അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക്? രണ്ട് മത്സരങ്ങള്‍, മെസിയുണ്ടാകുമോ..?
തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കേരളത്തിന്റെ അപേക്ഷയില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. വൃത്തങ്ങളെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമിന്റെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച പ്രഖ്യാപനം നാളെയുണ്ടാകും എന്നാണ് വിവരം.
അടുത്ത വര്‍ഷമായിരിക്കും അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുക. ഏഷ്യയിലെ ഒരു പ്രധാന ടീമുമായി രണ്ട് മത്സരങ്ങള്‍ കേരളത്തില്‍ കളിക്കും. അതേസമയം സൂപ്പര്‍താരം ലയണല്‍ മെസി കേരളത്തിലേക്ക് വരുന്നത് സംബന്ധിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അന്തിമ തീരുമാനമെടുക്കും. സ്‌പോണ്‍സര്‍ വഴിയാകും മത്സരങ്ങളുടെ നടത്തിപ്പിനുള്ള തുക കണ്ടെത്തുക.

കായിക മന്ത്രി വി അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. സ്പെയിനിലെ മാഡ്രിഡില്‍ അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന്‍ അധികൃതരുമായി അദ്ദേഹം ചര്‍ച്ചയും നടത്തിയിരുന്നു. കേരളത്തില്‍ ഫുട്ബോള്‍ പരിശീലന കേന്ദ്രം തുടങ്ങാനുള്ള സര്‍ക്കാരിന്റെ ആലോചനയും അര്‍ജന്റീന ഫുട്ബോള്‍ ഫെഡറഷനെ അറിയിച്ചിട്ടുണ്ട്.
നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള സാമ്പത്തിക ചെലവ് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് അര്‍ജന്റീനാ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് അബ്ദുറഹ്‌മാന്‍ സ്വാഗതം ചെയ്തത്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് മന്ത്രി കത്തയക്കുകയും ചെയ്തിരുന്നു.
കേരളത്തില്‍ അര്‍ജന്റീനന്‍ ടീമിന് വലിയ ആരാധകരുണ്ട്. നേരത്തെ സ്വകാര്യ ചടങ്ങിനായി ഫുട്ബോള്‍ ഇതിഹാസം മറഡോണ കേരളത്തില്‍ എത്തിയിരുന്നു. അന്ന് വന്‍ ആരാധകവൃന്ദമാണ് മറഡോണയെ കാണാനായി എത്തിയിരുന്നത്. അര്‍ജന്റീനയെ കൂടാതെ ബ്രസീല്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മ്മനി ടീമുകള്‍ക്കും കേരളത്തില്‍ വലിയ അളവില്‍ ആരാധകരുണ്ട്.












Click it and Unblock the Notifications