ഹീത്ത് സ്ട്രീക്ക് ജീവനോടെയിരിക്കുന്നു; മരണവാര്‍ത്ത തള്ളി ഒലോംഗ
ഹരാരെ: സിംബാബ്വെവെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്കിന്റെ മരണം സംബന്ധിച്ച വാര്‍ത്തകള്‍ തള്ളി മുന്‍ സഹതാരം ഹെന്റി ഒലോംഗ. ഹീത്ത് സ്ട്രീക്ക് ജീവനോടെയുണ്ടൈന്നും പ്രചരിക്കുന്നത് കിംവദന്തികളാണെന്നും ഒലോംഗ പറഞ്ഞു. ഹീത്ത് സ്ട്രീക്കുമായുള്ള മെസേജിന്റെ സ്‌ക്രീന്‍ഷോട്ടും ഹെന്റി ഒലോംഗ പങ്ക് വെച്ചിട്ടുണ്ട്. തന്റെ എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെക്കുറിച്ചുള്ള കിംവദന്തികള്‍ അതിശയോക്തിപരമാണെന്ന് എനിക്ക് സ്ഥിരീകരിക്കാന്‍ കഴിയും. ഞാന്‍ അദ്ദേഹത്തില്‍ നിന്ന് തന്നെ അത് കേട്ടു. തേര്‍ഡ് അമ്പയര്‍ അവനെ തിരികെ വിളിച്ചു. അവന്‍ ജീവിച്ചിരിപ്പുണ്ട്,' എന്നാണ് ഹെന്റി ഒലോംഗയുടെ ട്വീറ്റ്.

നേരത്തെ ക്യാന്‍സര്‍ ബാധിതനായ ഹീത്ത് സ്ട്രീക്ക് മരണത്തിന് കീഴടങ്ങിയതായി വാര്‍ത്തകള്‍ വന്നിരുന്നു. വന്‍കുടലിലെയും കരളിലെയും അര്‍ബുദത്തിന് ദക്ഷിണാഫ്രിക്കയില്‍ ചികിത്സയിലായിരുന്നു ഹീത്ത് സ്ട്രീക്ക്. ഇതിന് പിന്നാലെ അദ്ദേഹം മരിച്ചുവെന്നാണ് സുഹൃത്തുക്കളേയും അടുത്ത ബന്ധുക്കളേയും ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഒലോംഗയും ഇക്കാര്യം പങ്ക് വെച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വിവരം തെറ്റായിരുന്നു എന്ന് സ്ഥിരീകരിച്ച് ഒലോംഗ തന്നെ രംഗത്തെത്തിയത്. നിലവിലെ സിംബാബ്വെ ക്യാപ്റ്റന്‍ ഷോണ്‍ വില്യംസും ഹീത്ത് സ്ട്രീക്കിന്റെ ' മരണത്തില്‍' അനുശോചനം രേഖപ്പെടുത്തിയിരുന്നു. മുന്‍ സിംബാബ്വെ ക്രിക്കറ്റ് ടീം നായകനായ ഹീത്ത് സ്ട്രീക്ക് 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. രണ്ട് ഫോര്‍മാറ്റുകളിലും അവരുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് സ്ട്രീക്ക്.
ഏകദിനത്തില്‍ 216 വിക്കറ്റും ടെസ്റ്റില്‍ 239 വിക്കറ്റും നേടിയിട്ടുണ്ട്. 1993 ല്‍ പാകിസ്ഥാനെതിരെയാണ് ടെസ്റ്റ് അരങ്ങേറ്റം. അതേവര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തിലും അരങ്ങേറി. ടെസ്റ്റില്‍ 2005 ല്‍ ഇന്ത്യയ്‌ക്കെതിരെയാണ് അവസാന മത്സരം കളിച്ചത്. ഏകദിനത്തില്‍ അതേവര്‍ഷം ന്യൂസിലാന്റിനെതിരെ അവസാന മത്സരം കളിച്ചു.












Click it and Unblock the Notifications