുയര്‍ത്തി പ്രിയങ്ക മുന്നിലുണ്ടായിരുന്നു. പക്ഷേ, ആ പ്രതിഷേധങ്ങള്‍ക്കൊന്നും ഒരു തുടര്‍ച്ചയുണ്ടാക്കാനോ, അതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനോ പ്രിയങ്കയ്‌ക്കോ കോണ്‍ഗ്രസ് നേതൃത്വത്തിനോ കഴിഞ്ഞിരുന്നില്ല. സംഘടനാ സംവിധാനം പൂര്‍ണമായും തകര്‍ന്ന നിലയിലാണ് ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് എന്നത് തന്നെയാണ് കാരണം.

എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. കര്‍ഷക സമരത്തിന്റെ പ്രതിഫലനം ഉത്തര്‍ പ്രദേശില്‍ അങ്ങോളമിങ്ങോളം പലവിധത്തില്‍ പ്രകടമാണ്. അതിനിടയില്‍ ആണ് സമരത്തില്‍ പങ്കെടുത്ത നാല് കര്‍ഷകര്‍ കൊല്ലപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത്. കര്‍ഷക സമരത്തിനെതിരെ ബിജെപി നേതാക്കള്‍ പ്രകോപന പരമായ പല പരാമര്‍ശങ്ങളും നടത്തി വന്നതിന് പിറകെ ആയിരുന്നു ഇത്. ജനരോഷത്തിനൊപ്പം നിന്നുകൊണ്ടാണ് പ്രിയങ്ക ഈ വിഷയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. അത് രാഷ്ട്രീയമായി കോണ്‍ഗ്രസിന് എത്രത്തോളം ഗുണം ചെയ്യും എന്നതാണ് പരിശോധിക്കപ്പെടേണ്ടത്.

മുന്‍ സംഭവങ്ങളെ പോലെ അല്ല ഇപ്പോഴത്തേത് എന്ന ഒരു പ്രത്യേകതയും ഉണ്ട്. ലംഖിംപൂര്‍ ഖേരിയിലെ കൂട്ടക്കൊല നടന്നതുമുതല്‍ തന്നെ വാര്‍ത്തകളുടെ കേന്ദ്രമായി നിലനില്‍ക്കുന്നത് പ്രിയങ്ക ഗാന്ധിയാണ്. കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതുമുതല്‍ പ്രിയങ്ക ഗാന്ധി ഒരു ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. ഇത്തവണ തുടക്കത്തില്‍ ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാരിന് രാഷ്ട്രീയമായി പിഴയ്ക്കുകയും ചെയ്തു.

പ്രിയങ്ക ഗാന്ധിയെ ലഖിംപൂരിലെത്താതെ തടയാനുള്ള തീരുമാനം തന്നെ ആയിരുന്നു യുപി സര്‍ക്കാരിന്റെ ആദ്യ പരാജയം. അതിന് പിറകെ അവരെ തടങ്കലില്‍ വച്ചതും അറസ്റ്റ് ചെയ്തതും കൂടി ആയപ്പോള്‍ അത് പൂര്‍ണമാവുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദേശീയ മാധ്യമങ്ങളില്‍ പ്രിയങ്ക തിളങ്ങി നില്‍ക്കുകയാണ്. കര്‍ഷകരുടെ വിഷയത്തിലെ ഈ ഇടപെടല്‍ ഉത്തര്‍ പ്രദേശിലെ സാധാരണ ജനങ്ങളേയും ഏറെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രിയങ്കയെ മാത്രമല്ല, രാഹുല്‍ ഗാന്ധിയേയും തടയുന്ന നിലപാടായിരുന്നു ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ആദ്യം സ്വീകരിച്ചത്. എന്നാല്‍ അത് സൃഷ്ടിക്കുന്ന അപകടം തിരിച്ചറിഞ്ഞാണ് ഒടുവില്‍ അവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത് എന്ന് വേണം കരുതാന്‍. എന്തായാലും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പ്രിയങ്കയും രാഹുലും കോണ്‍ഗ്രസും ഉത്തര്‍ പ്രദേശില്‍ വലിയ ഇളക്കം സൃഷ്ടിച്ച് മുന്നേറുകയാണ്. ഈ ആവേശം തിരഞ്ഞെടുപ്പോളം തുടര്‍ന്നുകൊണ്ടുപോകാന്‍ ആയാല്‍, ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് സ്ഥിതി മെച്ചപ്പെടുത്താന്‍ ആകുമെന്ന് തന്നെ കരുതാം.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിന്റേയോ 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റേയോ സാഹചര്യമല്ല ഇപ്പോഴത്തെ ഉത്തര്‍ പ്രദേശില്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 80 ല്‍ 62 മണ്ഡലത്തിലും ബിജെപി വിജയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 403 ല്‍ 312 എണ്ണത്തിലും. എന്നാല്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് കീഴില്‍ ഉത്തര്‍ പ്രദേശിലെ ബിജെപിയും സാധാരണ ജനങ്ങളും അത്ര തൃപ്തരല്ല. അത്തരം ഒരു ഭയം ബിജെപി ദേശീയ നേതൃത്വത്തിനും ആര്‍എസ്എസിനും ഉണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
Recommended Video

സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ഇപ്പോഴും ഉത്തര്‍ പ്രദേശിലെ നിര്‍ണായക ശക്തികള്‍ തന്നെയാണ്. അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ എസ്പി രാഷ്ട്രീയ കരുനീക്കങ്ങള്‍ നേരത്തേ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ബിഎസ്പി ആണെങ്കില്‍ ദളിതരെ കൂടാതെ ബ്രാഹ്മണ സമൂഹത്തേയും കൂടെ നിര്‍ത്താനുള്ള തത്രപ്പാടിലും ആണ്. പ്രതിപക്ഷ വോട്ടുകള്‍ ഇത്തരത്തില്‍ വിഭജിച്ചുരപോകുന്നത് ആത്യന്തികമായി തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇത്തവണയും ബിജെപി.












Click it and Unblock the Notifications