കെയ്നിനും പുട്ടെല്ലാസിനും ബാലന് ഡി ഓര്; യമാല്‍ യുവതാരം.. പുരസ്കാരം മുഴുവന്‍ സ്പെയിനിലേക്ക്!
ഈ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷ ഫുട്ബോള്‍ താരമായി ഇംഗ്ലണ്ടിന്റെ ബയേണ്‍ മ്യൂണിച്ച് താരം ഹാരി കെയ്ന്‍. ലാമിന് യമാല്‍, കിലിയന്‍ എംബാപ്പെ എന്നിവരില്‍ നിന്നുള്ള കടുത്ത മത്സരം മറികടന്നാണ് ഹാരി കെയ്ന്‍ 2026 ലെ ബാലന് ഡി ഓര് പുരസ്കാരം സ്വന്തമാക്കിയത്. പുരുഷ വിഭാഗത്തില്‍ ബാലണ്‍ ഡി ഓര് നേടുന്ന അഞ്ചാമത്തെ ഇംഗ്ലീഷ് ഫുട്ബോളര് ആണ് കെയന്‍.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷ് താരവുമാണ് അദ്ദേഹം. 1956-ല്‍ ഈ പുരസ്കാരം ആദ്യമായി നേടിയ ഇംഗ്ലണ്ടിന്റെ സ്റ്റാന്‍ലി മാത്യൂസിന്റെ വിജയത്തിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി ലണ്ടന്‍ പല്ലാഡിയം ആണ് ചടങ്ങിനുള്ള വേദിയായി തിരഞ്ഞെടുത്തത്. അതേ വേദിയില്‍ വെച്ച് ഒരു ഇംഗ്ലീഷ് താരം തന്നെ പുരസ്കാരം സ്വന്തമാക്കിയതും ശ്രദ്ധേയമായി.

വനിതാ വിഭാഗത്തില്‍, എവ പജോര്‍, മെല്‍ച്ചി ഡുമോര്നേ എന്നിവരെ പിന്നിലാക്കി അലക്സിയ പുട്ടെല്ലാസ് തന്റെ കരിയറിലെ മൂന്നാമത്തെ ബാലണ്‍ ഡി ഓര് ഫെമിനിന്‍ പുരസ്കാരം സ്വന്തമാക്കി. 2021-ലും 2022-ലും തുടര്‍ച്ചയായി ഈ പുരസ്കാരം നേടിയ പുട്ടെല്ലാസിന് ശേഷം, ഐറ്റാന ബോണ്‍മാറ്റി തുടര്‍ച്ചയായി മൂന്ന് തവണ ഈ നേട്ടം കൈവരിച്ചിരുന്നു. പുട്ടെല്ലാസിന്റെ ഈ വിജയം, തുടര്‍ച്ചയായ ആറാം വര്‍ഷവും ഒരു സ്പാനിഷ് താരം തന്നെ ഈ പുരസ്കാരം നേടുന്ന എന്നതിലേക്ക് കാര്യങ്ങളെത്തിച്ചു.
സ്പെയിനിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലൂയിസ് ഡി ലാ ഫ്യൂന്റെ മെന്‍സ് കോച്ച് ഓഫ് ദി ഇയര്‍ പുരസ്കാരം നേടി. ബാഴ്സലോണ ഫെമെനിയുടെ പെരെ റോമുവാണ് വനിതാ വിഭാഗത്തില്‍ മികച്ച പരിശീലകനുള്ള പുരസ്കാരം സ്വന്തമാക്കിയത്. വോട്ടിംഗില്‍ മൂന്നാം സ്ഥാനത്തെത്തിയ ലാമിന് യമാലിന് ബാലണ്‍ ഡി ഓര് നഷ്ടമായെങ്കിലും, തുടര്‍ച്ചയായ മൂന്നാം തവണയും 'മെന്‍സ് യംഗ് പ്ലെയര്‍ ഓഫ് ദി ഇയര്‍' (പുരുഷ വിഭാഗം മികച്ച യുവതാരം) പുരസ്കാരം അദ്ദേഹം നേടി.
വനിതാ വിഭാഗത്തില്‍ ബാഴ്സലോണയുടെ വിക്കി ലോപ്പസ് തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. സ്പെയിനിനും ബാഴ്സലോണ ഫെമെനിക്കുമായി കാഴ്ചവെച്ച മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍, ഉനായ് സൈമണ്‍ (പുരുഷ വിഭാഗം), കാറ്റ കോള്‍ (വനിതാ വിഭാഗം) എന്നിവര്‍ മികച്ച ഗോള്‍കീപ്പര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു. ആകെ നല്കിയ 13 പുരസ്കാരങ്ങളില് എട്ടെണ്ണവും സ്പാനിഷ് താരങ്ങളും ക്ലബ്ബുകളും സ്വന്തമാക്കി.
ഇതില്‍ വുമണ്‍സ് ക്ലബ് ഓഫ് ദി ഇയര്‍ (വനിതാ വിഭാഗം മികച്ച ക്ലബ്) ബഹുമതി ബാഴ്സലോണയ്ക്കാണ് ലഭിച്ചത്. 2025-26 സീസണില്‍ കാറ്റലന്‍ ക്ലബ്ബ് മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്; ലീഗ എഫ്, കോപ്പ ഡി ലാ റെയ്ന, സ്പാനിഷ് സൂപ്പര്‍ കപ്പ്, യുവേഫ വിമന്‍സ് ചാമ്പ്യന്‍സ് ലീഗ് എന്നിങ്ങനെ തങ്ങള്‍ പങ്കെടുത്ത നാല് പ്രധാന ടൂര്‍ണമെന്റുകളിലും അവര്‍ കിരീടം ചൂടി. ഈ വര്‍ഷത്തെ മികച്ച പുരുഷ ക്ലബ് പിഎസ്ജിയാണ്.


Click it and Unblock the Notifications
