കര്‍ണാടകയില്‍ നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് മദ്യ നിരോധനം.. കാരണമിത്, വലിയ നഷ്ടമുണ്ടാകുമെന്ന് മുന്നറിയിപ്പ്
ബെംഗളൂരു: കര്‍ണാടകയില്‍ ജൂണ്‍ ആദ്യ വാരം അഞ്ച് ദിവസത്തേക്ക് മദ്യ നിരോധനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെയും ഫല പ്രഖ്യാപനം പ്രമാണിച്ചാണ് ജൂണ്‍ ആദ്യവാരം ആറ് ദിവസത്തേക്ക് കര്‍ണാടകയില്‍ മദ്യവില്‍പന നിരോധിക്കുന്നത്. കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ജൂണ്‍ നാലിന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവും നടക്കുന്നതിനാല്‍ ജൂണ്‍ 1 മുതല്‍ 4 വരെ മദ്യവില്‍പ്പന നിരോധിക്കും.
ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന ജൂണ്‍ 6 നും ഡ്രൈ ഡേ ആയിരിക്കും. 1951 ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചാണ് തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പെങ്കിലും മദ്യവില്‍പ്പനയും ഉപഭോഗവും നിരോധിക്കുന്നത്. ഈതീയതികളില്‍ മദ്യത്തിന്റെ ഉത്പാദനം, വില്‍പ്പന, വിതരണം, ഗതാഗതം, സംഭരണം എന്നിവ നിരോധിക്കും എന്നാണ് സംസ്ഥാനത്തെ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

മദ്യശാലകള്‍, വൈന്‍ ഷോപ്പുകള്‍, ബാറുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി മദ്യം വിളമ്പുന്ന എല്ലാ സ്വകാര്യ ഇടങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കി. അതേസമയം മദ്യ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ മുന്‍കൂട്ടി മദ്യം വാങ്ങി സ്റ്റോക്ക് ചെയ്യാന്‍ ശ്രമിച്ചതിനാല്‍ വെള്ളിയാഴ്ച സംസ്ഥാനത്തെ മദ്യശാലകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
അതേസമയം നിരോധനം ഭാഗികമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റസ്റ്റോറന്റ്, പബ് ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വാരാന്ത്യങ്ങളില്‍ നിരോധനം പിന്‍വലിക്കാനും വോട്ടെണ്ണല്‍ ദിവസങ്ങളില്‍ വൈകുന്നേരം 6 മണിക്ക് ശേഷം വില്‍പ്പന അനുവദിക്കാനും തങ്ങള്‍ ആവശ്യപ്പെടുന്നു എന്ന് നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ബെംഗളൂരു ഘടകം മേധാവി ചേതന്‍ ഹെഗ്ഡെ പറഞ്ഞു.
നഗരത്തിലെ റെസ്റ്റോറന്റുകളും ബാറുകളും തങ്ങളുടെ ബിസിനസിന്റെ ഏകദേശം 20% ബാധിക്കുമെന്ന ആശങ്കയിലാണ്. സ്പോര്‍ട്സ് സ്‌ക്രീനിങ്ങുകള്‍ക്ക് പേരുകേട്ട ഡോഫ് പബ്ബും കഫേയും ഐസിസി ടി20 ലോകകപ്പ് ടൂര്‍ണമെന്റിന്റെ ആദ്യ ദിവസങ്ങളില്‍ അടച്ചിടും. ഇത് നിര്‍ണായക ദിവസങ്ങളാണ്. ഇന്ത്യ കളിക്കുന്നില്ലെങ്കിലും മത്സരങ്ങള്‍ കാണാന്‍ ആളുകള്‍ എത്താറുണ്ട്. വാരാന്ത്യത്തില്‍ കട പൂട്ടുന്നത് വലിയ നഷ്ടമായിരിക്കും എന്ന് മാനേജര്‍ വിശ്വ പറയുന്നു.
അതേസമയം ജൂണ്‍ അവസാനത്തോടെ നഷ്ടം നികത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് സെന്റ് മാര്‍ക്സ് റോഡിലെ സ്‌കോട്ടിഷ് പബ്ബിന്റെ മാനേജര്‍ പ്രിന്‍സ് പറഞ്ഞു. ''മദ്യ നിരോധനത്തെക്കുറിച്ച് മുന്‍കൂട്ടി അറിയാമായിരുന്നതിനാല്‍, ഞങ്ങള്‍ പരിപാടികളൊന്നും ആസൂത്രണം ചെയ്തില്ല. അതിനാല്‍ അതൊരു നല്ല കാര്യമാണ്. ബാക്കിയുള്ള മാസങ്ങള്‍ മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications