എംബാപ്പെയ്ക്ക് കണ്ണ് തള്ളിക്കുന്ന ഓഫര്‍..!!; റയലും ചെല്‍സിയുമല്ല, വലവിരിച്ചത് സൗദി ക്ലബ്
പാരീസ്: പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയ്ക്കായി സൗദി പ്രോ ലീഗ് ക്ലബായ അല്‍ ഹിലാല്‍ വലവിരിച്ചതായി റിപ്പോര്‍ട്ട്. പിഎസ്ജിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ഫ്രഞ്ച് സൂപ്പര്‍താരത്തിന് റെക്കോഡ് തുകയാണ് അല്‍ ഹിലാല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെയില്ല.
332 മില്യണ്‍ യുഎസ് ഡോളര്‍ ആണ് അല്‍ ഹിലാല്‍ എംബാപ്പെയ്ക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ക്ലബ് ഫുട്‌ബോളിലെ ഏറ്റവും വലിയ ലേലങ്ങളിലൊന്നായിരിക്കും ഇത്. പിഎസ്ജിയുമായുള്ള കരാറിന്റെ അവസാന വര്‍ഷത്തിലേക്ക് കടക്കുകയാണ് എംബാപ്പെ. ഫ്രാന്‍സിന്റെ 2018 ലോകകപ്പ് വിജയത്തിലെ പ്രധാനിയായിരുന്ന എംബാപ്പെ 2022 ല്‍ ടീമിനെ ഫൈനലില്‍ എത്തിക്കുന്നതിലും നിര്‍ണായക പങ്കാണ് വഹിച്ചത്.

എംബാപ്പെയുടെ നിലവിലെ വിപണി മൂല്യം 94.8 ദശലക്ഷം യൂറോയ്ക്കും 157.9 ദശലക്ഷം യൂറോയ്ക്കും ഇടയിലാണെന്നാണ് വിലയിരുത്തല്‍. പിഎസ്ജിയില്‍ ആഴ്ചയില്‍ ഏകദേശം 2 മില്യണ്‍ യൂറോയാണ് എംബാപ്പെ സമ്പാദിക്കുന്നത്. നേരത്തെ പിഎസ്ജിയില്‍ 10 വര്‍ഷം തുടരുകയാണെങ്കില്‍ എംബാപ്പെയ്ക്ക് 100 മില്യണ്‍ യൂറോ പ്രതിഫലം മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ എംബാപ്പെ ഇത് നിരസിക്കുകയായിരുന്നു.
അതേസമയം പിഎസ്ജിയുമായി അസ്വാരസ്യം നിലനില്‍ക്കുന്നതിനാല്‍ റയല്‍ മാഡ്രിഡ്, ചെല്‍സി, ന്യൂകാസില്‍ എന്നിവയുള്‍പ്പെടെ നിരവധി മുന്‍നിര ക്ലബ്ബുകള്‍ എംബാപ്പെയെ ബന്ധപ്പെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇതിനിടയിലാണ് സൗദി ക്ലബിന്റെ വമ്പന്‍ ഓഫര്‍ എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ അല്‍ ഹിലാലും എംബാപ്പെയുടെ മാനേജര്‍മാരും തമ്മില്‍ ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.
നേരത്തെ ലയണല്‍ മെസിയെ ടീമിലെത്തിക്കാന്‍ അല്‍ ഹിലാല്‍ ശ്രമം നടത്തിയിരുന്നു. ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്നും ക്ലബിന്റെ പട്ടികയിലുണ്ട്. മറുവശത്ത് അടുത്ത വര്‍ഷം ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ എംബാപ്പെയെ നഷ്ടപ്പെടുത്തുന്നതിന് പകരം അദ്ദേഹത്തെ വില്‍ക്കുക എന്ന ഓപ്ഷനാണ് പിഎസ്ജി നോക്കുന്നത്. 2024-ല്‍ റയല്‍ മാഡ്രിഡുമായി ഒരു കരാറിന് എംബാപ്പെ ആലോചിക്കുന്നുണ്ട് എന്ന് പിഎസ്ജി ഉറച്ച് വിശ്വസിക്കുന്നു. കരാര്‍ പുതുക്കാതെ ക്ലബില്‍ തുടരാന്‍ കഴിയില്ലെന്നാണ് പിഎസ്ജിയുടെ നിലപാട്.
മൊണോക്കയില്‍ നിന്ന് 2017 ല്‍ ആണ് എംബാപ്പെ പിഎസ്ജിയില്‍ എത്തുന്നത്. മൊണാക്കോയെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്‍മാരാക്കിയായിരുന്നു പിഎസ്ജിയിലേക്കുള്ള എംബാപ്പെയുടെ വരവ്. ക്ലബിനായി 260 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 212 ഗോളുകളാണ് സമ്പാദ്യം.












Click it and Unblock the Notifications