സിറാജിന്റെ വണ്‍മാന്‍ഷോ, ഹിറ്റ്മാനും സംഘവും കപ്പ് ഇങ്ങെടുത്തു: ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് കിരീടം
കൊളംബോ: ഏഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ പത്ത് വിക്കറ്റിന് വീഴ്ത്തി ഇന്ത്യക്ക് കിരീടം. ടൂര്‍ണമെന്റില്‍ ഇന്ത്യ നേടുന്ന എട്ടാം കിരീടമാണിത്. അക്ഷരാര്‍ത്ഥത്തില്‍ ശ്രീലങ്ക തകര്‍ന്നടിഞ്ഞ മത്സരമായിരുന്നു ഇത്. ശ്രീലങ്ക ഉയര്‍ത്തിയ 51 റണ്‍സ് വിജയലക്ഷ്യം 37 പന്തിലാണ് ഇന്ത്യ മറികടന്നത്. ശുഭ്മാന്‍ ഗില്‍(27) ഇഷാന്‍ കിഷന്‍(23) എന്നിവര്‍ പുറത്താവാതെ നിന്നു.
ചെറിയ വിജയലക്ഷ്യം പ്രതിരോധിക്കാനുള്ള ശ്രമങ്ങളൊന്നും ശ്രീലങ്കയില്‍ നിന്നുണ്ടായില്ല. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അനായാസം റണ്‍സ് നേടുകയായിരുന്നു. വിക്കറ്റുകളുടെയും ഓവറുകളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയാണിത്. നേരത്തെ ശ്രീലങ്കന്‍ ട്രാജഡി എന്ന് അക്ഷരാര്‍ത്ഥത്തില്‍ വിളിക്കാവുന്ന കാര്യങ്ങളാണ് ഫൈനലില്‍ നടന്നത്.

ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജ് ശ്രീലങ്കന്‍ ബാറ്റിംഗിന്റെ നട്ടെല്ലൊടിക്കുകയായിരുന്നു. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സൂപ്പര്‍ ഫോറിലെ മത്സരത്തിലുണ്ടായ അനുഭവം മുന്നില്‍ കണ്ടായിരിക്കണം ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തത്. എന്നാല്‍ അതിലൂടെ ടീമിന്റെ തകര്‍ച്ചയായിരുന്നു സംഭവിച്ചത്. ജസ്പ്രീത് ബുംറയുടെ ആദ്യ ഓവറില്‍ തന്നെ കുശാല്‍ പെരേര പുറത്താവുകയായിരുന്നു.രണ്ട് പന്ത് നേരിട്ട പെരേര പൂജ്യനായിട്ടാണ് പുറത്തായത്.
നിസ്സങ്കയും പിന്നാലെ മടങ്ങിയതോടെ ലങ്ക തകര്‍ച്ച മുന്നില്‍ കണ്ടിരുന്നു. സദീര സമരവിക്രമ(0), ചരിത അസലങ്ക(0) എന്നിവര്‍ പുറത്തായ പന്തുകള്‍ അമ്പരപ്പിക്കുന്നതായിരുന്നു. സിറാജിന്റെ സ്വിംഗുള്ള പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ചാണ് അസലങ്ക പുറത്തായത്. ഈ പന്തില്‍ താരത്തെ ഡ്രൈവ് ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നു സിറാജ്. കിഷന്റെ കൈയ്യിലേക്കാണ് പന്ത് എത്തിയത്. സമരവിക്രമ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.
അടുത്ത ഊഴം ധനഞ്ചയ ഡിസില്‍വയുടേതായിരുന്നു. ബാറ്റില്‍ നിന്ന് പുറത്തേക്ക് സ്വിംഗ് ചെയ്ത പന്തിലായിരുന്നു ഡിസില്‍വ പുറത്തായത്. അതിലും മനോഹരമായ ഇന്‍സ്വിംഗറില്‍(0) ശ്രീലങ്കന്‍ ക്യാപ്റ്റനായ ദസുന്‍ ഷനകയുടെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു സിറാജ്. ബാക്കി വന്ന മൂന്ന് വിക്കറ്റുകളും ഹര്‍ദിക് പാണ്ഡ്യ എടുത്തു. ശേഷിക്കുന്ന വിക്കറ്റ് ബുംറയ്ക്കാണ്.












Click it and Unblock the Notifications