ഗാംഗുലിയുടെ വീട്ടില്‍ മോഷണം; സുപ്രധാനവിവരങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കാണാനില്ല! പരാതി
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി സി സി ഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ ഫോണ്‍ മോഷണം പോയി. ഗാംഗുലിയുടെ വീട്ടില്‍ വെച്ച് തന്നെയാണ് ഫോണ്‍ നഷ്ടപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ താരം താക്കൂര്‍പുക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്റെ ബാങ്ക് അക്കൗണ്ട് ആക്‌സസ്, വി ഐ പികളുടെ കോണ്‍ടാക്ട് നമ്പര്‍ എന്നിവ ഉള്‍പ്പടെ നിരവധി വിവരങ്ങളാണ് ഫോണില്‍ ഉള്ളത് എന്ന് ഗാംഗുലി അറിയിച്ചു.
ഫോണ്‍ മോഷണം പോയ സമയത്ത് ഗാംഗുലിയുടെ വീട്ടില്‍ പെയിന്റിംഗ് ജോലികള്‍ നടന്നിരുന്നുവെന്നും ഉടന്‍ തന്നെ തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 1.6 ലക്ഷം രൂപ വിലമതിക്കുന്ന ഫോണ്‍ ആണ് നഷ്ടപ്പെട്ടിരിക്കുന്നത്. രണ്ട് 5 ജി സിം കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യുന്ന ഫോണാണ് ഗാംഗുലി ഉപയോഗിച്ചിരുന്നത്. വീട്ടില്‍ നിന്ന് തന്നെയാണ് ഫോണ്‍ മോഷ്ടിക്കപ്പെട്ടത് എന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നു എന്നാണ് ഗാംഗുലി പറയുന്നത്.

'ഫോണ്‍ കണ്ടെത്താന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ നഷ്ടപ്പെട്ടതില്‍ അഗാധമായ ആശങ്കയുണ്ട്. കാരണം. ഫോണില്‍ പ്രധാനപ്പെട്ട കോണ്‍ടാക്റ്റ് നമ്പറുകളും വ്യക്തിഗത വിവരങ്ങളിലേക്കും അക്കൗണ്ടുകളിലേക്കും ആക്സസും ഉണ്ട്. ഫോണ്‍ കണ്ടെത്താനോ ഉചിതമായ നടപടിയെടുക്കാനോ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,' ഗാംഗുലി തന്റെ പരാതിയില്‍ പറഞ്ഞു.
ഫോണ്‍ വീണ്ടെടുക്കാനും തന്റെ സ്വകാര്യ വിവരങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാനും ഗാംഗുലി അധികൃതരോട് അഭ്യര്‍ത്ഥിച്ചു. മോഷണം നടക്കുമ്പോള്‍ ഗാംഗുലി വീടിന് പുറത്തായിരുന്നു. ശനിയാഴ്ച തന്റെ വീട്ടിലെ ഒരു പ്രത്യേക സ്ഥലത്ത് ഫോണ്‍ വെച്ചാണ് താന്‍ വീട്ടില്‍ നിന്ന് പോയത് എന്ന് ഗാംഗുലി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഈ സമയം വീട്ടിലുണ്ടായിരുന്ന എല്ലാവരേയും പൊലീസ് ചോദ്യം ചെയ്യും.
ഗാംഗുലി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അതേസമയം ഗാംഗുലിയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ് എന്ന് താക്കൂര്‍പൂര്‍ പൊലീസ് പറഞ്ഞു. എന്നാല്‍ ഫോണ്‍ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ചോ എന്ന് ഇതുവരെ വ്യക്തമല്ല. സൗരവ് ഗാംഗുലിയുടെ കൊല്‍ക്കത്തയിലെ ബെഹാല വസതിയില്‍ വെച്ചാണ് ഫോണ്‍ നഷ്ടപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഐ പി എല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്രിക്കറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികയാണ് സൗരവ് ഗാംഗുലി.












Click it and Unblock the Notifications