'ബെംഗളൂരുവില്‍ ഞങ്ങള്‍ക്കെതിരെ കല്ലേറുണ്ടായി'; അഫ്രീദിയുടെ വെളിപ്പെടുത്തല്‍, ' എന്നാലും ഇന്ത്യയില്‍ കളിക്കണം'
ലോക ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ മത്സരമാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍. എന്നാല്‍ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും മത്സരങ്ങള്‍ സംഘടിപ്പിക്കാറില്ല. ഐസിസി ചാമ്പ്യന്‍ഷിപ്പുകളിലെ മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പരസ്പരം ഏറ്റുമുട്ടാറുള്ളത്. 2023 ലെ ഏകദിന ലോകകപ്പ് മത്സരങ്ങള്‍ അടുത്തതോടെ വീണ്ടും ഇന്ത്യ-പാകിസ്ഥാന്‍ മത്സര ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.
ഇന്ത്യയില്‍ വെച്ചാണ് 2023 ലെ ഏകദിന ലോകകപ്പ് നടക്കുന്നത്. അതിനാല്‍ തന്നെ പാകിസ്ഥാന്റെ സാന്നിധ്യം ലോകകപ്പില്‍ ഉണ്ടാകുമോ എന്നത് സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. അടുത്തിടെ, പാകിസ്ഥാന്‍ കായിക മന്ത്രി എഹ്സാന്‍ മസാരി നടത്തിയ പ്രതികരണമാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സര ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയത്. പാകിസ്ഥാന്‍ ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

'പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) എന്റെ മന്ത്രാലയത്തിന് കീഴിലാണ് അതിനാല്‍, ഇന്ത്യ തങ്ങളുടെ ഏഷ്യാ കപ്പ് മത്സരങ്ങള്‍ നിഷ്പക്ഷ സ്ഥലത്ത് കളിക്കാന്‍ നിര്‍ബന്ധം പിടിച്ചത് പോലെ, ഇന്ത്യയിലെ ലോകകപ്പ് മത്സരങ്ങളും നിഷ്പക്ഷ സ്ഥലത്ത് കളിക്കണം എന്ന് തങ്ങള്‍ക്കും നിര്‍ബന്ധമുണ്ട്,' എന്നായിരുന്നു എഹ്സാന്‍ മസാരി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.
എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായ അഭിപ്രായമാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി പങ്ക് വെച്ചത്. പാകിസ്ഥാന്‍ ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകണം എന്നാണ് ഷാഹിദ് അഫ്രീദിയുടെ അഭിപ്രായം. ' ഇന്ത്യന്‍ പര്യടനങ്ങള്‍ തങ്ങളുടെ കരിയറിലെ ഉയര്‍ന്ന സമ്മര്‍ദ്ദം അനുഭവിച്ച നിമിഷമായിരുന്നു. ഞങ്ങള്‍ ബൗണ്ടറികള്‍ അടിച്ചാല്‍ ആഹ്ലാദിക്കാന്‍ ഗാലറിയില്‍ ആരുമുണ്ടായിരുന്നില്ല. ബാംഗ്ലൂര്‍ ടെസ്റ്റ് ജയിച്ച് ഞങ്ങള്‍ ഹോട്ടലിലേക്ക് പോകുമ്പോള്‍ ടീം ബസിന് നേരെ കല്ലേറുണ്ടായി
സമ്മര്‍ദ്ദം തീര്‍ച്ചയായും ഉണ്ട്, എന്നാല്‍ സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ അത് രസകരമാണ്,' എന്നാണ് ഒരു പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് അദ്ദേഹം പറഞ്ഞത്. പാകിസ്ഥാന്‍ ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകുമെന്ന് അദ്ദേഹം അചഞ്ചലമായ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ബാബര്‍ അസമും സംഘവും ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിക്കണമെന്നും അഫ്രീദി പറഞ്ഞു.
പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് പോകരുതെന്നാണ് ആളുകള്‍ പറയുന്നത്. ഞാന്‍ അതിനെ പൂര്‍ണ്ണമായും എതിര്‍ക്കുന്നു. നമ്മള്‍ അവിടെ പോയി ലോകകപ്പ് ജയിക്കണം എന്നാണ് തനിക്ക് പറയാനുള്ളത് എന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന ഇന്ത്യ-പാക് മത്സരം ലോകകപ്പിലെ എട്ടാമത്തെ ഏറ്റുമുട്ടലാണ്. 1992 മുതലുള്ള എല്ലാ ഏകദിന ലോകകപ്പിലും ഇന്ത്യയാണ് വിജയിച്ചിട്ടുള്ളത്.












Click it and Unblock the Notifications