Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോഡിലെ സുരക്ഷയില്‍ എത്യോപ്യ നമ്മളേക്കാള്‍ ഭേദം'; വീണ് പരിക്കേറ്റതിനെക്കുറിച്ച് പോസ്റ്റുമായി ഡോ. എസ്എസ് ലാല്‍

സംസ്ഥാനത്തെ പൊതു ഇടങ്ങളിലെ സുരക്ഷാ സംവിധാനങ്ങളിലെ പിഴവിന്റെ ഇരയായി പ്രമുഖ ആരോഗ്യ പ്രവര്‍ത്തകന്‍ ഡോ. എസ്എസ് ലാല്‍. കാന്‍സറുമായി ബന്ധപ്പെട്ട ഒരു അന്തര്‍ദേശീയ സമ്മേളനത്തിന്റെ ആലോചനാ യോഗത്തിന് തിരുവനന്തപുരത്തെത്തിയ എസ്എസ് ലാലിന് വീണു പരിക്കേറ്റു. പഞ്ചനക്ഷത്ര ഹോട്ടലിലെ സുരക്ഷാ വീഴ്ച്ചയാണ് അപകടത്തിന് കാരണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു.

നമ്മുടെ നാട്ടിലെ പൊതു ഇടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങളിലെ അപാകതയാണ് പല അപകടങ്ങളിലേക്കും നയിക്കുന്നതന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി ആഭ്യന്തര പ്രശ്‌നങ്ങളുള്ള ഐത്യോപ്യ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പൊതുസ്ഥലങ്ങളിലെ സുരക്ഷാ നമ്മളേക്കാള്‍ ഭേദപ്പെട്ട നിലയിലാണെന്നും അദ്ദേഹം എഴുതുന്നു.

ss lal

വീഴ്ച്ചയെത്തുടര്‍ന്ന് സമീപത്തുളള സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോകാതെ സ്വകാര്യ ആശുപത്രിയെ സമീപിച്ചതിനെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. വിദഗ്ധരായ ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ടായിരുന്നിട്ടും ആശുപത്രികള്‍ക്ക് താങ്ങാന്‍ കഴിയാവുന്നതിലും അധികം രോഗികളാണ് എത്തുന്നത്. അവിടെയെത്തുന്ന പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് സ്വകാര്യ ആശുപത്രിയിലേക്കു പോയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണ ക്ഷാമത്തെക്കുറിച്ച് ഉന്നയിച്ച യൂറോളജി വിഭാഗം തലവന്‍ ഡോ: ഹാരിസിനെയും ഡോ. എസ്എസ് ലാല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പിന്തുണയ്ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

ഒരു മാസം യാത്രകൾ മുടങ്ങും

രണ്ട് ദിവസം മുമ്പാണ് സംഭവം. വെള്ളിയാഴ്ച രാത്രി 8.30 ന്. ഒരു വീഴ്ച. കണങ്കാൽ (ankle) - ൻ്റെ പിന്നിലെ അക്കിലിസ് എന്ന ടെൻ്റനിൽ പൊട്ടൽ. മാസപേശിയെ അസ്ഥിയിൽ യോജിപ്പിക്കുന്ന ഭാഗമാണ് ടെൻ്റൻ.

അസ്ഥിയുടെ ഒടിവുപോലെ തന്നെയാണ് ചിലപ്പോൾ ടെൻ്റൻ പൊട്ടിയാൽ ചികിത്സ. ഇന്ന് രാവിലെ ശസ്ത്രക്രിയ ചെയ്തു. കുറച്ച് ആഴ്ചകൾ കാലിൻ്റെ പുറത്ത് ഇതുപോലെ പ്ലാസ്റ്റർ വേണം.
ആദ്യ നാല് ആഴ്ച ഇടത് കാൽ നിലത്ത് കുത്താൻ പാടില്ല. അതിനാൽ ഒരു മാസം യാത്രകൾ ഒഴിവക്കാനാണ് ഉപദേശം. ഒരുപാട് പാർട്ടി യോഗങ്ങളും പൊതുപരിപാടികളും പ്രഭാഷണങ്ങളും ക്ലാസുകളം ഏറ്റിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ചില പ്രധാന ഔദ്യോകിക യാത്രകളും മുടങ്ങും. അപകടം പറ്റിയപ്പോഴേ ഞാൻ പ്രശ്നങ്ങൾ ഉള്ളിൽ അംഗീകരിച്ചു. ഈ ദിവസങ്ങളിൽ ഓൺലൈൻ സംവിധാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരും.

എനിക്ക് പറയേണ്ടത് മറ്റു ചില കാര്യങ്ങളാണ്. ഈ ആമുഖമില്ലാതെ അത് പറയാൻ കഴിയാത്തതുകൊണ്ടാണ് എൻ്റെ പ്രശ്നം പറഞ്ഞ് വിഷയം തുടങ്ങിയത്. പിന്നെ ചില കാര്യങ്ങൾ പറയാൻ അവസരവുമായി. പ്രധാനമായും പൊതു സ്ഥലങ്ങളിലെ നമ്മുടെ നാട്ടിലെ സുരക്ഷ സംവിധാനങ്ങളെക്കുറിച്ചാണ് ആദ്യം എഴുതുന്നത്.

തിരുവനന്തപുരത്തെ ഒരു മുന്തിയ ഹോട്ടലാണ്. ഫൈവ് സ്റ്റാർ. കാൻസറിനെപ്പറ്റി ഇന്നലെ തുടങ്ങിയ ഒരു അന്തർദേശീയ സമ്മേളനത്തിൻ്റെ ആലോചനായോഗത്തിന് തലേ ദിവസം പോയതാണ്. ഇന്നലത്തെ ആദ്യ സെഷനിൽ എൻ്റെ സംഭാഷണവും ഉൾപ്പെടുത്തിയിരുന്നു. അതിൻ്റെ തയ്യാറെടുപ്പിനാണ് ഞാൻ പോയത്.

ചർച്ച കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഉണ്ടായതാണ് വീഴ്ച. ഗ്ലാസ് കൊണ്ടുള്ള ഒരു വലിയ ഡോർ തുറന്ന് ഇറങ്ങിയതാണ്. ഞാൻ നിന്ന നിരപ്പാണ് മറുവശത്തുമെന്ന് ധരിച്ചു. കളർ ഫിലിം ഒട്ടിച്ചതായിരിക്കണം, ആ ഗ്ലാസ് കതക് മറുവശത്തെ കാഴ്ച തന്നില്ല. ഫ്റോർ ആണെന്ന് കരുതി ചവുട്ടിയപ്പോൾ ഒന്നര അടിയെങ്കിലും താഴേക്ക് വീണു. ആ ഡോർ തുറന്നത് മുൻവശത്തുള്ള ഹോട്ടൽ വക സിമൻ്റിട്ട റോഡിലേയ്ക്കായിരുന്നു.

ഇത്രയും വലിയൊരു ഹോട്ടലിൻ്റെ വിസ്തൃതമായ ലോബിക്ക് സമാനമായ ഭാഗത്ത് പുറത്തേയ്ക്കിറങ്ങാനുള്ള വഴി എവിടെയും എഴുതിവച്ചു കണ്ടില്ല. നിർദ്ദേശം നൽകാൻ ഒരു സ്റ്റാഫുമില്ല. ആദ്യം ഒരു വലിയ ഓട്ടോമാറ്റിക് ഡോറിന് മുന്നിൽ ചെന്നപ്പോൾ അത് തുറന്നില്ലായിരുന്നു. അവിടെയും മറ്റാരുമില്ല. അല്പം മാറി ഒരു വശത്ത് ഗ്ലാസ് ചുമരിനപ്പുറം മറ്റൊരു ഇടനാഴി കണ്ടു. അവിടെ നിന്നും പുറത്തേയ്ക്കുള്ള ഒരു വലിയ കണ്ണാടി വാതിൽ കണ്ടു. അവിടേയ്ക്ക് നടന്ന് ആ വാതിൽ തുറന്ന് ഞാൻ കാൽ വച്ചതാണ്. അത് തുറക്കുന്നത് ഒന്നരയടി താഴെ റോഡിലേയ്ക്കാണെന്ന് ഒരാൾക്ക് ഊഹിക്കാൻ കഴിയില്ല. ഭിത്തികളിൽ സൂചനകളും ഇല്ല. ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ഇങ്ങനെ പാടില്ല.

നിരവധി രാജ്യങ്ങളിൽ ജീവിച്ചിട്ടുള്ള ഞാൻ ഏതെങ്കിലും രാജ്യത്തെ മെച്ചപ്പെട്ട സുരക്ഷയയെപ്പറ്റി പറയുമ്പോൾ സാർ, നമ്മുടെ രാജ്യം പാവപ്പെട്ട രാജ്യമല്ലേ എന്ന് ചോദിക്കുന്ന ചിലരുരുമുണ്ട്. സുരക്ഷയെപ്പറ്റി നമ്മുടെ ധാരണകൾ കുറവും അപകടങ്ങളിലെ ക്ഷമ കൂടുതലുമാണ് എന്നതാണ് സത്യം.

കിഴക്കൻ തിമോർ ലോകത്തെ ഏറ്റവും ദരിദ്ര രാജ്യമായിരുന്നപ്പോൾ അവിടെ ഞാൻ ജീവിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പും ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ പോയിരുന്നു. നിരവധി പ്രശ്നങ്ങളുള്ള രാജ്യങ്ങളാണെങ്കിലും പൊതുസ്ഥലങ്ങളിലെ ചില സുരക്ഷാ കാര്യങ്ങളിൽ നമ്മളേക്കാൾ ഭേദപ്പെട്ട സംവിധാനങ്ങൾ ഇവിടങ്ങളിലും കണ്ടിട്ടുണ്ട്.

അമേരിക്കയിലെയും യൂറോപ്പിലെയുമൊക്കെ പൊതുസ്ഥലങ്ങളിൽ വെള്ളം വീണ് നനഞ്ഞാൽ അവിടെ ചുവന്ന മുന്നറിയിപ്പ് ബോർഡ് വയ്ക്കും. ഒരു വർഷം മുമ്പ് ബോംബേ അന്തർദേശീയ വിമാനത്താവളത്തിൽ വന്നിറങ്ങി ആഭ്യന്തര വിമാനത്താവളത്തിലേയ്ക്കുള്ള ഷട്ടിൽ ബസ് കയറാൻ നടക്കുന്ന വഴിയിൽ മഴ നനഞ്ഞ് വെള്ളം കിടക്കുകയായിരുന്നു. ബസിലേയ്ക്ക് നടന്ന ഞാനുൾപ്പെടെ പലരും തെന്നി വീണു. കൈയിലെ ബാഗിൽ പിടിയുണ്ടായിരുന്നതിനാൽ എനിക്ക് അപകടം പറ്റിയില്ല. അവിടെയുള്ള ബാക്കി മനുഷ്യർ ഒരു സാധാരണ കാഴ്ചപോലെ അത് കണ്ടു നിന്നു.

എൻ്റെ അമ്മ മരിച്ചതിന് പത്തു കൊല്ലം മുമ്പ് വരെ ആരോഗ്യ സംരക്ഷണത്തിനായി നടക്കാൻ പോകുമായിരുന്നു. ഫുട്ട്പാത്തിലെ കുഴിയിൽ വീണതോടെ അത് നിർത്തി. കാലൊടിയാതിരുന്നത് ഭാഗ്യം. ആ കുഴി സ്ലാബിട്ട് അടപ്പിയ്ക്കാൻ ഞാനും ഇടപെട്ടെങ്കിലും നടന്നില്ല. നമ്മൾ തന്നെ അടച്ചാൽ അത് സർക്കാർ ഭൂമി കയ്യേറലാകുമെന്ന ഉപദേശവും കിട്ടി.

ആശുപത്രികളിൽ രണ്ട് ദിവസമായി ഒന്നേകാൽ ലക്ഷത്തിലധികം രൂപയായി. ജോലിയുള്ളതുകൊണ്ടും കയ്യിൽ ബാങ്ക് കാർഡുള്ളതു കൊണ്ടും സന്ധ്യയുടെ ഇൻഷുറൻസ് കുറേ പണം തിരികെത്തരുമെന്നതിനാലും എനിക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നു. വരുമാന മാർഗ്ഗങ്ങളില്ലാത്ത പാവപ്പെട്ടവരുടെയും ചെറിയ വരുമാനക്കാരുടെയും തുടക്കക്കാരായ ഉദ്യോഗസ്ഥരുടെയും കാര്യം ഞാൻ ഓർക്കുകയാണ്. വലിയ ചികിത്സകൾ കുടുംബങ്ങളെ സാമ്പത്തികമായി തകർത്തുകളയുകയാണ്.

1983- ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടിയ ആളാണ് ഞാൻ. പഠിക്കുമ്പോൾ 1986 മുതൽ 88 വരെ വിദ്യാർത്ഥികളുടെ കോളേജ് ചെയർമാനായിരുന്നു. തുടർന്നും നിരവധി പ്രസ്ഥാനങ്ങളിലൂടെ കേരളത്തിലെ ഡോക്ട്ർമാരിൽ നല്ലൊരു പങ്കും പരിചയക്കാരാണ്. എംബിബിഎസിന് കൂടെപ്പഠിച്ചവരിൽ നിരവധിപേർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വകുപ്പ് മേധാവികളാണ്. അതിവിദദ്ധരായ ഡോക്ടർമാരാണ് കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ. മെഡിക്കൽ വിദ്യഭ്യാസ വകുപ്പ് അദ്ധ്യക്ഷൻ (ഡി.എംഇ ), സൂപ്രണ്ട് എന്നിവർ ഉൾപ്പെടെ പലരും അടുത്ത കൂട്ടുകാരാണ്. എന്നിട്ടും ഞാൻ അപകടം പറ്റിയപ്പോൾ തൊട്ടടുത്തുള്ള മെഡിക്കൽ കോളേജിൽ പോകാതെ സ്വകാര്യാശുപത്രിയിലാണ് വന്നത്. അതിന് കാരണം ഇനി ആരും ചോദിക്കില്ലെന്ന് അറിയാം. എല്ലാ ഉത്തരവും ഡോ: ഹാരിസ് രണ്ട് ദിവസം മുമ്പേ നൽകിക്കഴിഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി പ്രൊഫസർ ഡോക്ടർ ഹാരിസ് ഫേസ്ബുക്കിൽ പറഞ്ഞതും തുടർന്നുള്ള ചർച്ചകളും കാണാത്തവരില്ലെന്ന് വിശ്വസിക്കുന്നു. മെഡിക്കൽ കോളേജിൽ പ്രഗത്ഭരായ ഡോക്ടർമാരും സമർത്ഥരായ നഴ്സുമാരും മറ്റ് ജീവനക്കാരുമുണ്ട്. പക്ഷേ ആ ആശുപത്രിക്ക് താങ്ങാവുന്നതിലും എത്രയോ അധികം രോഗികളാണ് അവിടെയെത്തുന്നത്. അതിൽ നല്ലൊരു പങ്കും പാവപ്പെട്ടവരും. അവരെയെല്ലാം ബുദ്ധിമുട്ടിക്കാതിരിക്കാൻ കൂടിയാണ് ഞാൻ അങ്ങോട്ട് പോകാതിരുന്നത്.

ഞാൻ പോയ രണ്ട് ആശുപത്രികളിലും എനിക്ക് വലിയ പരിഗണനയാണ് കിട്ടിയത്. ഉടമസ്ഥരും ഡോക്ടർമാരുമൊക്കെ പരിചയക്കാർ, സുഹൃത്തുക്കൾ. ആ നിമിഷം മുതൽ ഞാൻ ചിന്തിക്കുന്ന ഒരു കാര്യമുണ്ട്. ഒപ്പമുണ്ടായിരുന്ന ഡോ: ശ്രീജിത്തിനോടും സുരേഷിനോടും രഞ്ജിത്തിനോടും അനൂപിനോടും ഒക്കെ ഞാനത് പറഞ്ഞു. ഒരു പാവപ്പെട്ടവനോ സാധാരണക്കാരനായ ഒരു മനുഷ്യനോ ഇതിലും വലിയ അപകടത്തിൽപ്പെട്ടാലും ആശുപത്രികളിൽ
ഇത്ര പരിഗണന കിട്ടില്ല. ഇത്ര വേഗത്തിൽ ഓപ്പറേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടക്കില്ല. സർക്കാരാശുപത്രിയിലെ തിരക്ക് കാരണവും സ്വകാര്യാശുപത്രിയിലെ ചെലവ് കാരണവും. ആ വിഷയമാണ് ഞാനെപ്പോഴും ഉറക്കെപ്പറയാൻ ശ്രമിക്കുന്നത്.

സാധാരണക്കാരൻ്റെ അവസ്ഥ ഞങ്ങൾ പലരും നാളുകളായി പറഞ്ഞുകൊണ്ടിരുന്നതും മിനിഞ്ഞാന്ന് ഡോ: ഹാരിസ് ധൈര്യമായി പുറത്ത് പറഞ്ഞതുമാണ്. സർക്കാരാശുപത്രികൾ ചികിത്സാ സൗകര്യങ്ങളിലും സ്റ്റാഫിൻ്റെ എണ്ണത്തിലും വളരെയധികം മുന്നോട്ടു പോയേ പറ്റൂ.

എനിക്ക് ഇന്ന് കിട്ടുന്ന നല്ല പരിഗണന ഈ നാട്ടിലെ ഏറ്റവും ദരിദ്രനായ ബി.പി.എൽ കാരന് കിട്ടണം. അന്നായിരിക്കും നമുക്ക് ഒന്നിച്ച് നമ്മുടെ കേരളം യഥാർത്ഥ നമ്പർ -1 എന്ന് പറയാൻ കഴിയുന്നത്. അത് അസാദ്ധ്യമല്ല. എന്നാൽ അതിനായി വലിയ രാഷ്ട്രീയ ഇച്ഛാശക്തിയും പ്ലാനിംഗും മുതൽമുടക്കും അർപ്പണ ബോധവും കൂട്ടായ്മയും ഒക്കെ വേണം. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ എനിക്കറിയാവുന്നതൊക്കെ കൂടുതൽ വിശദമായി എഴുതാം.

നിരവധി സുഹൃത്തുക്കളും ബന്ധുക്കളും സഹായത്തിനുണ്ട്. ഞാൻ സുഖമായി ഇരിക്കുന്നു. സന്ധ്യയും മക്കളും വളരെ വിഷമിക്കുന്നുണ്ട്. ജോലിയും ഉത്തരവാദിത്വങ്ങളും ഇട്ടെറിഞ്ഞ് ഇത്രയും ദൂരം വരുന്നതിൽ നിന്ന് ഞാനവരെ തടയാൻ ശ്രമിക്കുകയാണ്. ഫലിക്കുമെന്ന് ഉറപ്പില്ലെങ്കിലും. ഇന്ന് ഫോണുകൾ എടുക്കാൻ സാധിച്ചില്ല. നാളെ മുതൽ ഫോണിൽ സംസാരിക്കാം. പോസ്റ്റ്ഓപ് ഐ.സി.യുവിൽ ഫോൺ സംഭാഷണം അനുവദനീയമല്ല.
സർക്കാർ മെഡിക്കൽ കോളേജിൽ പൊതുജനത്തിൻ്റെ നികുതി ഉപയോഗിച്ച്
മെഡിസിൻ പഠിച്ചയാളാണ് ഞാനും. ഈ വിഷയങ്ങളിൽ എൻ്റെ അധിക ഉത്തരവാദിത്തം തിരിച്ചറിയുന്നതുകൊണ്ടാണ് ആശുപത്രിയിൽ കിടന്നും ഇതെഴുതുന്നത്. ഇന്നലെയും എഴുതിയത്. ഇന്നലെയും ടെലിവിഷനിൽ ഫോണിൽ വന്ന് സംസാരാരിച്ചത്.

വാലറ്റം: ചില രാജ്യങ്ങളിൽ ഇങ്ങനെയുള്ള എഴുത്തിന് പകരം വക്കീലിനെയാണ് വരുത്തുക. ഞാൻ ആ വഴിക്ക് നീങ്ങുന്നില്ല. പക്ഷേ ഇനിയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. വരും ദിവസങ്ങളിൽ അത് തുടരും.

ഡോ: എസ്എസ്. ലാൽ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+