ഏഷ്യന്‍ ഗെയിംസ്: ലോകറെക്കോഡോടെ സ്വര്‍ണം; വരവറിയിച്ച് ഇന്ത്യ
ബീജിംഗ്: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ഗെയിംസിന്റെ രണ്ടാം ദിനമായ ഇന്ന് 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് ഇന്ത്യ ലോക റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കിയത്. ദിവ്യാന്‍ഷ് സിംഗ് പന്‍വാര്‍, രുദ്രങ്കാഷ് ബാലാസാഹേബ് പാട്ടീല്‍, ഐശ്വരി പ്രതാപ് സിംഗ് തോമര്‍ എന്നിവര്‍ അടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. ആകെ 1893.7 പോയിന്റുകളാണ് ഇന്ത്യന്‍ ടീം നേടിയത്.
അതേസമയം, പുരുഷന്മാരുടെ തുഴച്ചിലില്‍ ഇന്ത്യ വെങ്കലവും നേടി. ഫൈനലില്‍ ഇന്ത്യന്‍ ടീം 6:10:81 സമയം കുറിച്ചാണ് വെങ്കല മെഡല്‍ നേടിയത്. അതേസമയം പുരുഷ സിംഗിള്‍സ് സ്‌കള്‍സ് ഫൈനലില്‍ നാലാം സ്ഥാനത്തെത്തിയ ബല്‍രാജ് പന്‍വാറിന് ഒരു മെഡല്‍ നഷ്ടമായി. ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ മെഡല്‍ ശേഖരത്തിലുള്ളത്.

അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു മാസം മുമ്പ് ചൈനീസ് ടീം സ്ഥാപിച്ച 1893.3 എന്ന റെക്കോര്‍ഡാണ് 10 മീറ്റര്‍ റൈഫിളില്‍ ഇന്ത്യ പഴങ്കഥയാക്കിയത്. രുദ്രാങ്കഷ് പാട്ടീല്‍ 632.5 സ്‌കോര്‍ നേടിയപ്പോള്‍ ഐശ്വരി പ്രതാപ് തോമര്‍ 631.6 സ്‌കോറുമായി ഗണ്യമായ സംഭാവന നല്‍കി. ദിവ്യാന്‍ഷ് സിംഗ് പന്‍വാറിന്റെ 629.6 പോയിന്റുകള്‍ കൂടി ചേര്‍ന്നതോടെ സ്വര്‍ണത്തിനൊപ്പം ലോക റെക്കോഡും ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.
വാശിയേറിയ മത്സരത്തില്‍ ദക്ഷിണ കൊറിയ 1890.1 എന്ന സ്‌കോറോടെ വെള്ളി മെഡല്‍ കരസ്ഥമാക്കി. ചൈനീസ് ടീം 1888.2 സ്‌കോറോടെ വെങ്കല മെഡല്‍ ഉറപ്പിച്ചു. ഇന്ത്യയുടെ ലികിത് സെല്‍വരാജ് പ്രേമ 1:01.98 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു, പ്രേമ ഹീറ്റ് 3 ല്‍ നാലാമതായി ഫിനിഷ് ചെയ്തു. ടെന്നീസില്‍ അങ്കിത റെയ്ന വനിതാ സിംഗിള്‍സ് റൗണ്ട് ഓഫ് 16 ല്‍ പ്രവേശിച്ചു. ഉസ്‌ബെക്കിസ്ഥാന്റെ സബ്രീന ഒലിംജോനോവയെ 6-0, 6-0 ന് തോല്‍പിച്ചാണ് അങ്കിത റെയ്‌ന പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.
വനിതാ ക്രിക്കറ്റില്‍ ഫൈനലില്‍ എത്തിയ ഇന്ത്യ വെള്ളി ഉറപ്പിച്ചിട്ടുണ്ട്. ഫുട്‌ബോളില്‍ നോക്കൗട്ട് റൗണ്ടിലെത്തിയിരിക്കുകയാണ് ടീം ഇന്ത്യ. 25 സ്വര്‍ണമടക്കം 41 മെഡലുമായി പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് ചൈനയാണ്. കൊറിയയും ജപ്പാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇന്ത്യ ആറാം സ്ഥാനത്താണ്.












Click it and Unblock the Notifications