വിവാദത്തിൽ മാത്രമല്ല വരുമാനത്തിലും ഈ ലോകകപ്പ് മുന്നിൽ; 15 ബില്യൺ കടക്കും, കോളടിച്ചത് ഫിഫയ്ക്ക്..! |
2026 ലോകകപ്പ് കഴിഞ്ഞു. ഫൈനലിൽ ഏറ്റുമുട്ടിയ സ്പെയിനിന്റേയും അർജന്റീനയുടെയും കളിക്കാരും കോച്ചും സ്റ്റാഫും ഒക്കെ നാടിന്റെ സ്വീകരണം ഏറ്റുവാങ്ങി അവരവരുടെ വീടുകളിലെത്തി. ഫുട്ബോൾ ആരാധകർ കളിയെ കുറിച്ചുള്ള വിശകലനങ്ങളും കളിയാക്കലുകളും ട്രോളുകളും ഒക്കെ കഴിഞ്ഞ് ചെറിയ ഇടവേളക്ക് ശേഷം തുടങ്ങാനിരിക്കുന്ന ക്ലബ് ആവേശത്തിനുള്ള കാത്തിരിപ്പിലേക്ക് കടക്കുന്നു. ഒപ്പം നാല് വർഷം കഴിഞ്ഞെത്തുന്ന അടുത്ത വിശ്വവേദിയെ കുറിച്ചുള്ള സ്വപ്നം കാണലും.
ഫിഫയുടെ ലോകകപ്പ് തിരക്ക് പക്ഷേ കഴിഞ്ഞിട്ടില്ല. പണപ്പെട്ടി എണ്ണിത്തീരാൻ ഫിഫ വിചാരിച്ചതിലും കൂടുതൽ സമയം എടുക്കുന്നുണ്ട്. പതിനൊന്ന് ബില്യൻ വിചാരിച്ചിടത്ത് 15 ബില്യൻ ആണ് ലോകകപ്പ് ഫിഫക്ക് നേടിക്കൊടുത്ത വരുമാനം. അതിന് പ്രധാനമായും വഴിയൊരുക്കിയത് ഡൈനാമിക് പ്രൈസിങ് രീതിയാണ്. ഇതാദ്യമായാണ് ഫിഫ അങ്ങനെയൊരു സംവിധാനം കൊണ്ടുവന്നത്. ടിക്കറ്റിനുള്ള ഡിമാൻഡ് അനുസരിച്ച് വില കൂട്ടുന്ന സംവിധാനമാണ് അത്.

ആദ്യഘട്ടത്തിൽ 140 ഡോളർ മുതൽ 2735 ഡോളർ വരെ പോയി ടിക്കറ്റ് വില. ഫൈനൽ മത്സരത്തിന് പിടിച്ചാൽ കിട്ടാത്ത നില. 8680 ഡോളർ വരെ പോയി വില. റീസെയ്ൽ പ്ലാറ്റ്ഫോമിൽ 2.3മില്യൻ വരെയെത്തി. റീസെയ്ൽ പ്ലാറ്റ്ഫോമിലെ വിൽപനക്ക് ഫിഫ നിയന്ത്രണം ഉണ്ടായിരുന്നില്ല. അതുകൊണ്ട് അത്തരം പ്ലാറ്റ്ഫോമുകൾക്ക് സൗകര്യമായി. ടിക്കറ്റ് വാങ്ങുന്നവരിൽ നിന്നും വിൽക്കുന്നവരിൽ നിന്നും 15 ശതമാനം ഫിഫക്കായിരുന്നു എന്നതും കൂട്ടിവായിക്കണം. ഫുട്ബോൾ മത്സരം കണ്ടേ പറ്റൂ എന്ന ആഗ്രഹവുമായി എത്തിയവർ മോഹവില കൊടുക്കാനും തയ്യാറായതോടെ മെറ്റ് ലൈഫ് സ്റ്റേഡിയം നിറഞ്ഞു. ഫിഫയുടെ പണപ്പെട്ടിയും.
മത്സരത്തിനിടയിലെ ഹൈഡ്രേഷൻ ബ്രേക്ക് നൽകിയത് പരസ്യപ്രദർശനത്തിനുള്ള അധികസമയം. ഫുട്ബോൾ ആവേശത്തിന് മേൽ വെള്ളമൊഴിക്കുന്ന പരിപാടി എന്ന വിമർശനം ഫിഫയെ തലോടിയതുപോലുമില്ല. കൊടുംചൂടായിരുന്നു എന്നത് ന്യായമായി ഉയർത്തിക്കാട്ടി ഫിഫ സ്പോൺസർഷിപ്പ് വരുമാനം കൂട്ടി. ലോകകപ്പ് ചരിത്രത്തിലാദ്യമായി ഫൈനൽ മത്സരത്തിന്റെ ഇടയിൽ ആട്ടവും പാട്ടും വന്നതും അങ്ങനെതന്നെ.
അനാവശ്യ പരിശോധനകൾ, സൊമാലിയൻ റഫറി ഒമർ അർടാന് വിസ നിഷേധിച്ചത്, പല നാടുകളിൽ നിന്നുള്ള പല ആരാധകർക്കും പ്രവേശനാനുമതി നൽകാതിരുന്നത്, ഇറാന്റെ കളിക്കാരെ പെടാപാട് പെടീച്ചത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ താരം ബലോഗന്റെ റെഡ് കാർഡ് റദ്ദാക്കാൻ ഇടപെട്ടത് അങ്ങനെ അങ്ങനെ അമേരിക്കൻ സർക്കാരും സംവിധാനവും ഉണ്ടാക്കിയ രാഷ്ട്രീയപ്രശ്നങ്ങൾ ഏറെ. അപ്പോഴും പറ്റുന്നത്ര നല്ല ആതിഥേയരാകാൻ ശ്രമിച്ച അമേരിക്കൻ നഗരങ്ങളിലെ അമേരിക്കയിലെ ഹോട്ടലുകാർക്കും കടക്കാർക്കും ടാക്സി ഡ്രൈവർമാർക്കും എല്ലാം കോളായിരുന്നു.
പറ്റുന്നിടത്തെല്ലാം കച്ചവടസാധ്യത പെട്ടെന്ന് കാണുന്ന ആളാണല്ലോ ട്രംപ്. ലോകകപ്പും അങ്ങനെ ഒന്നാണെന്ന് ട്രംപ് തിരിച്ചറിഞ്ഞു കഴിഞ്ഞു. അടുത്ത ലോകകപ്പ് അമേരിക്കക്ക് എപ്പോൾ തരുമെന്നാണ് ഇപ്പോൾ തന്നെ ട്രംപ് ചോദിച്ചുതുടങ്ങിയിരിക്കുന്നത്. ഇത്തവണ കാനഡയും മെക്സിക്കോയും സഹ ആതിഥേയരായ ഏർപാട് അടുത്ത തവണ വേണ്ടെന്നും അമേരിക്ക ഒറ്റക്ക് നടത്തിക്കോളാമെന്നും പറയുന്നു ട്രംപ്. 2030ലേയും 2034ലേയും ആതിഥേയരെ തീരുമാനിച്ച് കഴിഞ്ഞതുകൊണ്ട് കുറച്ച് കാത്തിരിക്കേണ്ടി വരുമെന്ന് മനസ്സിലായത് കൊണ്ടാണെന്ന് തോന്നുന്നു, ട്രംപ് അടുത്ത ആവശ്യം പറഞ്ഞത്. 2029ൽ ക്ലബ് ലോകകപ്പ് അമേരിക്കയിൽ നടത്താമെന്ന്. നോക്കാം. അത് മുന്നിൽ കണ്ട് എന്തായാലും ട്രംപ് ഇപ്പോൾ തന്നെ കണക്കുകൂട്ടലുകൾ തുടങ്ങിക്കാണും.
എന്തായാലും നോക്കാം. ഇക്കുറി 48 ടീമുകളെ പങ്കെടുപ്പിച്ചത് വിജയമായെന്ന് ഇൻഫാന്റീനോ വിലയിരുത്തുന്നുണ്ടാവും എന്നുറപ്പ്. കാബോ വെർദെയും കുറകാവോയും ഒക്കെ താരങ്ങളായല്ലോ. മാത്രമല്ല ആഫ്രിക്കൻ അസോസിയേഷനുകളുടെയും ഏഷ്യൻഅസോസിയേഷനുകളുടെയും പിന്തുണ അതുവഴി ഉറപ്പാക്കാൻ കഴിഞ്ഞത് കൊണ്ട് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ പരിഭവിച്ചാലും ഫിഫ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ കഴിയുമെന്നും ഇൻഫാന്റീനോ ഉറപ്പിച്ചിട്ടുണ്ടാകും. അർജന്റീനയെ പിന്തുണച്ചെന്ന വ്യാപക പരാതിയുടെ പ്രഭാവം എന്താണെന്നെ അറിയേണ്ടതുള്ളു.
അപ്പോഴും ഒരു കാര്യമുണ്ട്. കുറച്ചധികം ടീമുകളെ ഉൾപെടുത്തി ലോകകപ്പ് ടൂർണമെന്റിന്റെ കാലാവധി നീട്ടുന്നതും ഹൈഡ്രേഷൻ ബ്രേക്കും കലാപരിപാടികളുമൊക്കെയായി മത്സരത്തിന്റെ ആവേശം കെടുത്തുന്നതും ഫുട്ബോൾ എന്ന ബ്യൂട്ടിഫുൾ ഗെയിമിന്റെ ബ്യൂട്ടി കളയുമോ എന്ന് ആലോചിച്ചാൽ മതിയായിരുന്നു.
വാൽക്കഷ്ണം
ലോകകപ്പിനെത്തുന്ന ടീമുകൾക്ക് സമ്മാനം കൊടുക്കാൻ ഫിഫയുടെ മടിയില്ല. പറയാതെ വയ്യ.ചാമ്പ്യൻമാരായ സ്പെയിന് കിട്ടുക 51 ദശലക്ഷം ഡോളറാണ്. റണ്ണറപ്പായ അർജന്റീനക്ക് 34 ദശലക്ഷം ഡോളറും. മൂന്നാം സ്ഥാനത്ത് എത്തിയ ഇംഗ്ലണ്ടിന് 30 ദശലക്ഷം ഡോളറും നാലാമത് എത്തിയ ഫ്രാൻസിന് 28 ദശലക്ഷംഡോളറും കിട്ടും. ക്വാർട്ടർ ഫൈനലിൽ എത്തിയ ടീമുകൾക്ക് 20 ദശലക്ഷം ഡോളർ വീതമാണ് കിട്ടുക. പ്രീ ക്വാർട്ടറിൽ കളിച്ചവർക്ക് 16 ദശലക്ഷം വീതവും ആദ്യ നോക്കൗട്ട് റൗണ്ടിൽ എത്തിയവർക്ക് 12 ദശലക്ഷം ഡോളർ വീതവും കിട്ടും . ആദ്യ റൗണ്ടിൽ കാലിടറിയവർക്കും കിട്ടും സമ്മാനം. പത്ത്
ദശലക്ഷം ഡോളർ.


Click it and Unblock the Notifications