മെസ്സിയുടെ കരിയര്‍ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഒരു സ്ത്രീ; ആരാണെന്ന് അറിയുമോ? ചെയ്ത ത്യാഗങ്ങള്‍ ഇങ്ങനെ
വാഷിംഗ്ടണ്‍: ഏതൊരു വ്യക്തിയുടെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീയുണ്ടാവുമെന്നാണ്. ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ജീവിതമെടുക്കാം. അദ്ദേഹത്തിന് വേണ്ടി സ്വന്തം ഭാര്യ കരിയറില്‍ വിട്ടുവീഴ്ച്ച ചെയ്തു. മക്കളെ നോക്കാനായി കരിയര്‍ ഉപേക്ഷിച്ച അഞ്ജലി, സച്ചിന്റെ കരിയറിന് വേണ്ടി വലിയ ത്യാഗമാണ് ചെയ്തത്. ഇത് പലപ്പോഴായി സച്ചിന്‍ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് അതുപോലെ ചര്‍ച്ചയായിരിക്കുന്നത് ഇതിഹാസ താരം മെസ്സിയുടെ ജീവിതത്തെ കുറിച്ചാണ്. അദ്ദേഹത്തിന്റെ ജീവിത വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ട്. അതാരാണെന്ന് അറിയാമോ? മറ്റാരുമല്ല മെസ്സിയുടെ ഭാര്യ അന്റോണെല്ലാ റോക്കുച്ചോ ആണ്. അവരെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ അര്‍ജന്റീന മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.മെസ്സിയുടെ ഭാര്യ അദ്ദേഹത്തേക്കാള്‍ മികച്ച ജീവിതം നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഡെന്റിസ്ട്രിയിലെ കരിയര്‍ അവര്‍ വേണ്ടെന്ന് വെക്കുകയായിരുന്നു.

മെസ്സിക്കും, കുട്ടികള്‍ക്കുമൊപ്പമായിരിക്കണം തന്റെ ജീവിതമെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ മികച്ചൊരു കരിയര്‍ അവര്‍ ഉപേക്ഷിച്ചത്. ഒരുപക്ഷേ മെസ്സിക്കായി ഇത്ര വലിയൊരു കരിയര്‍ അന്റോണെല്ല ഉപേക്ഷിച്ചിരുന്നില്ലെങ്കില്‍ മെസ്സിയുടെ കരിയറും, കുടുംബ ജീവിതവും ഇത്രത്തോളം മികച്ചതാവുമായിരുന്നില്ല. തിയാഗോ, മത്തേയോ, സിറോ, എന്നിങ്ങനെ മൂന്ന് കുട്ടികളാണ് മെസ്സി-അന്റോണെല്ല ദമ്പതിമാര്‍ക്കുള്ളത്. മെസ്സിയുടെ കരിയറില്‍ വലിയ സ്വാധീനം അന്റോണെല്ലയ്ക്കുണ്ടായിരുന്നു എന്ന് നേരത്തെ സഹകളിക്കാരും വെളിപ്പെടുത്തിയിട്ടുണ്ട്.
മെസ്സിയേക്കാള്‍ എത്രയോ വലിയ കുടുംബത്തിലാണ് അന്റോണെല്ല ജനിച്ചത്. സാമാന്യം നല്ല സാമ്പത്തിക ശേഷിയും അവരുടെ കുടുംബത്തിനുണ്ടായിരുന്നു. ഡെന്റിസ്ട്രിയില്‍ അവര്‍ക്ക് യൂണിവേഴ്‌സിറ്റി ഡിഗ്രിയുമുണ്ടായിരുന്നു. അതുകൊണ്ട് മികച്ച കരിയര്‍ അവര്‍ക്ക് മുന്നിലുണ്ടായിരുന്നു. എന്നാല്‍ അന്റോണെല്ല മെസ്സിയുടെ കരിയറിന് പിന്തുണ നല്‍കാന്‍ കൂടിയാണ്, തന്റെ കരിയര്‍ വേണ്ടെന്ന് വെച്ചത്.
ഇതിലൂടെ മെസ്സി ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരിലൊരാളായി മാറുകയും ചെയ്തു. അത് മാത്രമല്ല, മെസ്സിയുടെ ഗ്ലാമര്‍ ജീവിതത്തില്‍ പലപ്പോഴും അവര്‍ വിട്ടുനില്‍ക്കുന്നതാണ് കണ്ടത്. മത്സരങ്ങള്‍ കാണാനായി അവര്‍ വരാറുണ്ടെങ്കിലും, ആഘോഷ പരിപാടികളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് ചെയ്യാറുള്ളത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ അന്റോണെല്ല അറിയപ്പെടുന്ന സെലിബ്രിറ്റി കൂടിയാണ്. 36 മില്യണ്‍ ഫോളോവേഴ്‌സാണ് അന്റോണെല്ലയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.
മെസ്സിയും അന്റോണെല്ലയും തമ്മിലുള്ള പ്രണയം വളരെ കാലം നീണ്ടതായിരുന്നു. ഫുട്‌ബോള്‍ ലോകത്താകെ ഇത് ചര്‍ച്ചയായിരുന്നു. എന്നാല്‍ 2017ല്‍ മാത്രമാണ് ഇരുവരും വിവാഹിതരായത്. അര്‍ജന്റീനയിലെ റൊസാരിയോയില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. ബാഴ്‌സലോണയിലെ മെസ്സിയുടെ സഹകളിക്കാര്‍, അന്താരാഷ്ട്ര താരങ്ങള്‍, എന്നിവരായിരുന്നു ചടങ്ങിലെ അതിഥികള്‍. പാരീസിലായിരുന്നു ഇരുവരും ഇതുവരെ താമസിച്ചത്. പുതിയ ക്ലബിലേക്ക് മെസ്സി മാറിയതോടെ മയാമിയിലേക്കാണ് അന്റോണെല്ല അടക്കം താമസം മാറുന്നത്.












Click it and Unblock the Notifications