ഒടുവില്‍ ഭാര്യയുടെ മുഖം 'വെളിപ്പെടുത്തി' ഇര്‍ഫാന്‍ പത്താന്‍..!, ഹൃദയഹാരിയായ കുറിപ്പും
ബറോഡ: എട്ടാം വിവാഹ വാര്‍ഷിക ദിനത്തില്‍ വൈകാരികമായ കുറിപ്പുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍താരം ഇര്‍ഫാന്‍ പത്താന്‍. ഭാര്യ സഫ ബെയ്ഗിനൊപ്പമുള്ള ചിത്രം പങ്ക് വെച്ചാണ് ഇര്‍ഫാന്‍ പത്താന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഇതാദ്യമായാണ് ഭാര്യയുടെ മുഖം ഇര്‍ഫാന്‍ പത്താന്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭാര്യക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കാറുണ്ടെങ്കിലും ഇര്‍ഫാന്‍ പത്താന്‍ അവരുടെ മുഖം മറയ്ക്കാറുണ്ടായിരുന്നു. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും താരം നേരിട്ടിരുന്നു. ഇപ്പോള്‍ ഭാര്യയുടെ മുഖം വെളിപ്പെടുത്തിയപ്പോള്‍ നിരവധി പേരാണ് ഇര്‍ഫാന്‍ പത്താനെ അഭിനന്ദിച്ച് കമന്റ് ചെയ്യുന്നത്. ഭാര്യയെ കുറിച്ച് ഹ്രസ്വമായ ഒരു കുറിപ്പ് പങ്ക് വെച്ച് കൊണ്ടാണ് പത്താന്റെ വിവാഹവാര്‍ഷിക ആശംസ.

'ഒരാത്മാവ് കൈകാര്യം ചെയ്ത അനന്തമായ വേഷങ്ങള്‍ - മൂഡ് ബൂസ്റ്റര്‍, കൊമേഡിയന്‍, ട്രബിള്‍ മേക്കര്‍, എന്റെ മക്കളുടെ സ്ഥിരം കൂട്ടാളി, സുഹൃത്ത്, അമ്മ. ഈ മനോഹരമായ യാത്രയില്‍ ഞാന്‍ നിന്നെ എന്റെ ഭാര്യ എന്ന നിലയില്‍ വിലമതിക്കുന്നു,' എന്നാണ് ഇര്‍ഫാന്‍ പത്താന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഇന്നലെയായിരുന്നു ഇര്‍ഫാന്‍ പത്താന്റേയും സഫ ബെയ്ഗിന്റേയും വിവാഹ വാര്‍ഷികം.
2016 ല്‍ ആണ് ഇര്‍ഫാന്‍ സഫയെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് ഇമ്രാന്‍, സുലൈമാന്‍ എന്നീ രണ്ട് ആണ്‍മക്കളുണ്ട്. നേരത്തെ ശിവാംഗി ദേവ് എന്ന് ഇന്തോ-ഓസ്‌ട്രേലിയന്‍ യുവതിയുമായി ഇര്‍ഫാന്‍ പത്താന് ബന്ധമുണ്ടായിരുന്നു. പത്ത് വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ ജ്യേഷ്ഠന്‍ യൂസഫ് പത്താന്റെ വിവാഹത്തിന് ശേഷമേ താന്‍ വിവാഹം കഴിക്കൂ എന്ന് ഇര്‍ഫാന്‍ പറഞ്ഞിരുന്നു.
അതിനിടയില്‍ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും 2012 ല്‍ പിരിയുകയുമായിരുന്നു. അതിന് ശേഷമാണ് ഹൈദരാബാദ് സ്വദേശിയും മോഡലുമായ സഫ ബെയ്ഗിനെ ഇര്‍ഫാന്‍ പത്താന്‍ വിവാഹം കഴിക്കുന്നത്. 2016 ഫെബ്രുവരി 3 ന് മക്കയില്‍ വെച്ചായിരുന്നു വിവാഹം. 2007 ലെ പ്രഥമ ടി 20 ലോകകപ്പ്, 2013 ലെ ഏകദിന ചാമ്പ്യന്‍സ് ട്രോഫി എന്നിവ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ഇര്‍ഫാന്‍ പത്താന്‍.
ഇന്ത്യയ്ക്കായി 29 ടെസ്റ്റില്‍ നിന്ന് 1305 റണ്‍സും 100 വിക്കറ്റും 120 ഏകദിനത്തില്‍ നിന്ന് 1544 റണ്‍സും 173 വിക്കറ്റും 24 ടി 20യില്‍ നിന്ന് 28 വിക്കറ്റും ഇര്‍ഫാന്‍ പത്താന്‍ സ്വന്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ക്രിക്കറ്റ് കമന്ററിയില്‍ സജീവമാണ് ഇര്‍ഫാന്‍ പത്താന്‍.












Click it and Unblock the Notifications