'ആദ്യം ടീമില്‍ നിന്ന്, പിന്നെ കരാറില്‍ നിന്ന്..' ; ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെ കുറിച്ച് വിഹാരി
ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശേഷം ഇന്ത്യന്‍ ടീമിലെ ആരും ഇക്കാലം വരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് ഹനുമ വിഹാരി. അതില്‍ നിരാശയുണ്ടെങ്കിലും നിലവില്‍ രഞ്ജി ട്രോഫിയില്‍ റണ്‍സ് നേടുന്നതിലാണ് തന്റെ ശ്രദ്ധയെന്നും ഹനുമ വിഹാരി പറഞ്ഞു. 2022ല്‍ ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നടന്ന ടെസ്റ്റ് മത്സരത്തിലാണ് ഹനുമ വിഹാരി അവസാനമായി ഇന്ത്യക്കായി കളിച്ചത്.
അതിനുശേഷം അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കി. ഇന്ത്യക്കായി 16 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിഹാരി 33.56 ശരാശരിയില്‍ 839 റണ്‍സ് നേടിയിട്ടുണ്ട്. എന്നിരുന്നാലും ടീമില്‍ സ്ഥിരതയുള്ള അവസരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചില്ല. കഴിഞ്ഞ വര്‍ഷം ബിസിസിഐ പുറത്തിറക്കിയ താരങ്ങളുടെ കേന്ദ്ര കരാര്‍ പട്ടികയില്‍ നിന്നും ഹനുമ വിഹാരിയെ ഒഴിവാക്കുകയും ചെയ്തിരുന്നു.

തന്റെ ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ആന്ധ്രാ ബാറ്റര്‍ അടുത്തിടെ രഞ്ജി ട്രോഫിയിലെ ആഭ്യന്തര ടീമിന്റെ നായകസ്ഥാനവും ഉപേക്ഷിച്ചു. ''ഞാന്‍ ടെസ്റ്റ് ടീമില്‍ ഇല്ലാത്തതില്‍ എനിക്ക് സങ്കടവും നിരാശയും തോന്നുന്നു. പക്ഷേ എല്ലാവരും ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോകുന്നു. ഇപ്പോള്‍ എന്റെ ജോലി രഞ്ജി ട്രോഫിയില്‍ റണ്‍സ് നേടുക എന്നതാണ്,' ഹനുമ വിഹാരി പറഞ്ഞു.
ടീമിനും തനിക്കും ഈ സീസണ്‍ മികച്ചതായിരുന്നു. അതിനാല്‍ ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്ത് ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരാന്‍ ശ്രമിക്കുക എന്നതാണ് ആഗ്രഹം എന്നും ഹനുമ വിഹാരി ഇ എസ് പി എന്‍ ക്രിക്ക്ഇന്‍ഫോയോട് പറഞ്ഞു. തന്നെ പുറത്താക്കിയതിന് ശേഷം ടീം ഇന്ത്യയില്‍ നിന്നുള്ള ആരുമായും ആശയവിനിമയം നടത്തിയിട്ടില്ലെന്നും ഹനുമ വിഹാരി കൂട്ടിച്ചേര്‍ത്തു.
''അടുത്തിടെ ആരും എന്നോട് സംസാരിച്ചിട്ടില്ല. പക്ഷേ എന്റെ അവസാന ടെസ്റ്റിന് ശേഷം രാഹുല്‍ ദ്രാവിഡ് എന്നോട് സംസാരിച്ചു. എനിക്ക് എന്തൊത്തെ മെച്ചപ്പെടുത്താനുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷേ അതിനുശേഷം ഞാന്‍ ആരുമായും ബന്ധപ്പെട്ടിട്ടില്ല,'' ഹനുമ വിഹാരി പറഞ്ഞു. തന്റെ കളി മെച്ചപ്പെടുത്തുകയും ടീമിനെ വിജയിപ്പിക്കുകയും ചെയ്യുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും താരം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ എന്റെ കളി മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും അത് ആസ്വദിക്കുന്നതിനെക്കുറിച്ചും മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്. ഞാന്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ ഒരു ലക്ഷ്യവും ബാക്കിയില്ല. ഞാന്‍ മധ്യനിരയിലേക്ക് പോകുമ്പോള്‍, ടീമിനായി എന്റെ പരമാവധി ചെയ്യാനും റണ്‍സ് നേടാനും ഞാന്‍ ആഗ്രഹിക്കുന്നു, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ പ്രതീക്ഷകളില്ലാത്ത ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത് എന്നും താരം വ്യക്തമാക്കി.












Click it and Unblock the Notifications