അവസാനലാപ്പില്‍ സ്വര്‍ണക്കുതിപ്പുമായി ഇന്ത്യ; 21 സ്വര്‍ണവുമായി മെഡല്‍ പട്ടികയില്‍ നാലാമത്
ഏഷ്യന്‍ ഗെയിംസ് 2026 സുവര്‍ണനേട്ടത്തോടെ അവസാനിപ്പിച്ച് ഇന്ത്യ. ഏഷ്യന്‍ ഗെയിംസിലെ അവസാനത്ത ഇനമായ പുരുഷ ഹോക്കി ഫൈനലില്‍ മലേഷ്യയെ 5-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണമണിഞ്ഞത്. ഇതോടെ ആകെ മെഡല്‍ നേട്ടത്തില്‍ നാലാം സ്ഥാനത്തെത്താനും ഇന്ത്യയ്ക്കായി. 21 സ്വര്‍ണ മെഡലാണ് ഈ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വന്തമാക്കിയത്.
അതേസമയം 2022-ലെ ഹാങ്ഷൗ ഗെയിംസുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണ മെഡലുകളുടെ എണ്ണത്തില്‍ ഏഴെണ്ണത്തിന്റെ കുറവും ആകെ മെഡല്‍ നേട്ടത്തില്‍ 21 എണ്ണത്തിന്റെ കുറവുമുണ്ടായ. ഹാങ്ഷൗവില്‍ 106 മെഡലുകള്‍ നേടിയ ഇന്ത്യ അന്ന് ആദ്യമായി 100 മെഡലുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. ഇത്തവണ 21 സ്വര്‍ണ്ണവും 27 വെള്ളിയും 37 വെങ്കലവും ഉള്‍പ്പെടെ ആകെ 85 മെഡലുകള്‍ ആണ് ഇന്ത്യ നേടിയത്.

എങ്കിലും, അവസാന ഘട്ടത്തില്‍ ഇന്ത്യ നടത്തിയ മെഡല്‍ വേട്ടയ്ക്ക് വലിയ പ്രാധാന്യമുണ്ട്. വ്യാഴാഴ്ച വരെ 10 സ്വര്‍ണ മെഡലുകളുമായി മെഡല്‍ പട്ടികയില്‍ ആദ്യ പത്തില്‍ പോലും ഇടംപിടിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ അവസാന രണ്ട് ദിവസങ്ങളില്‍ ഹോക്കി, ക്രിക്കറ്റ് ടീമുകള്‍ സ്വര്‍ണം നേടിയതിനൊപ്പം ആര്‍ച്ചറി, ബോക്‌സിംഗ്, ഗുസ്തി എന്നിവയിലും ഇന്ത്യ മികച്ച നേട്ടങ്ങള്‍ കൈവരിച്ചു.
അവസാനഘട്ടത്തിലെ ഈ മുന്നേറ്റത്തിലൂടെ 11 സ്വര്‍ണ മെഡലുകള്‍ കൂടി സ്വന്തമാക്കാനും ആദ്യ അഞ്ച് സ്ഥാനങ്ങളിലേക്ക് ഉയരാനും ഇന്ത്യക്ക് സാധിച്ചു. 20-ാമത് ഏഷ്യന്‍ ഗെയിംസില്‍ 43 കായിക ഇനങ്ങളിലായി 71 വിഭാഗങ്ങളിലാണ് ഇന്ത്യന്‍ സംഘം മത്സരിച്ചത്. 2023 ലെ പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും ഈ കായികമേളയുടെ ചരിത്രത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ മെഡല്‍ നേട്ടമാണിത്.
കഴിഞ്ഞ തവണയും ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവര്‍ക്ക് പിന്നിലായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. 169 സ്വര്‍ണമടക്കം 341 മെഡലുകളുമായി ചൈന ഒന്നാമതെത്തിയപ്പോള്‍, ആതിഥേയരായ ജപ്പാന്‍ 267 മെഡലുകളുമായി രണ്ടാമതും ദക്ഷിണ കൊറിയ 149 മെഡലുകളുമായി മൂന്നാമതും ഫിനിഷ് ചെയ്തു.
തുല്യ എണ്ണം സ്വര്‍ണ മെഡലുകള്‍ (21) നേടിയിട്ടും വെള്ളി മെഡലുകളുടെ എണ്ണം കുറവായതിനാല്‍ ഉസ്‌ബെക്കിസ്ഥാന് ഇന്ത്യക്ക് പിന്നില്‍ അഞ്ചാമത് ഫിനിഷ് ചെയ്യേണ്ടി വന്നു. 21 വ്യത്യസ്ത കായിക ഇനങ്ങളിലായാണ് ഈ മെഡല്‍ നേട്ടം കൈവരിച്ചത്. ഇതില്‍ അത്ലറ്റിക്‌സാണ് ഏറ്റവും കൂടുതല്‍ മെഡലുകള്‍ സംഭാവന ചെയ്തത്. അത്ലറ്റിക്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ 24 മെഡലുകള്‍ നേടിയപ്പോള്‍ ഷൂട്ടിംഗില്‍ നിന്ന് 15 മെഡലുകള്‍ ലഭിച്ചു.
അഞ്ച് സ്വര്‍ണ മെഡലുകളുമായി ആര്‍ച്ചറി വിഭാഗം ഇന്ത്യയുടെ സ്വര്‍ണ നേട്ടത്തില്‍ മുന്നിട്ടുനിന്നു. തജീന്ദര്‍പാല്‍ സിംഗ് ടൂറിന്റെ വെള്ളിയും വനിതകളുടെ 4x400 മീറ്റര്‍ റിലേയിലെ സ്വര്‍ണവും കൂടാതെ ഒമ്പത് വെള്ളിയും 14 വെങ്കല മെഡലുകളും അത്‌ലറ്റിക്‌സില്‍ ഇന്ത്യ നേടി. മൂന്ന് സ്വര്‍ണവും എട്ട് വെള്ളിയും ഉള്‍പ്പെടെ 15 മെഡലുകളാണ് ഷൂട്ടിംഗില്‍ ലഭിച്ചത്. അതേസമയം, ആര്‍ച്ചറിയില്‍ ആകെ ഒമ്പത് മെഡലുകള്‍ ലഭിച്ചു.
അഞ്ച് സ്വര്‍ണ മെഡലുകളുമായി ഒരു കായിക ഇനത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്വര്‍ണ നേട്ടവും ആര്‍ച്ചറിയില്‍ നിന്നാണ്. ഗുസ്തി, ബോക്‌സിംഗ് എന്നിവയില്‍ ആറ് വീതം മെഡലുകള്‍ ലഭിച്ചപ്പോള്‍, ക്രിക്കറ്റ്, ഹോക്കി, കബഡി എന്നിവയില്‍ രണ്ട് വീതം സ്വര്‍ണ മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കി. അമ്പെയ്ത്ത്, ഹോക്കി, സെയിലിംഗ്, സ്‌ക്വാഷ്, സര്‍ഫിംഗ്, ടെന്നീസ്, ട്രയാത്ലണ്‍ എന്നീ ഏഴ് കായിക ഇനങ്ങളില്‍ 2028-ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സിലേക്കുള്ള യോഗ്യതയും നേടാനായി.
പുരുഷ-വനിതാ ഹോക്കി, കോമ്പൗണ്ട് മിക്‌സഡ് ടീം അമ്പെയ്ത്ത്, വനിതാ വ്യക്തിഗത റിക്കര്‍വ് അമ്പെയ്ത്ത് എന്നിവയില്‍ ഇന്ത്യ ഒളിമ്പിക് യോഗ്യത ഉറപ്പാക്കി. ഏഷ്യന്‍ ഗെയിംസില്‍ ഒന്നിലധികം മെഡലുകള്‍ നേടിയും രാജ്യത്തിന്റെ നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചും നിരവധി ഇന്ത്യന്‍ കായികതാരങ്ങള്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ഷൂട്ടിംഗില്‍ നീരു ധണ്ഡ മൂന്ന് മെഡലുകള്‍ സ്വന്തമാക്കി.
വനിതാ വ്യക്തിഗത ട്രാപ്പ് ഇനത്തില്‍ സ്വര്‍ണം, കൈനന്‍ ചെനായിക്കൊപ്പമുള്ള മിക്‌സഡ് ട്രാപ്പ് ഇനത്തില്‍ സ്വര്‍ണം, വനിതാ ട്രാപ്പ് ടീം ഇനത്തില്‍ വെള്ളി എന്നിവയാണവ. കുങ്കും മോഹോദിനും ഈ ഗെയിംസ് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ചു. അവര്‍ വ്യക്തിഗത, ടീം റിക്കര്‍വ് ഇനങ്ങളില്‍ സ്വര്‍ണവും മിക്‌സഡ് ടീം റിക്കര്‍വ് ഇനത്തില്‍ വെള്ളിയും നേടി. അത്ലറ്റിക്‌സില്‍ ഗുല്‍വീര്‍ സിംഗ് ഒന്നിലധികം മെഡലുകള്‍ സ്വന്തമാക്കിയപ്പോള്‍, വിദ്യ രാംരാജ്, അമന്‍ സെഹ്റാവത്ത്, സുജീത് കല്‍ക്കല്‍ തുടങ്ങിയവര്‍ ഇന്ത്യയുടെ മികച്ച പ്രകടനത്തിന് കരുത്തേകി.


Click it and Unblock the Notifications
