കൂറ്റന്‍ പ്രതിഫലം മാത്രമല്ല; അല്‍-ഇത്തിഹാദിലെത്തിയ ഫാബിന്യോയ്ക്ക് ആരാധകന്‍ നല്‍കിയ ആഡംബര സമ്മാനം കണ്ടോ
റിയാദ്: ലോകഫുട്‌ബോള്‍ മിഡില്‍ ഈസ്റ്റിലേക്ക് കളം മാറ്റിക്കൊണ്ടിരിക്കുകയാണ്. കാല്‍പന്ത് കളിയിലെ വമ്പന്‍മാരില്‍ പലരും യൂറോപ്പ് വിട്ട് കഴിഞ്ഞു. റൊണാള്‍ഡോ, മെസി, നെയ്മര്‍, ബെന്‍സെമ, ഫാബിന്യോ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇതില്‍ മെസി ഒഴികെ ബാക്കിയുള്ളവരെല്ലാ സൗദി പ്രോ ലീഗിന്റെ ഭാഗമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നെയ്മര്‍ അല്‍ ഹിലാലുമായുള്ള കരാറുറപ്പിച്ചത്.
സൂപ്പര്‍താരങ്ങള്‍ക്കെല്ലാം മില്യണ്‍ ഡോളര്‍ പ്രതിഫലമാണ് സൗദി ക്ലബുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. മുന്‍ ലിവര്‍പൂള്‍ താരമായ ബ്രസീല്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഫാബിന്യോ തിങ്കളാഴ്ചയാണ് സൗദി പ്രോ ലീഗില്‍ അരങ്ങേറ്റം കുറിച്ചത്. അല്‍ ഇത്തിഹാദിന്റെ താരമാണ് ഫാബിന്യോ. തിങ്കളാഴ്ച അല്‍-റെയ്ദിനെതിരെ 3-0 ന്റെ വിജയത്തോടെയാണ് സൗദി പ്രോ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ അല്‍ ഇത്തിഹാദ് ഫാബിന്യോയെ സ്വാഗതം ചെയ്തത്.

മൂന്ന് വര്‍ഷത്തെ കരാറിലാണ് ഫാബിന്യോ അല്‍ ഇത്തിബാദിലെത്തിയത്. 40 ദശലക്ഷം പൗണ്ടാണ് ക്ലബ് താരത്തിനായി ചെലവഴിച്ചത്. ജോര്‍ഡന്‍ ഹെന്‍ഡേഴ്സണ്‍ കഴിഞ്ഞാഴ്ച ലിവര്‍പൂള്‍ വിട്ട് സൗദി ക്ലബായ അല്‍-ഇത്തിഫാക്കില്‍ എത്തിയിരുന്നു. 2018 ല്‍ ആണ് ഫാബിന്യോ ലിവര്‍പൂളില്‍ എത്തിയത്. ഇതിന് ശേഷം 219 മത്സരങ്ങളില്‍ ഫാബിന്യോ ലിവര്‍പൂളിനായി കളത്തിലിറങ്ങിയിട്ടുണ്ട്.
താരങ്ങള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന പ്രതിഫലം ക്ലബുകള്‍ നല്‍കുന്നതിന് പിന്നാലെ ആരാധകരും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്. ഇതിന് ഉദാഹരണമായിരുന്നു ഫാബിന്യോയ്ക്ക് സൗദി മാധ്യമപ്രവര്‍ത്തകന്‍ ഇബ്രാഹിം അല്‍-ഫര്യാന്‍ മത്സരശേഷം ആഡംബര വാച്ച് സമ്മാനിച്ചത്. ആയിരക്കണക്കിന് ഡോളര്‍ വിലയുള്ള ആഡംബര വാച്ച് ഇബ്രാഹിം അല്‍-ഫര്യാന്‍ ഫാബിന്യോയ്ക്ക് കെട്ടിക്കൊടുക്കുകയായിരുന്നു.
അതേസമയം തിങ്കളാഴ്ച അല്‍ റെയ്ദിനെതിരെ മികച്ച ഇലവനെയാണ് അല്‍ ഇത്തിഹാദ് അണിനിരത്തിയത്. സൂപ്പര്‍താരം കരിം ബെന്‍സെമയെ ലീഡ് സ്ട്രൈക്കറായി ഉള്‍പ്പെടുത്തി. എന്‍ഗോലോ കാന്റെയും ഫാബിഞ്ഞോയുമായിരുന്നു മധ്യനിരയില്‍. മികച്ച പ്രകടനം നടത്തിയെങ്കിലും കരിം ബെന്‍സെമയ്ക്ക് ഗോള്‍ നേടാന്‍ സാധിച്ചില്ല. അതേസമയം സൂപ്പര്‍താരങ്ങള്‍ ഇനിയും സൗദിയിലേക്ക് എത്തും എന്നാണ് റിപ്പോര്‍ട്ട്.
പി എസ് ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയ്ക്കായി സൗദി ക്ലബുകള്‍ നോട്ടമിട്ടിരുന്നു. എന്നാല്‍ ഒടുവില്‍ ഇത് വിഫലമായി. എന്നാലും മറ്റ് പലതാരങ്ങളും സൗദി പ്രോ ക്ലബിലേക്ക് എത്തും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍-നാസര്‍ ടീമിലെത്തിച്ചതിന് പിന്നാലെയാണ് സൂപ്പര്‍താരങ്ങള്‍ കൂട്ടത്തോടെ യൂറോപ്പ് വിടാന്‍ തുടങ്ങിയത്.












Click it and Unblock the Notifications