അമേരിക്കന്‍ സഹായം നിലച്ചു; ഇന്ത്യയിലെ ആദ്യത്തെ മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍ ക്ലിനിക്കുകള്‍ അടച്ചുപൂട്ടി
ഹൈദരാബാദ്: അമേരിക്കയുടെ വിദേശ സഹായ ഏജന്‍സിയായ യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റിന്റെ (യുഎസ്എഐഡി) ധനസഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യയിലെ ട്രാന്‍സ്ജെന്‍ഡര്‍ ക്ലിനിക്കുകള്‍ അടച്ചുപൂട്ടി. രാജ്യത്തെ ആദ്യത്തെ മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍ ക്ലിനിക്കുകളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഏജന്‍സിയുടെ നേതൃത്വത്തില്‍ നടത്തുന്ന വിദേശ സഹായ പദ്ധതികള്‍ക്കുള്ള ഫണ്ട് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം മരവിപ്പിച്ചതിനു ശേഷമാണ് ധനസഹായം നിലച്ചത്.
ഹൈദരാബാദ്, കല്യാണ്‍, പൂനെ എന്നിവിടങ്ങളിലുള്ള മിത്ര് ക്ലിനിക്കുകളാണ് അടച്ചുപൂട്ടിയത്. 5,000 പേര്‍ക്ക് സേവനം ലഭിച്ചിരുന്ന ചികിത്സാ കേന്ദ്രങ്ങളാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ചികിത്സയ്ക്കായി ഈ ക്ലിനിക്കുകളെ ആശ്രയിച്ചിരുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ വലിയ ആശങ്കയിലാണ്. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരേ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളാണ് ട്രംപ് സ്വീകരിക്കുന്നത്. അമേരിക്കയിലെ നികുതിദായകരുടെ പണം ഇത്തരം ധനസഹായങ്ങള്‍ക്ക് നല്‍കേണ്ടതില്ല എന്നാണ് ട്രംപിന്റെ നിലപാട്. ട്രംപ് ക്യാബിനറ്റിലെ കാര്യക്ഷമതാ വകുപ്പ് മേധാവിയായ ഇലോണ്‍ മസ്‌കും റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കെന്നഡിയും ട്രാന്‍സ്ജെന്‍ഡര്‍ ഫണ്ടിങ്ങിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.
അമേരിക്ക ഫസ്റ്റ് നയത്തിന്റെ ഭാഗമായാണ് വിദേശത്തേക്ക് ധനസഹായം നല്‍കുന്ന എല്ലാ പദ്ധതികളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് ഈ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയത്.

ഹോര്‍മോണ്‍ തെറാപ്പിയെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശവും മരുന്നും മാനസികാരോഗ്യം, എച്ച്‌ഐവി, മറ്റ് ലൈംഗിക രോഗങ്ങളെ കുറിച്ചുള്ള കൗണ്‍സിലിങ്, നിയമ സഹായം ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് ചികിത്സയ്ക്ക് പുറമെ ഈ ക്ലിനിക്കുകളില്‍ നിന്നും നല്‍കിയിരുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നുള്ള ഡോക്ടര്‍മാരും കൗണ്‍സിലര്‍മാരും മറ്റ് ജീവനക്കാരുമാണ് ക്ലിനിക്ക് നടത്തിയിരുന്നത്.
അതേസമയം, എച്ച്‌ഐവി ബാധിതര്‍ക്ക് ആന്റി റിട്രോവൈറല്‍ മരുന്നുകള്‍ നല്‍കുന്നത് ഉള്‍പ്പെടെ ചില ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ യുഎസ്എഐഡിയില്‍ നിന്ന് ഇളവ് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. മൂന്ന് ക്ലിനിക്കുകളെയും ആശ്രയിച്ചിരുന്നവരില്‍ പത്ത് ശതമാനം പേര്‍ എച്ച്‌ഐവി ബാധിതരാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications