28 ദിവസത്തെ ക്വാറന്റൈൻ കാലത്തിന് ശേഷം കൊവിഡ് പോസിറ്റീവ്, കാരണം അറിയാം,കുറിപ്പ്
തിരുവനന്തപുരം: ഒരു ഘട്ടത്തില്‍ കൊവിഡ് രോഗികളേക്കാളും കൂടുതല്‍ രോഗം ഭേദപ്പെടുന്നവരുടെ എണ്ണമുണ്ടായത് കേരളത്തെ ആശ്വാസത്തിലാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ് ഉണ്ടായിരിക്കുകയാണ്.
ലക്ഷണമില്ലാതെ രോഗം കണ്ടെത്തുന്നതും ക്വാറന്റൈന്‍ പിരീഡ് കഴിഞ്ഞതിന് ശേഷം കൊവിഡ് സ്ഥിരീകരിക്കുന്നതും കേരളത്തിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നു. ഇതേക്കുറിച്ച് കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി ഇക്ബാല്‍ എഴുതിയ കുറിപ്പ് വായിക്കാം:

ആശയക്കുഴപ്പമുണ്ടാക്കി
കോവിഡ് നിരീക്ഷണ കാലത്തിന് (ക്വാറന്റൈൻ കാലം) ശേഷവും (14-28 ദിവസം) ചിലരിൽ പി സി ആർ വൈറൽ ടെസ്റ്റ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. പി സി ആർ ടെസ്റ്റിൽ വൈറസിന്റെ ആർ എൻ എ ഘടകമാണ് പരിശോധിക്കുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണം പ്രകടിപ്പിക്കുന്നത് വരെയുള്ള കാലമാണ് ഇൻക്യുബേഷൻ പിരീഡ് (Incubation Period). ഇത് ഒന്ന് മുതൽ 14 ദിവസം വരെയാകാമെങ്കിലും മിക്കവാറും 5-6 ദിവസങ്ങൾക്കകം ഇൻക്യുബേഷൻ കാലം അവസാനിച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും.

രോഗ ലക്ഷണമില്ലാത്ത രോഗികൾ
മിക്ക കേസുകളിലും തുടർന്ന് രോഗം 8 ദിവസം വരെ നീണ്ട് നിൽക്കാം. ചുമ, പനി, ശ്വാസ തടസ്സം തുടങ്ങിയവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങൾ. ഈ കാലയളവിൽ രോഗിയിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാൻ (Infective Period) സാധ്യതയുണ്ട്. കേരളത്തിൽ പലരിലും രോഗകാലത്ത് രോഗലക്ഷണം പ്രകടിപ്പിച്ചതായി കാണുന്നില്ല. ഇവരെയാണ് രോഗ ലക്ഷണമില്ലാത്ത രോഗികൾ (Asymptomatic Patients) എന്ന് വിളിക്കുന്നത്..

പിന്നീടും പോസിറ്റീവ് ആകാം
പി സി ആർ ടെസ്റ്റ് ഇൻക്യുബേഷൻ പിരീഡിന്റെ അവസാന രണ്ട് ദിവസം മുതൽ രോഗലക്ഷണങ്ങൾ അവസാനിക്കുന്നത് വരെയാണ് സാധാരണ ഗതിയിൽ പോസിറ്റീവായിരിക്കുക. എന്നാൽ ചിലരിൽ ഇത് പിന്നീടും പോസിറ്റീവ് ആകാം. എന്നാൽ അവർക്ക് രോഗവ്യാപന സാധ്യത (Infectivity) ഉണ്ടാവില്ല. മറ്റുള്ളവരിലേക്ക് രോഗം പകരില്ലെന്നർത്ഥം. രോഗശമന ശേഷം രോഗിയുടെ ശരീരത്തിൽ നിന്നും രോഗ വ്യാപനത്തിനാവശ്യമായ അളവിൽ (<100000) വൈറസ് പുറത്തേക്ക് വരില്ല.

വൈറസ് മാലിന്യം
ഈ ഘട്ടത്തിൽ പുറത്തേക്ക് വരുന്ന വൈറസ് ഘടകങ്ങളെ വൈറസ് മാലിന്യം (Virus Litter) എന്ന് ചില വിദ്ഗ്ധർ വിളിക്കുന്നുണ്ട്. പി സി ആർ പോസിറ്റീവായ ഒരാൾക്ക് രോഗവ്യാപന സാധ്യതയുണ്ടോ എന്നറിയാൻ മൂന്ന് ടെസ്റ്റ്കളിലേതെങ്കിലും ഒന്ന് ചെയ്ത് നോക്കാവുന്നതാണ്. വൈറസിനെ കൾചർചെയ്യുക (Viral Culture) എന്നതാണ് ആദ്യത്തേത്. വൈറസിനെ കൃത്രിമ മാധ്യമങ്ങളിൽ വളർത്തിയെടുക്കാനാണ് കൾചറിൽ ശ്രമിക്കുന്നത്. ലെവൽ -3 ലാബറട്ടറിയിൽ മാത്രമേ വൈറസ് കൾചർ ചെയ്യാനാവൂ.

വൈറസ് ആന്റിജൻ ടെസ്റ്റ്
കേരളത്തിൽ അതിന് സൌകര്യമില്ല. പൂനയിലെ നാഷണൽ വൈറോളജി ലാബറട്ടറിയിൽ അയക്കേണ്ടിവരും. മറ്റൊന്ന് ആന്റിബോഡി ടെസ്റ്റ് ചെയ്യുക എന്നതാണ്. ഐ ജി എം (IgM) ആന്റിബോഡിയുണ്ടെങ്കിൽ രോഗം ഇപ്പോഴുമുണ്ടെന്നും ഐ ജി ജി യും ഐ ജി എമ്മുമും ഉണ്ടെങ്കിൽ (IgG+IGM) രോഗ ഭേദമായെന്നും കരുതാവുന്നതാണ്. വൈറസ് ആന്റിജൻ ടെസ്റ്റാണ് മറ്റൊരു രീതി. അന്റിജൻ ടെസ്റ്റ് പോസിറ്റീവായാൽ രോഗമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.

ആശയക്കുഴപ്പവും ആശങ്കയും ആവശ്യമില്ല
ശ്രീ ചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആന്റിജൻ ടെസ്റ്റ് വികസിപ്പിച്ചെടുക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. പി സി ആർ ടെസ്റ്റ് പോസ്റ്റിറ്റ് ആണോയെന്ന് ഉറപ്പ് വരുത്തുന്നതിനായി മറ്റൊരു ലാബിൽ കൂടി പരിശോധിക്കുന്നതും പരിഗണിക്കാവുന്നതാണ്. ഇന്നത്തെ സ്ഥിതിയിൽ ആന്റിബോഡി കിറ്റ് ലഭ്യമായി കഴിഞ്ഞാൽ സംശയമുള്ള കേസുകളിൽ ആന്റിബോഡി ടെസ്റ്റ് ചെയ്ത് നോക്കുന്നതാവും ഉചിതം. ഏതായാലും ഇക്കാര്യത്തിൽ ആശയക്കുഴപ്പവും ആശങ്കയും ആവശ്യമില്ല.












Click it and Unblock the Notifications