ഇതിലും വലിയ നാണക്കേടില്ല, സൂപ്പര്‍ സീനിയേഴ്‌സ് തെറിക്കും; കടുത്ത നടപടികളിലേക്ക് ബിസിസിഐ
മുംബൈ: ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അഴിച്ചുപണിക്ക് സാധ്യത. സീനിയര്‍ താരങ്ങളുടെ മോശം പ്രകടനത്തില്‍ ബിസിസിഐയ്ക്ക് കടുത്ത അതൃപ്തിയാണ് ഉള്ളത്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പരയില്‍ ഒരു ജയം പോലുമില്ലാതെ ഇന്ത്യ അവസാനിപ്പിക്കുന്നത്. അതിനാല്‍ തന്നെ കര്‍ശന നടപടിയാണ് ബിസിസിഐ സ്വീകരിക്കാന്‍ പോകുന്നത് എന്നാണ് വിവരം.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കോലി തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോള്‍ പതറുന്ന കാഴ്ചയാണ് പരമ്പരയിലുടനീളം കണ്ടത്. രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരില്‍ നിന്നും പ്രതിഭയ്‌ക്കൊത്തുള്ള പ്രകടനം ഉണ്ടായില്ല. ഈ സീനിയര്‍ താരങ്ങളുടെ ഭാവി വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം തീരുമാനിക്കുമെന്നാണ് പിടിഐ റിപ്പോര്‍ട്ടില്‍ ഉള്ളത്.

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിലെ തോല്‍വിക്ക് ശേഷം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറുമായി സംസാരിച്ചിരുന്നു എന്നാണ് വിവരം. ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയില്ലെങ്കില്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ നാല് സൂപ്പര്‍ സീനിയര്‍മാരില്‍ എല്ലാവരുമോ അല്ലെങ്കില്‍ ആരെങ്കിലുമോ ഉണ്ടാകില്ലെന്ന് ഉറപ്പിക്കാം എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്.
അങ്ങനെയെങ്കില്‍ ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പര നാല് താരങ്ങളും ഒരുമിച്ച് കളിച്ച അവസാന ടെസ്റ്റ് മത്സരമായി കണക്കാക്കേണ്ടി വരും. ന്യൂസിലന്‍ഡിനെതിരായ പരമ്പര തോറ്റതോടെ ഡബ്ല്യുടിസി ഫൈനലിലേക്കുള്ള ഇന്ത്യയുടെ വഴി കൂടുതല്‍ കടുപ്പമായി. മറ്റ് മത്സരഫലങ്ങളെ ആശ്രയിക്കാതെ ഫൈനല്‍ കളിക്കാന്‍ ഇന്ത്യയ്ക്ക് 4-0 എന്ന വിജയം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ സ്വന്തമാക്കണം.
2025 ല്‍ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ഇംഗ്ലണ്ട് പരമ്പരയില്‍ സായ് സുദര്‍ശന്‍, ദേവദത്ത് പടിക്കല്‍ തുടങ്ങിയ കളിക്കാര്‍ക്ക് സെലക്ഷന്‍ കമ്മിറ്റി അവസരം നല്‍കിയേക്കാം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായി വാഷിംഗ്ടണ്‍ സുന്ദര്‍ ഉയര്‍ന്നതോടെ ഭാവിതാരം എന്ന വിലയിരുത്തലുണ്ട്. രവീന്ദ്ര ജഡേജയുടെ പകരക്കാരനായി അക്‌സര്‍ പട്ടേലും ഉയര്‍ന്നുവന്നിട്ടുണ്ട്.
ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും ടെസ്റ്റില്‍ രോഹിതും കോലിയും ബാറ്റിംഗില്‍ അമ്പേ പരാജയമാണ്. റിഷഭ് പന്ത് മാത്രമാണ് സമീപകാലത്ത് ടെസ്റ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെച്ചിട്ടുള്ളത്.












Click it and Unblock the Notifications