അമ്പയറോട് കലിപ്പ്; ഫീല്‍ഡില്‍ ഇറങ്ങല്‍, ധോണി കട്ട കലിപ്പാണ്; ഈ 'തല'യെ ആരും കണ്ടിട്ടുണ്ടാവില്ല
ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂള്‍ എന്ന് അറിയപ്പെടുന്ന മഹേന്ദ്ര സിംഗ് ധോണി ഇന്ന് 42ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സമ്മര്‍ദ ഘട്ടങ്ങളില്‍ കൂളായി നിന്ന് തീരുമാനങ്ങള്‍ എടുക്കുന്നത് കൊണ്ടാണ് ധോണി അങ്ങനെ ഒരു പേര് കിട്ടിയത്. പക്ഷേ ധോണി പറയുന്നത് പോലെ അത്ര കൂളാണോ? ഒരിക്കലുമല്ല. പലതവണ ധോണിയെ തേടി വിവാദങ്ങള്‍ എത്തിയിട്ടുണ്ട്.
ധോണിയുടെ കളത്തിലെ ചില നടപടികള്‍ ശരിക്കും പല താരങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്.പല താരങ്ങളുടെയും കരിയര്‍ തന്നെ നശിപ്പിച്ചുവെന്ന വിവാദങ്ങള്‍ ധോണിയുടെ തുടക്ക കാലത്ത് തന്നെ നേരിട്ടിരിക്കുന്നു. അങ്ങനെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത് മുതല്‍ ധോണി വിവാദ നായകന്‍ കൂടിയാണ്. അത്തരത്തില്‍ ധോണിയെ കുപ്രസിദ്ധനാക്കിയ ചില സംഭവങ്ങള്‍ ഏതെല്ലാം എന്ന് നോക്കാം.

അമ്പയര്‍മാര്‍ വരെ ഞെട്ടി
2019 ഐപിഎല്‍ സീസണിലാണ് ധോണി അമ്പയര്‍മാരെ പോലും ഞെട്ടിച്ച സംഭവം നടന്നത്. രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരം നടക്കുമ്പോഴായിരുന്നു ഇത്. സിഎസ്‌കെയ്ക്ക് മൂന്ന് പന്തില്‍ 8 റണ്‍സായിരുന്നു വേണ്ടത്. ഇതിനിടെ ബെന്‍ സ്റ്റോക്‌സ് എറിഞ്ഞ പന്ത് നോബോളാണെന്ന് അമ്പയര്‍ വിധിച്ചു.
എന്നാല്‍ സ്‌ക്വയര്‍ ലെഗ് അമ്പയര്‍ നോബോള്‍ വിളിച്ചിരുന്നില്ല. ഇതോടെ തീരുമാനം തിരുത്തിയിരുന്നു. ഇതോടെ ധോണി ഡഗൗട്ടില്‍ നിന്ന് ഫീല്‍ഡിലേക്ക് ഓടിയെത്തി. അമ്പയര്‍മാരുമായി ധോണി തര്‍ക്കിക്കുകയും ചെയ്തു. ഈ വിവാദ സംഭവം ധോണിക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ സമ്മാനിച്ചതാണ്.
സിഎസ്‌കെ വിവാദം
ധോണിയുടെ കരിയറിലെ ഏറ്റവും വലിയ വിവാദമായിരുന്നു സിഎസ്‌കെ വാതുവെപ്പ് വിവാദത്തില്‍ കുരുങ്ങിയത്. സിഎസ്‌കെയുടെ ഉടമ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ധോണിയും ആ സമയം ചോദ്യം ചെയ്യപ്പെട്ടിരുന്നു.
അഭിഭാഷകര്‍ ധോണി സത്യസന്ധത പുലര്‍ത്തിയില്ലെന്ന് ആരോപിച്ചിരുന്നു. രണ്ട് സീസണുകള്‍ വിലക്കിനെ തുടര്‍ന്ന് സിഎസ്‌കെയ്ക്ക് കളിക്കാനായില്ല. ധോണിയും ഇതോടെ വിവാദ നായകനായി.
സീനിയേഴ്‌സിനെ തഴഞ്ഞു
സീനിയറായ താരങ്ങളെ 2011-12 വര്‍ഷത്തില്‍ സിബി സീരീസില്‍ നിന്ന് ധോണി പുറത്തിരുത്തിയിരുന്നു. ഓസ്‌ട്രേലിയയില്‍ നടന്ന പരമ്പരയായിരുന്നു ഇത്. ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരായിരുന്നു ടീമിന് പുറത്തായത്.
ഇവര്‍ ഫീല്‍ഡില്‍ വേഗത ഇല്ലാത്തവരെന്നും ധോണി പറഞ്ഞിരുന്നു. ആ പരമ്പരയില്‍ ഇന്ത്യ ആകെ മൂന്ന് വിജയമാണ് നേടിയത്. ഫൈനലിലേക്ക് യോഗ്യതയും നേടിയില്ല. തുടര്‍ന്ന് ഗംഭീര്‍ അടക്കം ധോണിക്കെതിരെ രംഗത്ത് വന്നിരുന്നു.
ഭിന്നതാല്‍പര്യ പ്രശ്‌നങ്ങള്‍
ഭിന്നതാല്‍പര്യ പ്രശ്‌നങ്ങളും ധോണി നേരിട്ടിരുന്നു. റിതി സ്‌പോര്‍ട്‌സില്‍ ധോണിക്കുള്ള ഓഹരിയായിരുന്നു പ്രശ്‌നം. ഇവര്‍ തന്നെയാണ് സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, പ്രഗ്യാന്‍ ഓജ എന്നിവരുടെ സ്‌പോണ്‍സര്‍മാര്‍. ഇത് 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി ഉയര്‍ന്ന് വന്ന വിവാദമാണ്.
ടീം സെലക്ഷനില്‍ ചില താരങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുവെന്നും ധോണിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. ആ സമയം എല്ലാ ഫോര്‍മാറ്റിലും ധോണിയായിരുന്നു ക്യാപ്റ്റന്‍. മുന്‍ താരങ്ങളെല്ലാം ധോണിയുമായി ഉണ്ടായ വിവാദത്തില്‍ അസ്വസ്ഥരായിരുന്നു.
യുവരാജിനെ ഒതുക്കിയോ?
യുവരാജിന് വേണ്ട വിധത്തില്‍ ധോണി പിന്തുണച്ചില്ലെന്ന വിവാദവും ക്യാപ്റ്റന്‍ കൂള്‍ നേരിട്ടിരുന്നു. പിതാവ് യോഗ് രാജ് സിംഗാണ് ആരോപണം ഉന്നയിച്ചത്. ധോണിയെ പറ്റി പലരും എന്നോട്ട് പറഞ്ഞിരുന്നു. ഞാന്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ധോണിയെ പോലെ ഒരു മോശം വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല.
ക്രിക്കറ്റ് താരങ്ങള്‍ പറഞ്ഞപ്പോഴാണ് അത് മനസ്സിലായതെന്നും യോഗ് രാജ് പറഞ്ഞു. എന്നാല്‍ ധോണി ഇതിനോട് പ്രതികരിച്ചിരുന്നു. ശ്രീശാന്തിന്റെ പിതാവും ഇതുപോലെ തന്റെ മകന്റെ കരിയര്‍ ധോണിയും ഹര്‍ഭജനും തകര്‍ക്കുന്നതായി ആരോപിച്ചിരുന്നു.
ടീമിലെ പ്രശ്‌നങ്ങള്‍
സൗരവ് ഗാംഗുലിയെയും, രാഹുല്‍ ദ്രാവിഡിനെയും ഏകദിന ടീമില്‍ നിന്ന് മാറ്റിയത് ധോണിയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. 2009 ടി20 ലോകകപ്പിന് മുമ്പ് ധോണിയും, വൈസ് ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായും സ്ഥിരീകരിക്കപ്പെട്ടിരുന്നു.
ധോണിക്കെതിരെ ക്രിമിനല്‍ കേസ്
മതവികാരം വ്രണപ്പെടുത്തിയതിന് 2015ല്‍ ധോണിക്കെതിരെ ക്രിമിനല്‍ കേസെടുത്തിരുന്നു. ഒരു മാഗസിന്‍ കവറില്‍ പ്രത്യക്ഷപ്പെട്ടതിനായിരുന്നു കേസ്. ധോണി ഇതില്‍ സുപ്രീം കോടതിയെ സമീപിച്ചു.
തന്നെ മാനസികമായി ബുദ്ധിമുട്ടിക്കാനുള്ളതാണ് ഈ കേസെന്ന് ധോണി വാദിച്ചു. ഒടുവില്‍ കോടതി ധോണിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചു. 2016ല്‍ കേസ് കോടതി തള്ളി.
ഐപിഎല്ലില്‍ പിഴയീടാക്കി
2015ല്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ ക്വാളിഫയറില്‍ ഡ്വെയിന്‍ സ്മിത്ത് ആദ്യ ഓവറില്‍ തന്നെ പുറത്തായി. എന്നാല്‍ ഈ തീരുമാനം തെറ്റായിരുന്നു. ധോണി വളരെ മോശം എന്നാണ് ഈ തീരുമാനത്തെ മത്സര ശേഷം വിശേഷിപ്പിച്ചത്. താരത്തിന് പത്ത് ശതമാനം മാച്ച് ഫീയാണ് പിഴ ലഭിച്ചത്.












Click it and Unblock the Notifications