സമ്പാദിച്ചതില്‍ 90 ശതമാനവും ഐപിഎല്ലില്‍ നിന്ന്! എല്ലാവര്‍ക്കും കാര്‍ത്തിക്കിനെ വേണം; ആസ്തി എത്രയെന്നറിയാമോ?
പഞ്ചാബ് കിംഗ്‌സിനെതിരായ ഇന്നലത്തെ മത്സരത്തില്‍ വിരാട് കോലിയെ പോലെ തന്നെ ശ്രദ്ധാകേന്ദ്രമായത് വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്കാണ്. ഐപിഎല്ലിലെ ഇതുവരെയുള്ള എല്ലാ സീസണുകളിലും കളിച്ച ചുരുക്കം ചില താരങ്ങളിലൊരാളായ ദിനേഷ് കാര്‍ത്തിക്ക് ഒരിക്കല്‍ കൂടി തന്റെ ഫിനിഷിംഗ് പാടവം ഇന്നലെ തെൡയിച്ചു. 10 പന്തില്‍ 28 റണ്‍സെടുത്ത കാര്‍ത്തിക്കാണ് ആര്‍സിബിക്ക് നാല് പന്ത് ബാക്കി നില്‍ക്കെ വിജയം സമ്മാനിച്ചത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ 20-ാം വര്‍ഷത്തിലാണ് ദിനേഷ് കാര്‍ത്തിക്. പാര്‍ഥിവ് പട്ടേല്‍ സ്റ്റമ്പിന് പിന്നില്‍ സ്ഥിരമായി മോശം പ്രകടനം കാഴ്ച വെച്ചതാണ് ദിനേഷ് കാര്‍ത്തിക്കിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. പിന്നീട് ധോണിയുഗം ആരംഭിക്കുന്നത് വരെ ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറായിരുന്നു കാര്‍ത്തിക്ക്. ഐപിഎല്‍ ആദ്യ സീസണ്‍ മുതല്‍ കളത്തിലുള്ള ദിനേഷ് കാര്‍ത്തിക് വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചിട്ടുണ്ട്.

2008 മുതല്‍ 2010 വരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായിരുന്നു കാര്‍ത്തിക്. 2011 ല്‍ 7.50 കോടി രൂപക്ക് കാര്‍ത്തികിന് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. 2012 ല്‍ 2.35 മില്യണ്‍ ഡോളറിന് മുംബൈ താരത്തെ റാഞ്ചി. എന്നാല്‍ 2014 ല്‍ ദിനേഷ് കാര്‍ത്തിക് വീണ്ടും ഡല്‍ഹിയില്‍ തിരിച്ചെത്തി. 2015 ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും 2016 ല്‍ ഗുജറാത്ത് ലയണ്‍സും കാര്‍ത്തികിനെ സ്വന്തമാക്കി.
2018 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ക്യാപ്റ്റനായി കൊണ്ടായിരുന്നു പ്രവേശനം. 2020 ലെ സീസണ്‍ പകുതി വരെ കൊല്‍ക്കത്തയുടെ ക്യാപ്റ്റനായിരുന്നു. 2022 ല്‍ ആര്‍സിബി വീണ്ടും കാര്‍ത്തിക്കിനായി രംഗത്തെത്തി. 5.50 കോടി രൂപക്ക് സ്വന്തമാക്കിയ കാര്‍ത്തിക്കിനെ പിന്നീട് ആര്‍ സി ബി നിലനിര്‍ത്തി പോരുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിനേക്കാള്‍ കൂടുതല്‍ ദിനേഷ് കാര്‍ത്തിക് സമ്പാദിച്ചത് ഐപിഎല്ലിലൂടേയാണ്.
2024 ലെ കണക്കനുസരിച്ച് 13 മില്യണ്‍ ഡോളര്‍ ആണ് കാര്‍ത്തിക്കിന്റെ ആസ്തി. അതായത്, ഏകദേശം 95 കോടി രൂപ. ഇതില്‍ 80 കോടിയിലേറെയും ഐപിഎല്ലില്‍ നിന്നാണ് താരം സ്വന്തമാക്കിയത്. ദിനേശ് കാര്‍ത്തിക്കിന്റെ വരുമാനത്തിന്റെയും ആസ്തിയുടെയും പ്രധാന ഉറവിടം ക്രിക്കറ്റില്‍ നിന്നാണ്. കൂടാതെ ഇപ്പോഴും താരത്തിന്റെ ബ്രാന്‍ഡ് മൂല്യം വളരെ ഉയര്‍ന്നതാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ദിനേശ് കാര്‍ത്തിക്കിന്റെ ആസ്തിയില്‍ 40% വര്‍ധനയുണ്ടായെന്നാണ് കണക്കാക്കുന്നത്. ദിനേശ് കാര്‍ത്തിക് നിരവധി പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇത് വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ആസ്തി ഗണ്യമായി വര്‍ധിപ്പിക്കുന്നതിന് കാരണമായി. സന്ദു ബാം, വീനസ്, ഖാദിം ഇന്ത്യ ലിമിറ്റഡ്, ബ്ലാക്ക്ബെറിസ് തുടങ്ങിയ ബ്രാന്‍ഡുകളുമായി അദ്ദേഹം സഹകരിക്കുന്നുണ്ട്.
ഗിസ്‌മോര്‍ സ്മാര്‍ട്ട് വാച്ച്, ഈറ്റ്ഫിറ്റ്, സെബ്രോണിക്‌സ് ട്രിമ്മര്‍, വിവോ, റോയല്‍ 11 ഫാന്റസി, ലീപ് സ്‌പോര്‍ട്‌സ് എന്നിവയുമായും താരം കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഏകദേശം 1 കോടി രൂപയാണ് അദ്ദേഹം ബ്രാന്‍ഡ് അംഗീകാരങ്ങള്‍ക്കായി ഈടാക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സ്പോര്‍ട്സ് കാറുകളിലൊന്നായ പോര്‍ഷെ കേമാന്‍ എസ് താരത്തിന്റെ ഗാരേജിലുണ്ട്. മണിക്കൂറില്‍ 270 കിലോമീറ്ററിലധികം വേഗതയുള്ള ഇതിന് 85 ലക്ഷം രൂപയിലധികം ചിലവ് വരും.
ഒരു കോടി രൂപ വീതം വിലമതിക്കുന്ന ബി എം ഡബ്ല്യു കാറും ഒരു റേഞ്ച് റോവറും താരത്തിനുണ്ട്. തമിഴ്നാട്ടിലെ ചെന്നൈയില്‍ ദിനേശ് കാര്‍ത്തിക്കിന്റെ ഉടമസ്ഥതയില്‍ ഒരു ലക്ഷ്വറി ഡിസൈനര്‍ വീടുണ്ട്. കൂടാതെ, രാജ്യത്തുടനീളമുള്ള ഒന്നിലധികം റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളും അദ്ദേഹത്തിന് സ്വന്തമായുണ്ട്.












Click it and Unblock the Notifications