മയാമിയില്‍ 15 മില്യണിന്റെ 4 വീടുകള്‍; പുതിയ വീട് തേടി മെസ്സി, പ്രത്യേകതകള്‍ ഇങ്ങനെ
വാഷിംഗ്ടണ്‍: ഫുട്‌ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി അടുത്ത ദിവസം തന്നെ അമേരിക്കയിലെ ഫുട്‌ബോള്‍ ലീഗില്‍ ചേരാന്‍ പോവുകയാണ്. ആരാധകര്‍ അദ്ദേഹത്തെ വരവേല്‍ക്കാനും ഒരുങ്ങി കഴിഞ്ഞു. മെസ്സിയുടെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റിന് 900 യുഎസ് ഡോളര്‍ വരെയാണ് നിരക്ക്. എന്നാല്‍ യുഎസ്സില്‍ മെസ്സി പുതിയൊരു വീട് നോക്കി തുടങ്ങിയിരിക്കുകയാണ്.
തനിക്ക് താമസിക്കാന്‍ ഏറെ പ്രത്യേകതകള്‍ ഉള്ളൊരു വീടാണ് മെസ്സി അന്വേഷിക്കുന്നത്. ഇതിനോടകം മെസ്സിയുടെ വീടിനായുള്ള തിരച്ചില്‍ വലിയ വാര്‍ത്തയായി കഴിഞ്ഞു. താരത്തിന് വേറെ ധാരാളം വീടുകള്‍ ഇവിടെയുണ്ട്. അതിന് പുറമേയാണ് ഈ വീടും വാങ്ങുന്നത്. അതിന്റെ പ്രത്യേകതകള്‍ അറിയാം.ചുറ്റും വെള്ളത്തിനാല്‍ സൗന്ദര്യം തീര്‍ക്കുന്ന ഒരു വീടിനാണ് മെസ്സി ശ്രമിക്കുന്നത്.

മയാമിയില്‍ തന്നെ അത്തരമൊരു വീട് വേണമെന്നാണ് മെസ്സി ആവശ്യപ്പെട്ടിരിക്കുന്നത്. ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം മെസ്സിക്ക് മയാമിയില്‍ നേരത്തെ തന്നെ നാല് വീടുകള്‍ ഉണ്ട് എന്നതാണ്. ഇതിനെല്ലാം കൂടി 15 മില്യണ്‍ യൂറോ വില വരും. പക്ഷേ ഇതിലൊന്നും താമസിക്കേണ്ടെന്ന് താരം തീരുമാനിക്കുകയായിരുന്നു. പോര്‍ഷെ ഡിസൈന്‍ ടവറില്‍ മെസ്സിക്ക് നേരത്തെ തന്നെ ഒരു ആഢംബര അപ്പാര്‍ട്ട്‌മെന്റുണ്ട്. 4400 സ്‌ക്വയര്‍ മീറ്ററിലാണ് ഈ അപ്പാര്‍ട്ട്‌മെന്റുള്ളത്. കോളിന്‍സ് അവന്യൂവിലെ റെഗാലിയ ടവറിന്റെ ഒന്‍പതാ നില മൊത്തം മെസ്സി നേരത്ത സ്വന്തമാക്കിയതാണ്.
ട്രംപ് റോയല്‍ ടവറിലും മെസ്സിക്ക് സ്വന്തമായി വീടുണ്ട്. പോര്‍ഷെ ഡിസൈന്‍ ടവര്‍ ഏഴ് മില്യണ്‍ യൂറോയ്ക്കാണ് താരം സ്വന്തമാക്കിയത്. റെഗാലിയ ടവറിനായി 6 മില്യണ്‍ യൂറോയാണ് മെസ്സി മുടക്കിയത്. ട്രംപ് റോയല്‍ ഹോട്ടലിലെ ബാക്കിയുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ക്കെല്ലാം കൂടി എട്ട് ലക്ഷം യൂറോയാണ് താരം മുടക്കിയത്. അതേസമയം ജൂണ്‍ മുപ്പതിനാണ് പിഎസ്ജിയില്‍ മെസ്സിയുടെ കരാര്‍ തീര്‍ന്നത്. ഇതേ തുടര്‍ന്നാണ് ഫ്രീ ഏജന്റായി താന്‍ ഇന്റര്‍ മയാമിയില്‍ ചേരുമെന്ന് പറഞ്ഞത്.
നിലവില്‍ അവധിയാഘോഷത്തിലാണ് മെസ്സി. അതിന് ശേഷമാണ് അദ്ദേഹം അമേരിക്കന്‍ ക്ലബില്‍ ചേരുക. റിക്വല്‍മിയുടെ അവസാന മത്സരത്തില്‍ കളിച്ച ശേഷമാണ് മെസ്സി അവധിയാഘോഷിക്കാനായി പോയത്.അതേസമയം പിഎസ്ജിയില്‍ താന്‍ വലിയ ബുദ്ധിമുട്ട് അനുഭവിച്ചതായി മെസ്സി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദ്യ സീസണില്‍ 34 മത്സരങ്ങള്‍ കളിച്ച മെസ്സി ആകെ 11 ഗോളുകളും, 15 അസിസ്റ്റുകളും മാത്രമാണ് ചെയ്തിരുന്നത്.
മൊത്തം പ്രകടനം നോക്കുമ്പോഴും മെസ്സിയുടെ നിലവാരത്തിനൊത്ത പ്രകടനം പിഎസ്ജിയില്‍ ഉണ്ടായിരുന്നില്ല. പിഎസ്ജിയിലേക്ക് താന്‍ വന്നത് ആ ക്ലബിനെ ഇഷ്ടമായത് കൊണ്ടാണ്. ഒരുപാട് സുഹൃത്തുക്കള്‍ ഇവിടെയുണ്ട്. എനിക്കറിയാവുന്ന ഒരുപാട് ഡ്രെസ്സിംഗ് റൂമിലുണ്ട്. എന്നാല്‍ ഇവിടെ പൊരുത്തപ്പെടാന്‍ വല്ലാതെ ബുദ്ധിമുട്ടി. താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അതിന് സമയമെടുത്തുവെന്നും മെസ്സി പറഞ്ഞു.












Click it and Unblock the Notifications