ടെസ്റ്റ് താരങ്ങളുടെ പ്രതിഫലം കൂട്ടാന്‍ ബിസിസിഐ; ഒരു ടെസ്റ്റ് കളിച്ചാല്‍ ലഭിക്കുന്ന തുക ഇത്ര..!
മുംബൈ: ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പ്രതിഫലം കൂട്ടാന്‍ ബി സി സി ഐയുടെ നീക്കം. ഐ പി എല്ലിന് ശേഷം ഇത് സംബന്ധിച്ച് തീരുമാനമെടുക്കും എന്നാണ് ബി സി സി ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവതാരങ്ങള്‍ ടെസ്റ്റുകളില്‍ നിന്ന് അവധിയെടുക്കുകയും രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര ക്രിക്കറ്റുകള്‍ കളിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബി സി സി ഐയുടെ തീരുമാനം.
മാച്ച് ഫീസ് വര്‍ധിപ്പിക്കുന്നതിന് പകരം കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കുന്ന താരങ്ങള്‍ക്ക് വാര്‍ഷിക ബോണസായി ഉയര്‍ന്ന തുക നല്‍കാനാണ് ബി സി സി ഐ ആലോചിക്കുന്നത്. ' ഒരു കളിക്കാരന്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ എല്ലാ ടെസ്റ്റ് പരമ്പരകളും കളിക്കുകയാണെങ്കില്‍ വാര്‍ഷിക റിട്ടൈനര്‍ കരാറിന് പുറമെ അയാള്‍ക്ക് അധികമായി പ്രതിഫലം നല്‍കണം. കളിക്കാര്‍ കൂടുതല്‍ റെഡ്-ബോള്‍ ക്രിക്കറ്റിലേക്ക് തിരിയുന്നുവെന്ന് ഉറപ്പാക്കാനാണിത്.

ഇത് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതിനുള്ള ഒരു അധിക ആനുകൂല്യമായിരിക്കും,' പേര് വെളിപ്പെടുത്താത്ത ബി സി സി ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പുതിയ പ്രതിഫല മാതൃക ബോര്‍ഡ് അംഗീകരിച്ചാല്‍ ഈ ഐ പി എല്‍ സീസണിന് ശേഷം ഇത് നടപ്പാക്കും. നിലവില്‍ ഒരു ടെസ്റ്റിന് 15 ലക്ഷം രൂപയും ഏകദിനത്തിന് 6 ലക്ഷം രൂപയും ടി 20 അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് 3 ലക്ഷം രൂപയുമാണ് ബി സി സി ഐ മാച്ച് ഫീയായി താരങ്ങള്‍ക്ക് നല്‍കുന്നത്.
വാര്‍ഷിക കരാര്‍ തുകക്ക് പുറമെ ആണിത്. പുതിയ ശമ്പള പരിഷ്‌കാരത്തോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് കൂടുതല്‍ യുവതാരങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് ബി സി സി ഐയുടെ പ്രതീക്ഷ. സെന്‍ട്രല്‍ കോണ്‍ട്രാക്ടിലുള്ള താരങ്ങള്‍ രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ആഭ്യന്തര ടൂര്‍ണമെന്റുകള്‍ കളിക്കണംെ എന്ന് ബി സി സി ഐ നിഷ്‌കര്‍ഷിച്ചിരുന്നു. ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഐ പി എല്ലിന് വേണ്ടി ടെസ്റ്റില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണെന്ന് ആരോപണമുണ്ട്.
അതേസമയം ഐ പി എല്ലിന് യോഗ്യത നേടുന്നതിന് കളിക്കാര്‍ക്ക് റെഡ് ബോള്‍ ക്രിക്കറ്റ് മത്സരം നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച് ബി സി സി ഐ ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നാലാം ടെസ്റ്റ് വിജയത്തിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നു.












Click it and Unblock the Notifications