ഫ്രന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു; വിടവാങ്ങുന്നത് ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം
ബര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു. 78 വയസായിരുന്നു. ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായി അറിയപ്പെടുന്ന ബെക്കന്‍ബോവര്‍ ലോകകപ്പ് ജേതാവ് കൂടിയാണ്. 'ഡെര്‍ കൈസര്‍' എന്ന് വിളിപ്പേരുള്ള ബെക്കന്‍ബോവര്‍ 1974-ല്‍ ലോകകപ്പ് നേടിയ പശ്ചിമ ജര്‍മ്മനി ടീമിന്റെ ക്യാപ്റ്റനായിരുന്നു. പരിശീലകന്‍ എന്ന നിലയിലും ലോകകിരീടം നേടാന്‍ ബെക്കന്‍ബോവറിന് സാധിച്ചിരുന്നു.
70 കളുടെ മധ്യത്തില്‍ ബയേണ്‍ മ്യൂണിക്കിനൊപ്പം യൂറോപ്യന്‍ കപ്പുകളുടെ ഹാട്രിക്ക് ഉള്‍പ്പെടെ നിരവധി ബഹുമതികളും അദ്ദേഹം നേടി. പടിഞ്ഞാറന്‍ ജര്‍മ്മനിയുടെയും ബയേണ്‍ മ്യൂണിക്കിന്റെയും മൈതാനത്ത് ബെക്കന്‍ബോവര്‍ ഒരു മികച്ച ആധിപത്യ സാന്നിധ്യമായിരുന്നു. പശ്ചിമ ജര്‍മനിക്ക് വേണ്ടി 103 മത്സരങ്ങള്‍ കളിച്ച ബെക്കന്‍ബോവര്‍ മൂന്നു ലോകകപ്പുകളില്‍ ദേശീയ കുപ്പായമണിഞ്ഞു. ടീം മാനേജരെന്ന നിലയിലും ബെക്കന്‍ബോവര്‍ ലോകകപ്പ് നേടിക്കൊടുത്തു.

ബയേണ്‍ മ്യൂണിക്കിന് യുവേഫ കപ്പും മൂന്ന് യൂറോപ്യന്‍ കപ്പും നേടിക്കൊടുത്ത താരമാണ് അദ്ദേഹം. ഫിഫയുടെ എക്കാലത്തേയും മികച്ച 100 കളിക്കാരുടെ പട്ടികയിലും സ്വപ്നടീമിലും ഇടം പിടിച്ച താരം കൂടിയാണ് ബെക്കന്‍ബോവര്‍. തന്റെ മൂന്നാ ലോകകപ്പിലാണ് ബെക്കന്‍ബോവര്‍ കിരീടം നേടിയത്. ആദ്യ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ജര്‍മനി ഏകപക്ഷീയമായ അഞ്ച് ഗോളിന് ജയിച്ചപ്പോള്‍ രണ്ട് ഗോളും നേടിയത് ബെക്കന്‍ബോവര്‍ ആയിരുന്നു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വേക്കെതിരായും ഗോള്‍ നേടി. സെമി ഫൈനലില്‍ അന്നത്തെ സോവിയറ്റ് യൂണിയനെ തോല്‍പ്പിച്ച് ഫൈനലില്‍ എത്തിയെങ്കിലും കലാശപ്പോരില്‍ വീണു. ഗോര്‍ഡന്‍ ബാങ്ക്സും ബോബി മൂറും ബോബി ചാള്‍ട്ടനും ഉള്‍പ്പെട്ട ആതിഥേയരായ ഇംഗ്ലണ്ടിനോടായിരുന്നു തോല്‍വി. അടുത്ത ലോകകപ്പില്‍ പശ്ചിമ ജര്‍മനി അനായാസം ക്വാര്‍ട്ടറിലേക്ക് മുന്നേറി. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനോട് പഴയ കണക്ക് തീര്‍ത്തു.
അന്നും ബെക്കന്‍ബോവര്‍ ഗോള്‍ നേടി. സെമിയില്‍ എതിരാളികള്‍ ഇറ്റലി. നൂറ്റാണ്ടിന്റെ മത്സരം എന്ന് പേര് ആ സെമിയില്‍ ജര്‍മനി വീണു. ആ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു ജര്‍മനി ഫിനിഷ് ചെയ്തത്. എന്നാല്‍ 1974 ലെ അടുത്ത ലോകകപ്പില്‍ പശ്ചിമ ജര്‍മനിയും ബെക്കന്‍ബോവറും കീഴടങ്ങാന്‍ ഒരുക്കമല്ലായിരുന്നു. സൂപ്പര്‍താരം ക്രൈഫിന്റെ ഹോളണ്ടിനെ ഫൈനലില്‍ വീഴ്ത്തി രണ്ട് തവണയും കൈയെത്തും ദൂരെ നഷ്ടമായ ലോകകപ്പ് ബെക്കന്‍ബോവര്‍ സ്വന്തമാക്കി.












Click it and Unblock the Notifications