സഭയുടെ കാശ് വിറ്റ് പുട്ടടിക്കും, മാര്‍ ആലഞ്ചേരി/യെ വിമര്‍ശിച്ച് അഡ്വ ജയശങ്കര്‍
എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.ഭൂമി ഇടപാട് സംബന്ധിച്ച് തനിക്കെതിരെ എന്ത് നടപടി സ്വീകരിക്കാനും തന്നെ മാറ്റാനും പോപ്പിന് മാത്രമേ അധികാരമുള്ളൂ എന്ന മാര്‍ ആലഞ്ചേരിയുടെ വിചിത്ര വാദത്തെ തള്ളിയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
കർദ്ദിനാളിനെ കൂടാതെ ഫാദർ ജോഷ് പൊതുവ, ഫാദർ വടക്കുമ്പാടൻ, ഇടനിലക്കാരൻ സജു വർഗീസ് എന്നിവർക്കെതിരെയും അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശിച്ചു. മജിസ്ട്രേറ്റ് തല അന്വേഷണത്തിനൊപ്പം പോലീസ് അന്വേഷണവും വേണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.ഭൂമി ഇടപാടിൽ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി, കൂടുതൽ തെളിവുകൾ കണ്ടെത്താൻ അന്വേഷണം അനിവാര്യമാണെന്നും വിലയിരുത്തി.ഇതിന് പിന്നാലെയാണ് മാര്‍ ആലഞ്ചേരിയെ വിമര്‍ശിച്ച് അഡ്വ ജയശങ്കര്‍ പോസ്റ്റിട്ടത്.

ഹരജി
ഭൂമി ഇടപാടിലൂടെ രൂപതയ്ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായ സംഭവത്തിൽ അന്വേഷണം നടത്തണമെന്നും, കർദ്ദിനാളിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് വിശ്വാസികളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹരജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കുന്നതിനിടെയാണ് തനിക്കെതിരെ എന്ത് നടപടികൾ സ്വീകരിക്കാനും, തന്നെ മാറ്റാനും പോപ്പിന് മാത്രമേ അധികാരമുള്ളുവെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞത്.

തിരുസഭയ്ക്ക് ഒന്നും ബാധകമല്ല
ഇതിനെതിരെയാണ് ജയശങ്കര്‍ പോസ്റ്റിട്ടത്. പോസ്റ്റ് ഇങ്ങനെ
എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി കച്ചവടത്തെ പറ്റി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് കേരള ഹൈക്കോടതി കല്‍പിച്ചു. ഇന്ത്യാ മഹാരാജ്യത്തെ നിയമവ്യവസ്ഥ കത്തോലിക്കാ തിരുസഭയ്ക്ക് ബാധകമല്ല.

പുട്ടടിക്കും ആര് ചോദിക്കാന്‍
കാനോന്‍ നിയമപ്രകാരം സഭയുടെ വസ്തുവകകള്‍ തന്നിഷ്ട പ്രകാരം വിറ്റ് പുട്ടടിക്കാന്‍ തനിക്ക് അധികാരമുണ്ട്, ദൈവദത്തമായ ആ അധികാരത്തെ ചോദ്യം ചെയ്യാന്‍ ദൈവത്തിന് പോലും അധികാരമില്ല എന്നായിരുന്നു അത്യുന്നത കര്‍ദിനാളിന്‍റെ അവകാശവാദം. പൊലീസിന്‍റെ നിലപാടും ഏറെക്കുറെ അതുതന്നെയായിരുന്നു.

മാണിയെ കുരിശില്‍ തറിച്ച അതേ ജഡ്ജി
എന്നാല്‍ ബഹുമാനപ്പെട്ട ഹൈക്കോടതിക്ക് അത് തീരെ ബോധ്യമായില്ല. കര്‍ദിനാളിന് തെറ്റാവരമില്ല, കാനോന്‍ നിയമത്തിനും മുകളിലാണ് ഇന്ത്യന്‍ ഭരണഘടന എന്ന് വിധി കല്‍പിച്ചു. ജസ്റ്റിസ് ബി കമാല്‍ പാഷയാണ് ഐതിഹാസികമായ ഈ വിധിന്യായം എഴുതിയത്. കഷ്ടിച്ച് മൂന്നു കൊല്ലം മുമ്പ്, നിതാന്ത വന്ദ്യ ദിവ്യശ്രീ കരിങ്ങോഴക്കല്‍ മാണിയെ കുരിശില്‍ തറച്ചതും ഇതേ ജഡ്ജി ആയിരുന്നു.

ആരുണ്ട് ചോദിക്കാന്‍
സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന പരാമര്‍ശത്തെ തുടര്‍ന്ന് പാവം മാണി രാജിവെച്ചു. എന്നാല്‍, കമാല്‍ പാഷ കേസെടുക്കാന്‍ കല്‍പിച്ചു എന്നുകരുതി കര്‍ദിനാള്‍ സ്ഥാനം ഉപേക്ഷിക്കാന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തയ്യാറല്ല. അദ്ദേഹം ആമരണം മേജര്‍ ആര്‍ച്ച് ബിഷപ്പായി തുടരും. സഭയുടെ വസ്തുക്കള്‍ ഇനിയും വില്ക്കും, കാശ് പുട്ടടിക്കും. ആരുണ്ട് ചോദിക്കാന്‍? ജയശങ്കര്‍ കുറിച്ചു.












Click it and Unblock the Notifications