ഇടഞ്ഞ ജോണി നെല്ലൂരിനെ ഇണക്കി വശത്താക്കാന്‍ ഉമ്മന്‍ചാണ്ടി, അതെന്ത് തന്ത്രം?
കോട്ടയം: ഉറഞ്ഞു തുള്ളി എല്ലാ പദവികളും വലിച്ചെറിഞ്ഞ് രാഷ്ട്രീയ വനവാസത്തിനെന്നും പറഞ്ഞ് പടിയിറങ്ങിയ ജോണി നെല്ലൂര്‍ അനുസരണയുള്ള കുട്ടിയെപ്പോലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുമ്പിലിരുന്നു. നിയസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും തനിക്കും സീറ്റ് നല്‍കുന്നതില്‍ കാണിച്ച അവഗണനയില്‍ പ്രതിഷേധിച്ചാണ് ജോണി കോപിച്ചത്. ഒടുവില്‍ കോപിച്ചതിന് ഗുണമുണ്ടായി. നേതാക്കള്‍ അദ്ദേഹത്തെ യു.ഡി.എഫ് കുടുംബത്തിലേക്ക് തിരികെ വിളിച്ച് സ്വാന്തനിപ്പിച്ച് ഒപ്പം കൂട്ടിയിരിക്കുന്നു.
ഇടഞ്ഞു നിന്ന ജോണി നെല്ലൂരിനെ ആശ്വസിപ്പിക്കാന്‍ പുതുപ്പള്ളിയില്‍ നിന്ന് മുഖ്യമന്ത്രി തന്നെ നേരിട്ടെത്തേണ്ടി വന്നു. സ്വാന്ത്വന വാക്കുകള്‍ കൊണ്ട് ആശ്വസിക്കുന്നതായിരുന്നില്ല ജോണിയുടെ മനസ്. ഇതറിഞ്ഞു തന്നെയാണ് യു.ഡി.എഫ് സെക്രട്ടറി പദവും ഭരണം കിട്ടിയാല്‍ ഭരണത്തില്‍ താക്കോല്‍ സ്ഥാനവും വാഗ്ദാനം നല്‍കിയത്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ സ്ഥാനവും ഔഷധിയുടെ ചെയര്‍മാന്‍ പദവിയുമെല്ലാം ഉപേക്ഷിച്ചായിരുന്നു ആ പടിയിറക്കം.

യു.ഡി.എഫിനോട് മാത്രമല്ല സ്വന്തം പാര്‍ട്ടിയോടും കലഹിച്ചു അദ്ദേഹം. നിയമസഭാ സീറ്റ് പോയതു പോകട്ടെ ഇപ്പോള്‍ കിട്ടിയ വാഗ്ദാനങ്ങളില്‍ തൃപ്തിപ്പെടാം എന്ന നിലയാണിപ്പോള്‍ കാണുന്നത്. രാജന്‍ ബാബു രാജിവെച്ച യു.ഡി.എഫ് സെക്രട്ടറി പദം ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ പദവിയും അടുത്ത യു.ഡി.എഫ് യോഗത്തിന് ശേഷം ജോണി നെല്ലൂരിനെ തേടിയെത്തും.
വിവിധ ഘടകകക്ഷി നേതാക്കളുമായ ആലോചിച്ച ശേഷമാണ് ജോണി നെല്ലൂരിനെ മെരുക്കാനുള്ള തന്ത്രവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെ.എം.മാണിയുടെ പാലായിലെ വീട്ടിലെത്തിയത്. അനൂപ് ജേക്കബ്, ജോണിനെല്ലൂര്‍,കെ.എം.മാണി, ജോസ് കെ.മാണി തുടങ്ങിയവരൊക്കെ സന്നിഹിതരായ യോഗത്തിലാണ് തീരുമാനം. ജോണി നെല്ലൂരിനുണ്ടായ ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നുവെന്ന് മുഖ്യമന്ത്രി അദ്ദേഹത്തോട് പറഞ്ഞു.
കാര്യങ്ങള്‍ മുഖ്യമന്ത്രിയും യു.ഡി.എഫ് നേതാക്കളും മനസിലാക്കുകയും അതിനനുസരിച്ച് ഭാവികാര്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്നും പ്രതീക്ഷ പുലര്‍ത്തിയ ജോണി നെല്ലൂര്‍ രാജി തീരുമാനം പിന്‍വലിക്കുന്നുവെന്നും യു.ഡി.എഫിന്റെ വിജയത്തിനും തുടര്‍ഭരണത്തിനും വേണ്ടി ശക്തമായ പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചു.
ഈ മഞ്ഞുരുകല്‍ ഏറെ ആശ്വാസമായത് അനൂപ് ജേക്കബിന് തന്നെ. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേരിട്ട ഏറ്റവും വലിയൊരു പ്രതിസന്ധിയാണ് ജോണി നെല്ലൂരിന്റെ തീരുമാനത്തോടെ മറികടന്നത്. തുടര്‍ന്ന് കെ.എം.മാണിയുടെ തിരഞ്ഞെടുപ്പ് യോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ യു.ഡി.എഫിന്റെ കെട്ടുറപ്പിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചാണ് ജോണി നെല്ലൂര്‍ വേദിവിട്ടത്.












Click it and Unblock the Notifications