ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിനിടയിലും സഞ്ജു സാംസന്റെ സാന്നിധ്യം; പോസ്റ്റ് വൈറല്‍
ലോകകപ്പ് ടീമിലേക്ക് സഞ്ജു സാംസണെ ഉള്‍പ്പെടുത്താതിരുന്നത് ആരാധകര്‍ക്കെല്ലാം വലിയ നിരാശ സമ്മാനിച്ചതായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ആരാധകര്‍ ബിസിസി ഐക്കെതിരെ അടക്കം രംഗത്ത് വന്നിരുന്നു. എന്നാല്‍ മറ്റുള്ള താരങ്ങളുടെ പെര്‍ഫോമന്‍സുമായി പരിഗണിക്കുമ്പോള്‍ സഞ്ജുവിന്റെ സാധ്യതകള്‍ പിന്നിലായിരുന്നു. അതിന് പ്രധാന കാരണം പ്രകടനം തന്നെയായിരുന്നു.
അതേസമയം ടീമില്‍ ഇല്ലെങ്കിലും സഞ്ജുവിന്റെ സാന്നിധ്യം ടീമിനൊപ്പമുണ്ട്. കഴിഞ്ഞ ദിവസം സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ ടീമിന്റെ പരിശീലനം നടക്കുന്ന സ്ഥലത്തും സഞ്ജുവിന്റെ വലിയൊരു ചിത്രമാണ് ഉള്ളത്. ഇതാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ ഏഷ്യാ കപ്പ് ടീമില്‍ സഞ്ജു ഉണ്ടായിരുന്നെങ്കില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. ബാക്കപ്പ് താരമായിട്ടാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നത്. രാഹുലും, ശ്രേയസും തിരിച്ചുവന്നതോടെ സഞ്ജു ടീമിന് പുറത്തായിരുന്നു. അതേസമയം ലോകകപ്പിന്റെ സന്നാഹ മത്സരം കളിക്കാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു ഇന്ത്യന്‍ ടീം. കേരളത്തിലെ മത്സരം നെതര്‍ലന്റ്‌സിനെതിരെയായിരുന്നു.
എന്നാല്‍ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. പക്ഷേ ടീം പരിശീലനം നടത്തുന്ന സ്ഥലത്ത് സമീപമുള്ള സഞ്ജുവിന്റെ വമ്പന്‍ പോസ്റ്ററാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഈ ചിത്രം സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുക കൂടി ചെയ്തതോടെ ആരാധകര്‍ ഇത് ഏറ്റെടുക്കുകയും ചെയ്തു.അതേസമയം സഞ്ജു ടീമിന് ആശംസകളും നേര്‍ന്നിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്നായിരുന്നു സഞ്ജു കുറിച്ചത്.
പോസ്റ്ററിന്റെ രൂപത്തില്‍ താനും ടീമിനൊപ്പം ഉണ്ടെന്നാണ് സഞ്ജു ഇതുകൊണ്ട് സൂചിപ്പിച്ചത്. എന്നാല്‍ ആരാധകര്‍ക്ക് നിരാശയാണ് സന്നാഹ മത്സരത്തിലൂടെ ലഭിച്ചത്. ഒരു പന്ത് പോലും എറിയാനാവാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. കനത്ത മഴയായിരുന്നു മത്സരം തടസ്സപ്പെടുത്തിയത്. നേരത്തെ ഇംഗ്ലണ്ടിനെതിരെയുള്ള സന്നാഹ മത്സരവും ഇതുപോലെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ഗുവാഹത്തിയിലായിരുന്നു മത്സരം നടക്കാനിരുന്നത്.
എന്നാല്‍ അവിടെ കനത്ത മഴയായിരുന്നു. ഇതിനോടകം മൂന്ന് സന്നാഹ മത്സരങ്ങളാണ് നഷ്ടമായിരിക്കുന്നത്. അതേസമയം നാളെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇന്ത്യ പരിശീലന മത്സരമൊന്നും ഇല്ലാതെയാണ് കളത്തില്‍ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. നെതര്‍ലന്റ്‌സിന്റെ രണ്ട് മത്സരങ്ങളും ഇതുപോലെ മഴയില്‍ നഷ്ടമായിരുന്നു.
ഓസ്‌ട്രേലിയക്കെതിരെയുള്ള അവരുടെ മത്സരവും മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് മഴ ഭീഷണിയാവില്ലെന്നാണ് കാലാവസ്ഥ പ്രവചനം. അഹമ്മദാബാദ്, ഹൈദരാബാദ്, ധര്‍മശാല എന്നീ വേദികളില്‍ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് പ്രവചനം.












Click it and Unblock the Notifications