അരങ്ങേറ്റത്തില്‍ തന്നെ ഇംഗ്ലണ്ടിനെ വിറപ്പിച്ച ആകാശ് ദീപ്..!; ആസ്തിയിലും കാര്‍ ശേഖരത്തിലും മോശക്കാരനല്ല
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ അരങ്ങേറിയ ആകാശ് ദീപ് എന്ന ബിഹാറുകാരന്‍ ആദ്യ ദിനം ക്രിക്കറ്റ് ആരാധകരുടെ മനം കീഴടക്കിയിരുന്നു. ഇംഗ്ലണ്ടിനെ ബാറ്റിംഗ് തകര്‍ച്ചയിലേക്ക് തള്ളിയിട്ട ആകാശ് ദീപ് ഇതിനോടകം മൂന്ന് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ പവലിയനിലേക്ക് മടക്കി അയച്ച് കഴിഞ്ഞു. ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റാണ് ആകാശ് ദീപിന്റെ ആദ്യ ഇര.
പിന്നീട് മറ്റൊരു ഓപ്പണര്‍ സാക് ക്രോലിയേയും ഒലി പോപ്പിനേയും മടക്കി അയച്ച് കൊണ്ട് അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ഈ 28 കാരന്‍. വലംകൈയ്യന്‍ മീഡിയം ഫാസ്റ്റ് ബൗളറായ ആകാശ് ദീപിന്റെ ആദ്യ വിക്കറ്റ് നോബൗളായി പോയി എന്നതും ഇന്നത്തെ കളിയിലെ പ്രത്യേകതയാണ്. 1996 ഡിസംബറില്‍ ബിഹാറിലെ ഡെഹ്രിയിലാണ് ആകാശ് ദീപ് ജനിച്ചത്. ചെറുപ്പം മുതലെ ക്രിക്കറ്റിനോട് ആകാശിന് അഭിനിവേശമായിരുന്നു.

ആകാശ് 2019-ല്‍ തന്റെ ആഭ്യന്തര ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചു. 2021 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ പി എല്ലിലേക്ക് തിരഞ്ഞെടുത്തു. എന്നാല്‍ 2022 ല്‍ 20 ലക്ഷം രൂപക്ക് ആകാശിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. 2023 ലും ഇതേ തുകക്ക് ആര്‍ സി ബി താരത്തെ നിലനിര്‍ത്തി. എന്നാല്‍ ഐപിഎല്ലില്‍ ആകാശിന് അധികം അവസരം ലഭിച്ചിട്ടില്ല. ഏഴ് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം.
2024 ലും ആകാശ് ദീപിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് ആകാശ് നടത്തുന്നത്. ക്രിക്കറ്റിന് പുറമെ, ഫിറ്റ്നസിലും ആകാശ് ദീപ് താല്‍പ്പര്യമുള്ളതിനാല്‍ തന്റെ ശാരീരികക്ഷമത നിലനിര്‍ത്താന്‍ കര്‍ശനമായ വര്‍ക്ക്ഔട്ട് രീതിയാണ് പിന്തുടരുന്നത്. ആരോഗ്യകരമായ ജീവിതശൈലി നയിക്കാന്‍ പ്രചോദിപ്പിച്ച് താരം പലപ്പോഴും തന്റെ വര്‍ക്കൗട്ട് സെഷനുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്.
2023 ല്‍ തന്റെ ആസ്തി ഗണ്യമായി വര്‍ധിപ്പിക്കാന്‍ ആകാശ് ദീപിന് സാധിച്ചിട്ടുണ്ട് എന്നാണ് വിവിധ ക്രിക്കറ്റ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 64,335 യുഎസ് ഡോളറാണ് ആകാശ് ദീപിന്റെ നിലവിലെ ആസ്തി. അതായത് ഏകദേഷം 52.76 ലക്ഷം ഇന്ത്യന്‍ രൂപ. അദ്ദേഹത്തിന്റെ ആസ്തിയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 220% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രിക്കറ്റ് തന്നെയാണ് ആകാശ് ദീപിന്റെ പ്രധാന വരുമാന സ്രോതസ്.
ഐപിഎല്‍ കരാറിന്റെ ഭാഗമായി, ആകാശ് ദീപ് ഏകദേശം 1.67 ലക്ഷം രൂപ മുതല്‍ 2.25 ലക്ഷം രൂപ വരെ പ്രതിമാസ ശമ്പളം നേടുന്നു. ക്രിക്കറ്റ് ലോകത്ത് പുതുമുഖമായതിനാല്‍ തന്നെ ആകാശ് ദീപ് ഇതുവരെ ബ്രാന്‍ഡുകളുമായൊന്നും സഹകരിച്ച് തുടങ്ങിയിട്ടില്ല. എന്നാല്‍ തന്റെ മികച്ച പ്രകടനം കൊണ്ട് സമീപഭാവിയില്‍ വിവിധ ബ്രാന്‍ഡുകളെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചേക്കും.
ആകാശ് ദീപ് ഒരു കാര്‍ പ്രേമിയാണ്. 60 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു എക്‌സ് 3. 35 ലക്ഷം രൂപ വിലയുള്ള ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവ താരത്തിന് സ്വന്തമായുണ്ട്. ബീഹാറിലെ ഒരു ആഡംബര വീട്ടിലാണ് ആകാശ് ദീപ് ഇപ്പോള്‍ കുടുംബത്തോടൊപ്പം താമസിക്കുന്നത്. വീടിന് ഏകദേശം രണ്ട് കോടിയോളം രൂപ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. വിശാലവും എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള വീടാണിത്.












Click it and Unblock the Notifications