'സര്‍, ഞാന്‍ ഭിന്നശേഷിക്കാരനാണ്; പടി കയറാനാകില്ല': ഡെലിവറി ജീവനക്കാരന്റെ മറുപടി: കണ്ണുനിറഞ്ഞ അനുഭവം
തിരക്കേറിയ ജീവിതത്തില്‍ ഒരു തവണയെങ്കിലും സ്വിഗ്ഗിയില്‍ നിന്നോ സൊമാറ്റോയില്‍ നിന്നോ ഭക്ഷണം വാങ്ങി കഴിക്കാത്തവര്‍ കുറവായിരിക്കും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവര്‍ ആയിരിക്കും ഭക്ഷണം ഡെലിവറി ചെയ്യുന്ന ജീവനക്കാര്‍. പലപ്പോഴും ഭക്ഷണം വൈകി എത്തുന്നതിന്റെ പേരിലൊക്കെ ഉപഭോക്താക്കള്‍ ഈ ഡെലിവറി ബോയ്‌സിനെ അധിക്ഷേപിക്കുന്ന വാര്‍ത്തകളും പലപ്പോഴും നാം കേള്‍ക്കാറുണ്ട്. ഇരുചക്ര വാഹനങ്ങളില്‍ സ്പീഡില്‍ പോകുന്ന ഈ ഡെലിവറി ബോയ്‌സിന്റെ പിന്നില്‍ ദുരിതത്തിന്റെ ഒരുപാട് കഥകളും ഉണ്ടാകും.
ഇപ്പോഴിതാ സൊമാറ്റോയില്‍ നിന്ന് ഭക്ഷണം വാങ്ങിയ ഉപഭോക്താവ് ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ച ഒരു അനുഭവമാണ് നെറ്റിസണ്‍സിന്റെ കണ്ണ് നനയിക്കുന്നത്. ഭിന്നശേഷിക്കാരനായ ഒരു ഡെലിവറി ബോയ് നല്‍കിയ മറുപടിയാണ് ഉപഭോക്താവിന്റെ ഹൃദയത്തെ സ്പര്‍ശിച്ചത്. ഡെലിവറി ബോയിയുടെ മറുപടിയും ഉപഭോക്താവിന്റെ ഹൃദയസ്പര്‍ശിയായ അനുഭവവും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്.

ഇഷാന്‍ ഭട്ട് എന്നയാളാണ് ലിങ്ക്ഡ്ഇന്നില്‍ തന്റെ അനുഭവം കുറിച്ചത്. സൊമാറ്റോയില്‍ നിന്നാണ് ഇഷാന്‍ ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തത്. ഓര്‍ഡറുമായി എത്തിയ ഡെലിവറി ജീവനക്കാരന്‍ ഭക്ഷണം എടുക്കാന്‍ താഴേക്ക് വരാമോ എന്ന് ഫോണിലൂടെ ചോദിച്ചു. പതിവില്ലാത്ത ചോദ്യം കേട്ടപ്പോള്‍ തനിക്ക് അല്‍പം അസ്വസ്ഥത തോന്നിയതായി ഇഷാന്‍ പറയുന്നു. എന്തുകൊണ്ടാണ് മുകളിലേക്ക് വരാന്‍ കഴിയാത്തത് എന്ന് അല്‍പം പരുഷമായി ചോദിച്ചു. അപ്പോഴാണ് ഡെലിവറി ജീവനക്കാരന്‍ തന്റെ പരിമിതി വെളിപ്പെടുത്തിയത്. 'സാര്‍ ഞാന്‍ ഭിന്നശേഷിക്കാരനാണ്' എന്നായിരുന്നു ജീവനക്കാരന്റെ മറുപടി.
പെട്ടെന്ന് താന്‍ നിശബ്ദനായതായി നിഷാന്‍ കുറിക്കുന്നു. എന്റെ മനസ്സില്‍ കുറ്റബോധം നിറഞ്ഞു. കിടക്കയില്‍ നിന്ന് എഴുന്നേറ്റ് ഞാന്‍ താഴേക്ക് ഓടിച്ചെന്നു. ഒരു മനുഷ്യന്‍ എത്രത്തോളം വിനീതന്‍ ആവേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നത് എന്ന് ഇഷാന്‍ പറയുന്നു. ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തേണ്ടതാണെന്ന തിരിച്ചറിവും തനിക്ക് ഉണ്ടായതായി അദ്ദേഹം പറയുന്നു.
സമൂഹ മാധ്യമങ്ങളില്‍ ഈ അനുഭവം പങ്കുവെച്ചതോടെ നിരവധി പേരാണ് പ്രതികരണം അറിയിക്കുന്നത്. പലപ്പോഴും സാഹചര്യം മനസിലാക്കാതെ ജീവനക്കാരോട് മോശമായി പെരുമാറുന്ന സംഭവങ്ങള്‍ പതിവാണെന്ന് പലരും പറയുന്നു.
തനിക്കും സമാനമായ ഒരു അനുഭവം ഉണ്ടായതായി മറ്റൊരാള്‍ പറയുന്നു. ഡെലിവറി ജീവനക്കാരന്‍ മുകളിലേക്ക് വരാന്‍ കഴിയാത്തതില്‍ എനിക്ക് അയാളോട് ദേഷ്യം തോന്നിയിരുന്നു എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഭിന്നശേഷിക്കാരന്‍ ആണെന്ന് മനസിലായി. ഇക്കാര്യം ആദ്യം മനസിലാക്കാതെ പെരുമാറിയതില്‍ തനിക്ക് വേദനയും ലജ്ജയും തോന്നിയതായി അയാള്‍ കുറിക്കുന്നു. ഞാന്‍ സോറി പറഞ്ഞു. അദ്ദേഹത്തിന് ഫൈസ്റ്റാര്‍ റേറ്റിങ്ങും നല്‍കി.
മറ്റൊരു നെറ്റിസണ്‍ പങ്കുവെച്ച അനുഭവം ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നു. രണ്ടാം നിലയിലേക്ക് ഓര്‍ഡര്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാരന്‍ കുറച്ച് സമയം ചോദിച്ചു. ലിഫ്റ്റ് ഇല്ലാത്ത കെട്ടിടത്തില്‍ പടികള്‍ കയറി അദ്ദേഹം വാതിലില്‍ മുട്ടി. വാതില്‍ തുറന്നപ്പോഴാണ് മനസ്സിലായത് അദ്ദേഹം പോളിയോ ബാധിതനായിരുന്നു എന്ന്. കഷ്ടിച്ച് നടക്കാന്‍ മാത്രമേ അദ്ദേഹത്തിന് കഴിയൂ. ഈ സംഭവം നടന്നിട്ട് നാലു വര്‍ഷമായി. എന്നിട്ടും കുറ്റബോധം ഇപ്പോഴും തന്നെ വേട്ടയാടുകയാണെന്ന് ഈ ഉപഭോക്താവ് പറയുന്നു
ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരെ കുറിച്ചുള്ള മുന്‍ മുന്‍ധാരണകള്‍ പൊളിച്ചെഴുതുന്നതാണ് ഇത്തരം അനുഭവങ്ങള്‍ എന്നാണ് പലരും അഭിപ്രായം പങ്കുവെക്കുന്നത്. അവരോട് ദേഷ്യത്തില്‍ സംസാരിക്കുന്നതിനു പകരം എന്താണ് സാഹചര്യമെന്ന് മനസിലാക്കാന്‍ ശ്രമിച്ചു കൂടെ എന്നാണ് കൂടുതല്‍ പേരും ചോദിക്കുന്നത്.












Click it and Unblock the Notifications